ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയ്‌ക്കെതിരെ വ്യാജ വിവരം നല്‍കിയ ആളെ കണ്ടെത്തി

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയ്‌ക്കെതിരെ വ്യാജ വിവരം നല്‍കിയ ആളെ കണ്ടെത്തി

തൃശൂര്‍: ചാലക്കുടിയിലെ ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ എല്‍ എസ് ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ എക്‌സൈസിന് വ്യാജ വിവരം നല്‍കിയ ആളെ കണ്ടെത്തി.

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണ് എക്‌സൈസിന് വിവരം നല്‍കിയത്. നാരായണദാസിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്ത് ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നാരായണദാസിനോട് ഈ മാസം 8 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

2023 ഫെബ്രുവരി 27നാണ് ചാലക്കുടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ലഹരി വില്‍പന നടത്തുകയാണെന്നും പാര്‍ലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്‌സൈസ് അന്ന് വ്യക്തമാക്കിയിരുന്നു.

എല്‍ എസ് ഡി സ്റ്റാംപുകള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരമാണ് ലഭിച്ചതെന്നും എക്‌സൈസ് പറയുന്നു. ഷീലയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഉള്ളിലെ ചെറിയ അറയില്‍ 12 സ്റ്റാംപുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നും സ്റ്റാംപുകള്‍ കാക്കനാട് റീജനല്‍ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റ് കോളിലൂടെയാണ് ചാലക്കുടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രഹസ്യ വിവരം ലഭിച്ചത്. എന്നാല്‍ പിന്നീട് ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്‌ക്കോടതികളില്‍നിന്ന് ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടി മേയ് 10നാണ് ഷീല സണ്ണി പുറത്തിറങ്ങിയത്.