ജീവിതത്തിൽ ആദ്യമായൊരു കപ്പൽ യാത്ര. Mary Alex ( മണിയ )

ജീവിതത്തിൽ ആദ്യമായൊരു കപ്പൽ യാത്ര. Mary Alex ( മണിയ )

രു കപ്പൽ യാത്ര  എന്റെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു.വിരലിലെണ്ണാൻ ബോട്ട് യാത്രകൾ ചെയ്തിട്ടുണ്ട്, ജങ്കാറിൽ കയറിയിട്ടുണ്ട്. സഹോദരിമാർ ഇതര സംസ്ഥാനങ്ങളിൽ ആയതുകൊണ്ട് ട്രെയിനിലും.മക്കൾ മൂവർ മൂന്നു രാജ്യങ്ങളിലായി ഉള്ളതു കൊണ്ടും യിസ്രായേൽ ഈജിപ്റ്റ് യാത്രകൾ ചെയ്തതുകൊണ്ടും വിമാനയാത്ര അതിനനുസരിച്ചു നടത്തുവാൻ സാധിച്ചു. ഇതു മാത്രം ആശ തീരാതെ കിടന്നു, 'ഒരു മുത്തശ്ശി ഗദ' യിലെ മുത്തശ്ശിയുടെ ആശ പോലെ. മകന്റെ അമ്മായിഅമ്മ. സ്വന്തം സഹപാഠി കൂടിയായ  കൂട്ടുകാരി,വിനോദയാത്ര പോയ മകന്റെയും കുടുംബത്തിന്റെയും അഭാവത്തിൽ  ആ അമ്മയ്ക്ക് കൂട്ടായി കടന്നു ചെന്ന്,വെട്ടാൻ നിൽക്കുന്ന പോത്തിനെപ്പോലെ കടുത്ത മനസ്സും പഴഞ്ചൻ ചിന്താഗതികളുമായി കഴിഞ്ഞ ആ സ്ത്രീയെക്കൊണ്ട് , അവരുടെ കഥകൾ പറയിച്ച്, അവരെക്കൊണ്ടു തന്നെ സ്വന്തം ആഗ്രഹങ്ങൾ എഴുതിപ്പിച്ച് ഒന്നൊന്നായ് പ്രാവർത്തികമാക്കുന്ന  ഒരു സിനിമ.    
       ഞാനും ഏകദേശം ആ രീതി അവലംബിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഒരു റിട്ടയേർഡ് കേരളാ ഗവണ്മെന്റ് ജീവനക്കാരി.  
ഇനി യാത്രയിലേക്ക് വരാം. ഇങ്ങനെ ഒരു യാത്ര എന്റെ മനസ്സിലെ ആഗ്രഹമാണെന്ന് ഞാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ള ഒരാളോട് പറഞ്ഞിരുന്നു.നമുക്ക് തരമാക്കാം എന്ന് ആ വ്യക്തിയും വാക്കു തന്നു. എന്നാൽ അതു നടക്കുന്നതിനു മുൻപു തന്നെ അങ്ങനെ ഒരു യാത്ര ഞങ്ങളുടെ സഭയുടെ കെയർ ഓഫിൽ  ദൈവം വഴി തെളിച്ചു. ഓരോ പള്ളിക്കും ഭക്ത സംഘടനകൾ ഉണ്ട്, സ്ത്രീകൾക്ക്, പുരുഷന്മാർക്ക്, യുവജനങ്ങൾക്ക് കൊച്ചു കുട്ടികൾക്ക് അങ്ങനെ. ഞങ്ങളുടെ സംഘടനയായ വിശുദ്ധ മർത്തമറിയം വനിതാ സമാജം എന്ന സംഘടനയുടെ കോട്ടയം ഭദ്രാസനമാണ് ഈ യാത്രക്ക് കളമൊരുക്കിയത്. ഒരോ ഭദ്രാസനത്തിന്റെയും കീഴിൽ പല പള്ളികൾ ഉണ്ടാവും. ഞങ്ങൾ പതിനൊന്നു പള്ളിക്കാർക്കാണ് ഈ അവസരം ലഭിച്ചത്. ഒരോരുത്തർക്കുമുള്ള എൻട്രി ഫീസും കോട്ടയത്തുനിന്ന് കൊച്ചിയിൽ ബോൾഗാട്ടി ജെട്ടി വരെയുള്ള ട്രാൻസ്‌പോർട്ടേഷനും ഇടയ്ക്കുള്ള ഒരു ഭക്ഷണവും കണക്കാക്കി ഒരാൾക്ക് 3000/-രൂപ .അഫോർഡ് ചെയ്യാൻ പറ്റുന്നവരും പോകാൻ താൽപര്യമുള്ളവരുമായി പലരും ഉണ്ടായിരുന്നു. എങ്കിലും കപ്പലിന് ഒരു ട്രിപ്പിൽ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ലിമിറ്റ് ഉണ്ടല്ലോ. ആ ലിമിറ്റ് തികഞ്ഞതു കൊണ്ട്   ഞങ്ങൾ ആറു പേർക്കു മാത്രമേ അതിന് ചാൻസ് കിട്ടിയുള്ളു. ഒരു വിനോദസഞ്ചാരം എന്ന നിലയിൽ അതിൽ എന്റെ ഭർത്താവും, തിരുവഞ്ചൂർ ജുവനയിൽ ഹോം റിട്ടയേർഡ് സൂപ്രണ്ടുമായ പി കെ അലക്സാണ്ടർക്കുംഞങ്ങളുടെ ബന്ധുക്കാരി ശോശാമ്മ തോമസിനും അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു, ദൈവത്തെ മഹത്വപ്പെടുത്തുന്നു.


  നാലു ബസ്സുകളിലായാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്.31 - 1 - 24 വെളുപ്പിന് 5.30 ക്ക്‌ കോട്ടയം സെന്റ് ജോസഫ് പള്ളിയുടെ മുൻപിൽ നിന്ന് ബസ്സുകൾ പുറപ്പെടുമെന്ന അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും
എറണാകുളത്തിനുള്ള റൂട്ട് ഇതു വഴിയുമാകാമെന്നതുകൊണ്ടും ബ്രേക്ക്‌ ഫാസ്റ്റിനുള്ള സാധനങ്ങൾ മണർകാട്ടുനിന്നു വണ്ടികളിൽ   കയറ്റേണ്ടതുണ്ടായിരുന്നതുകൊണ്ടും ബസ്സുകൾ ഞങ്ങളുടെ വീട്ടു പടിക്കൽ കൂടിയാണ് കടന്നു പോയത്. എല്ലാറ്റിനും ഉപരി ഞങ്ങളുടെ അയല്പക്കപള്ളിയിൽ നിന്നുള്ള ഒരു സമാജാംഗമായ   സിനു കളപ്പുരക്കൽ ഭദ്രാസനസമാജ ഭാരവാഹികളിൽ ഒരാളും ടൂർ കോർഡിനേറ്ററും കൂടി ആയിരുന്നു.
       സ്ത്രീകൾക്ക് ദൂരയാത്രയിൽ ടോയ്ലറ്റ് സൗകര്യം അനിവാര്യമാണല്ലോ. അതിനായി പലരും,ചായ ആവശ്യം ഇല്ലെങ്കിൽ പോലും ഹോട്ടലുകളെ ആശ്രയിക്കാറുണ്ട്. ഞങ്ങൾ അതിന് പകരം പേരു കേട്ട പെരുമ്പള്ളിപ്പള്ളിയെ ആണ് ആശ്രയിച്ചത്. വണ്ടി പാർക്ക്‌ ചെയ്യാനും കയ്യിലുള്ള ഭക്ഷണം എടുത്തുവച്ചു കഴിക്കാനും മേൽ പറഞ്ഞ കാര്യത്തിനും സൗകര്യം. സർവ്വോപരി ആ പള്ളിയിൽ കബറടങ്ങിയിരിക്കുന്നത് സഭയിലെ ഉന്നതനായ ഒരു തിരുമേനിയും. പെരുമ്പള്ളിത്തിരുമേനി എന്ന പേരിൽ അറിയപ്പെടുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി,ഞങ്ങളുടെ സ്വന്തം നാട്ടുകാരനും. ഒന്നു കയറി തല വണങ്ങി,കാണിക്ക സമർപ്പിക്കുക എന്നത് ഞങ്ങളുടെ  ധർമ്മവും. സമയബന്ധിതമായി എല്ലാവരും കാര്യങ്ങൾ നടത്തി ഉഷാറായി വീണ്ടും ബസ്സിൽ യാത്ര തുടർന്ന് കൃത്യം 9.15 ന് ബോൾഗാട്ടി ജെട്ടിയിൽ എത്തി.  ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ 
കപ്പൽ, ജെട്ടിയോട് ചേർന്ന് ആഴമുള്ള കായൽപ്പരപ്പിൽ കാത്തു കിടപ്പുണ്ടായിരുന്നു.

തുടരും