കപ്പൽ യാത്ര ഭാഗം 2: Mary Alex (മണിയ)

May 1, 2024 - 15:23
 0  150
കപ്പൽ യാത്ര ഭാഗം 2:  Mary Alex (മണിയ)

അതു വെറുമൊരു കപ്പലായിരുന്നില്ല. അതൊരു ആഡംഭരക്കപ്പൽ ആയിരുന്നു. കരയിൽ നിന്നും കപ്പലിൽ പ്രവേശിക്കാൻ  വീതി കുറഞ്ഞ ചെറിയ ഒരു പാലം ചങ്ങലയിട്ട് ഘടിപ്പിച്ചിരുന്നു. ബസ്സിൽ നിന്നിറങ്ങിയവർ കപ്പലിന്റെയും അവരവരുടെ ഗ്രൂപ്പിന്റെയും ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നു. ലീഡറച്ചൻ ഞങ്ങളെ മൂന്നു ലൈനായി ക്യു നിർത്തി. മുമ്മൂന്നു വീതം ആറു പേരെ  ആ പാലത്തിൽ കൂടി കയറ്റാൻ ഉള്ള സൗകര്യം കരുതി. കൂടുതൽ ആൾ കയറിയാൽ ചങ്ങല പൊട്ടി പാലം താഴെ വീഴും. അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിച്ച്‌ ഭാരവാഹികളായ   അച്ചന്മാരും വോളന്റയിർമാരും വളരെ കർശനമായി നിയന്ത്രിച്ചു കൊണ്ടിരുന്നു. മുന്നോട്ടു പോകെ പോകെ ക്യുവിനു മാറ്റം വന്ന് ആർ, എസ്സ്,ഡബ്ലിയൂ ഒക്കെയായി മാറി. നമ്മുടെ നാടല്ലേ? വിദേശങ്ങ ളിലായിരുന്നെങ്കിൽ ക്യു, ക്യു തന്നെ ആയി മുന്നോട്ടു പോകുമായിരുന്നു മലയാളികൾ ഇനിയും ആ തലത്തിലേക്ക് വളരെയധികം ഉയർന്നുവരേണ്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ.
     ഊഴം വന്നപ്പോൾ ഞങ്ങളും അകത്തു കയറി. നേരത്തെ അറിയിച്ചിരുന്നതനുസരിച്ചു ആധാർ കാർഡ് കയ്യിൽ പിടിച്ചിരുന്നു. രണ്ടു മൂന്നു പേർ ആൾക്കാരെ വെരിഫയ് ചെയ്ത് അകത്തു കയറ്റി .ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഉള്ളത്ര ബോഡി ചെക്കിംഗ്  ഒന്നും തന്നെ ഉണ്ടായില്ല. എന്നാൽ കയ്യിൽ കരുതിയിരുന്ന ബാഗുകൾ അവർ പരിശോധിച്ച് അതിലുണ്ടായിരുന്ന വെള്ളവും സ്നാക്ക്‌സും എടുത്തു പുറത്തു വച്ചു. തിരികെ ഇറങ്ങി പ്പോകുമ്പോൾ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാൻ പറഞ്ഞ് അകത്തേക്ക്‌ വിട്ടു.സീൽഡ് കുപ്പികളും പാക്കറ്റുകളും അനുവദനീയം ആണെന്നാണ് അറിയിച്ചിരുന്നത്. ഒരു പക്ഷെ ഒഴിഞ്ഞ കുപ്പികളും പാക്കറ്റുകളും  അവിടവിടെ നിറഞ്ഞു കിടന്ന് കപ്പലിനകം വൃത്തികേടാകാതിരിക്കാനുള്ള ഒരു മുൻകരുതൽ ആയിരിക്കാം. അല്ലെങ്കിൽ ആവശ്യത്തിന് വെള്ളം അവർ കരുതിയിട്ടുള്ളതായിരിക്കാം. അതുമല്ലെങ്കിൽ ഇൻസ്‌ട്രക്ഷൻ നമുക്ക് മനസ്സിലാകാത്തതായിരിക്കാം, സീൽഡ് ജ്യൂസ്‌ ബോട്ടിൽ അലവ്ഡ് എന്നായിരിക്കാം അവർ ഉദ്ദേശിച്ചത്. അകത്തു കയറിയ പലരുടെയും കയ്യിൽ അതിരിക്കുന്നത് കണ്ടു. അല്ലെങ്കിൽത്തന്നെ, നാലഞ്ചു മണിക്കൂർ യാത്രയിൽ, ഉള്ളിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരു ഗ്ലാസ്‌ വെൽക്കം ഡ്രിങ്ക്,  പതിനൊന്നു മണിയ്ക്ക് ഒരു ചായയും രണ്ടു‌  സ്നാക്സും, ഉച്ചക്ക് സുഭിക്ഷമായ ബഫെ ലഞ്ച്. വിശപ്പിന് അതിനിടയിൽ സ്ഥാനമുണ്ടാവില്ലല്ലോ.
 കടന്നു ചെല്ലുന്നത് ഒരു വലിയ ഹാളിലേക്കാണ്. വെൽക്കം പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്‌ ഇഞ്ചി ചേർത്ത നാരങ്ങ വെള്ളം വച്ചു നീട്ടി യൂണിഫോമിട്ട ജോലിക്കാർ ഞങ്ങളെ കയറ്റി വിട്ടു. മൂന്നു നാലു സ്റ്റെപ്പ് വച്ചു കഴിയുമ്പോൾ
ഒഴിഞ്ഞ ഗ്ലാസ്സുകൾ വയ്ക്കാൻ പാകത്തിൽ ഒരു ട്രേ വച്ചിരുന്നു. കൂട്ടം കൂടി നിൽക്കാതെ കുടിച്ചു കൊണ്ട് മുന്നോട്ട് നടന്നു നീങ്ങാനുള്ള  മുൻകരുതൽ. അകത്ത് എല്ലാവർക്കും ആഘോഷവേളകളിലെന്നപോലെ ഭംഗിയായി കവർ ചെയ്ത ഇരിപ്പിടങ്ങൾ നിരത്തി ഇട്ടിരുന്നു.


 
എല്ലാവരും കയറി ഇരുന്നു എന്ന് ഉറപ്പു വരുത്തി,ഞങ്ങളെ നയിച്ചു കൊണ്ടു വന്ന ബഹുമാനപ്പെട്ട മാത്യൂസ് കാവുങ്കൽ അച്ചൻ പ്രാർത്ഥിച്ച്‌ , ഞങ്ങൾക്കു കുറേ നിർദ്ദേശങ്ങൾ നൽകി .
മാന്യമായി പെരുമാറണമെന്നും കോട്ടയംകാർക്ക് പേരുദോഷം വരുത്തുന്ന ഒന്നും തന്നെ യാത്രയിൽ ഉണ്ടാകരുതെന്നും  ഞങ്ങൾ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ ആണെന്ന് ഓർമ്മ വേണമെന്നും അങ്ങനെ പലതും. ഒരു സംഘാടകന്റെ ചുമതലയോടെ പറഞ്ഞു തന്നിട്ട് കൂട്ടത്തിൽ ഒരു ചോദ്യവും.
'ഈ കപ്പലിന്റ പേര് ആർക്കെങ്കിലും അറിയാമോ?
പറയുന്നവർക്ക് ഒരു സമ്മാനം ഉണ്ട്.' 
സത്യത്തിൽ ഞങ്ങളാരും തന്നെ കപ്പലിന്റ പേര് ശ്രദ്ധിച്ചിരുന്നില്ല. ഒരു പെൺകുട്ടി മാത്രം എഴുനേറ്റ് ഉത്തരം പറഞ്ഞു. അച്ചൻ എന്തോ കൊണ്ടു ചെന്ന് ആ കുട്ടിയുടെ കയ്യിൽ ഏൽപ്പിക്കുന്നതും കണ്ടു. ആ കുട്ടി പറഞ്ഞ പേര് എന്തെന്നോ കൊടുത്ത ഗിഫ്റ്റ് എന്താണെന്നൊ ഞങ്ങൾക്കു പിടികിട്ടിയില്ല.
       പിന്നീട് അവിടെയുണ്ടായിരുന്ന  ലിന്റോ  എന്നൊരു വ്യക്തിയെ അച്ചൻ ഞങ്ങൾക്ക് പ്രത്യേകം  പരിചയപ്പെടുത്തി. ആൾ കാഴ്ച്ചയിൽ അത്ര കേമനൊന്നുമല്ല, മെലിഞ്ഞു പൊക്കമുള്ള ഒരു ഇരുനിറക്കാരൻ, സൗമ്യസ്വഭാവി എങ്കിലും ആളൊരു പുലിയാണെന്നു അച്ചന്റെ വിശദീകരണത്തിൽ നിന്നും ഞങ്ങൾക്കു മനസ്സിലായി.
     ക്നാനായ യാക്കോബായ സഭയിലെ  വന്ദ്യ പുരോഹിതനും സഭാ സെക്രട്ടറിയുമായ വളരെ ബഹുമാനപ്പെട്ട ഫാദർ ഏലിയാസ് സ്കറിയ ഇളവൻ കളത്തിന്റെ പുത്രനാണ്,  Elavankalam Holidays എന്ന പേരിൽ ഏഴെട്ടു വർഷമായി നടത്തുന്ന സമുദ്രയാന ടൂറിസത്തിന്റ മാനേജിംഗ് ഡയറക്ടർ  ആണ്. സ്വന്തമായി കപ്പലിന്റെ മാതൃകയിൽ മൂന്നു നിലകളുള്ള ഒരു ദിവസത്തെ മിനി ക്രൂസ് ആലപ്പുഴയിൽ നിന്നും കൊച്ചിയിൽ നിന്നും ഉണ്ടത്രേ.
സെൻട്രൽ ഗവണ്മെന്റ് ലക്ഷദ്വീപ് ക്രൂസ് കൂടാതെ  അതേ രീതിയിൽ  അഞ്ചു ദിവസത്തെ കപ്പൽ മാതൃകയിൽ ഉള്ള ക്രൂസ്, ഇവർക്കും ഉണ്ട്. മണിക്കൂർ കണക്കിലും ആളുകൾക്ക് താത്പര്യമുള്ള മറ്റു ചെറിയ ചെറിയ രീതിയിൽ ഉള്ള ഫിഷ് ഫീഡിങ്, ഡോൾഫിൻ ജംപിങ്,  കയാക്കിങ്, സ്കീയിങ്, ബനാന റൈഡിങ് തുടങ്ങി വിവിധ മേഖലകളിൽ ആൾക്കാരെ എന്റെർറ്റൈൻ ചെയ്യുന്നവിധത്തിലുള്ള ബോട്ടിങ്ങും ഷോർട് ട്രിപ്പ് ക്രൂസും നടത്തുന്ന, നടത്തിപ്പിക്കുന്ന ആൾ.
       യാക്കോബായ സഭയിലെ സ്ലീബാ കാട്ടുമങ്ങാട്ടച്ചന്റെ കുടുംബം യിസ്രായേൽ യാത്ര കോ ഓർഡിനേറ്റ് ചെയ്യുന്നതുപോലെ ഇദ്ദേഹത്തിന്റെ  കുടുംബവും  ഇങ്ങനെ ഒരു ടൂർ പാക്കേജ് നടത്തുന്നതായിരിക്കാം.  ഏതായാലും  അദ്ദേഹത്തോട് ചില കാര്യങ്ങൾ ചോദിച്ചറിയണം എന്നു മനസ്സിൽ കരുതി അടുത്തു ചെന്ന്‌ കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു കാർഡ് വച്ചു നീട്ടി. അതിൽ കണ്ട ഫോൺ നമ്പർ  താത്പര്യമുള്ളവർക്കായി ഞാൻ ഇവിടെ ചേർക്കുന്നു.   Linto Elavankalam, Elavankalam Holidays (Managing Directer ) Lakshadweep Tourism . Mob No.949 555 7254. Email ID [email protected] 
        ഈ സമയം കൊണ്ട് കപ്പൽ നീങ്ങിത്തുടങ്ങിയിരുന്നുവെന്ന് അച്ചൻ വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ഒരു കുലുക്കമോ ശബ്ദമോ ഒന്നുമില്ലാതെ സ്വച്ഛമായ ചലനം. വിമാനമെങ്കിൽ റൺവേയിൽ
ക്കൂടി  കുറേ ദൂരം ഓടിയിട്ടാണ് പൊങ്ങിപ്പറക്കുന്നത്. ശ്വാസം അടക്കിപ്പിടിച്ചാണ് ആൾക്കാർ അകത്തിരിക്കുന്നത്. ആദ്യയാത്രയാണെങ്കിൽ പറയുകയും വേണ്ട. ഇത് അതൊന്നുമില്ല, ചലിക്കുന്നതു പോലും അച്ചൻ പറഞ്ഞില്ലായിരുന്നെങ്കിൽ ആർക്കും മനസ്സിലാകില്ലായിരുന്നു. കപ്പൽ ചലിക്കുന്നതിന്റെ തെളിവായി വിൻഡോയിൽക്കൂടി കരയിലെ വസ്തുക്കൾ നീങ്ങി നീങ്ങി പോകുന്നത് കാണാൻ നല്ല രസമായിരുന്നു  .
     കപ്പലിന്റെ ടൂർ കോർഡിനേറ്റർ ഞങ്ങളെ അഭിസംബോധന ചെയ്ത് അത് ഒരു ഈജിപ്ഷ്യൻ കപ്പലാണെന്നും കപ്പലിന്റെ പേര് ബി സി 1370 -1330 കാലഘട്ടത്തിൽ  ഈജിപ്റ്റിനെ ഭരിച്ചുകൊണ്ടിരുന്ന ഫറവോ അകേനേറ്റൻ എന്ന രാജാവിന്റെ പത്നിയും , നാനാ ബിംബാരാധനയിൽ നിന്നും ഏക ബിംബാരാധനയിലേക്ക് മാറ്റം വരുത്തി, മോണോതേസിസം, അതെനിസം എന്ന മതവിശ്വാസ ത്തിലേക്ക്  സ്വന്തം ജനങ്ങളെ കൊണ്ടുവരികയും, രാജാവിന്റ കാലശേഷം  സ്തുത്യർഹമാം വിധം രാജ്യത്തെ ഭരിക്കുകയും ചെയ്ത 'നെഫർറ്റിറ്റി' എന്ന കുലീനയായ രാജ്ഞിയുടെ നാമമാണ് അതെന്നും ആമുഖമായി പറഞ്ഞുകൊണ്ട് കപ്പലിനെക്കുറിച്ച് ഒരു ലഘു വിവരണം നൽകി.  
         കേരള ഷിപ്പിംഗ്‌ ആൻഡ് ഇൻലാൻഡ് നേവിഗേഷൻ കോർപറേഷന്റെ (K S I N C) കീഴിൽ ഉള്ള ഏക കപ്പലാണിത്.


 ആകെ നാലു നിലകൾ ആണ്  ഉള്ളത്. എല്ലാവരും കടന്നു വന്ന്‌ ചെക്കിങ് നടന്നത് രണ്ടാമത്തെ നിലയിലെ റിസപ്ഷൻഏരിയയിൽ ആണ്. ഇപ്പോൾ ഇരിക്കുന്നത്  റിക്രിയേഷൻ ഹാളിലാണെന്നും താഴത്തെ നിലയിലാണ് എൻജിനും അതിനോടനുബന്ധിച്ച ജോലിക്കാരും. അങ്ങോട്ട്‌ ആർക്കും പ്രവേശനമില്ലെന്നും പറഞ്ഞു തന്നു. ഇപ്പോൾ ഇരിക്കുന്ന  ഹാളിന്റെ സൈഡിൽ ഒരു തീയേറ്റർ ഉണ്ടെന്നും ത്രീ ഡി തീയേറ്റർ ആണെന്നും ഒരേ സമയത്ത് ഏതാണ്ട് എൺപത് പേർക്ക് ഇരുന്ന് കാണാവുന്നതും കയറിച്ചെല്ലുമ്പോൾ അതു കാണാനുള്ള കണ്ണട തരുമെന്നും സിനിമ കാണാനുള്ള ചാർജ് പാക്കേജിൽ തന്നെ ഉൾപ്പെടുന്നതാണെന്നും  ആർക്കെങ്കിലും  സിനിമ കാണണമെന്നുണ്ടെങ്കിൽ അകത്തു കയറാം, അതല്ലെങ്കിൽ അല്പനേരത്തേക്ക് ഞങ്ങളെ എന്റർടൈൻ ചെയ്യാൻ അവിടെ ഒരു ടീം ഉണ്ടെന്നും ടീമിന്റെ പേര് 'സയാ മീഡിയ' എന്നാണെന്നും എല്ലാവരും ആദ്യന്തം അവരുടെ പരിപാടികൾ  ആസ്വദിച്ച്‌ അവരെ  വേണ്ട പോലെ കയ്യടികൾ കൊണ്ട് പ്രോത്സാഹിപ്പിക്കണമെന്നും അറിയിച്ചു.
   നാലഞ്ചു മണിക്കൂർ കപ്പൽ യാത്ര എൻജോയ് ചെയ്യാനെത്തി, രണ്ടര മണിക്കൂർ ഒരു സിനിമ കാണാൻ നഷ്ടപ്പെടുത്തുമോ? ബസ് യാത്രയിൽ ഒരു സിനിമ തുടങ്ങി വച്ചിട്ടുണ്ട്. മടക്കത്തിൽ അതു പൂർത്തീകരിക്കുകയും ചെയ്യും .അതു കൊണ്ട് എല്ലാവരും ട്രൂപ്പിന്റ പരിപാടികൾ ആസ്വദിക്കാൻ റെഡിയായിരുന്നു.
  ടീം കോ ഓർഡിനേറ്റർ  ബദർ പെരുമ്പാവൂർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം സഫ്തർ മുഹമ്മദ്‌, ഒപ്പം പാടാൻ ആർദ്ര വേലായുധൻ എന്ന പാട്ടുകാരി  , ജീവൻ റ്റി വി യുവ ചാനലിലൂടെ പേരു കേട്ട റിയാസ് കൊച്ചിൻ, എന്നിവരാണ് ഞങ്ങളെ പാട്ടു പാടിയും മിമിക്രി കാണിച്ചും ഡാൻസ് കളിച്ചും, തമാശ പറഞ്ഞ് ചിരിപ്പിച്ചും അര മുക്കാൽ മണിക്കൂർ  സന്തോഷിപ്പിച്ചു കൊണ്ടിരുന്നത്. സൗകര്യം നോക്കി ഞാൻ അവരെ ചെന്നു കണ്ട് പരിചയപ്പെട്ടാണ് അവർ ആരൊക്കെ എന്നു മനസ്സിലാ‌ക്കിയെടുത്തത് .ഒപ്പം ഡാൻസ് കളിച്ച മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു.  ഞാൻ  ചെന്ന സമയത്ത് ആ കുട്ടിയെ അവിടെ കാണാൻ കഴിഞ്ഞില്ല എന്നു മാത്രം.
     എന്റർറ്റൈൻമെന്റ് കഴിഞ്ഞപ്പോഴേക്കും ചായ കുടിക്കാൻ ഞങ്ങളെ മുകളിലത്തെ നിലയിലേക്കു  ആനയിച്ചു. താഴത്തെ നിലയിലെപ്പോലെ വിരിച്ചൊരുക്കിയ കസേരകളും ഭക്ഷണം കഴിക്കാൻ തക്കവിധം മേശകളും അവിടെ ചിട്ടയിൽ സജ്ജമാക്കിയിരുന്നു. ലഘുഭക്ഷണത്തിനുള്ള ഹാഫ് പ്ളേറ്റും ടിഷ്യുവും ഓരോന്നെടുത്തു ക്യുവിൽ നീങ്ങി ചെല്ലുമ്പോൾ പ്ളേറ്റിൽ രണ്ടു ട്രേകളിൽ നിന്ന് ഓരോ ഐറ്റം, അവർ കയ്യിൽ ഗ്ലൗസ് ധരിച്ചിരുന്നെങ്കിലും, കൊടിലു കൊണ്ട് എടുത്തു വച്ചു തന്നു, ഒരു മധുരവും ഒരു എരിവും. മുന്നോട്ടു നീങ്ങി കാപ്പിയോ ചായയോ വേണ്ടതെടുത്തു മേശയിൽ കൊണ്ടു വച്ചു കഴിക്കാൻ നീങ്ങിയപ്പോൾ കസേരകൾ മുഴുവൻ ആൾക്കാർ നിറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ ഞങ്ങൾക്കു കിട്ടിയ ഇരിപ്പിടം ഒരു കൗണ്ടറിനു സമീപത്തായി ഇട്ടിരുന്ന സെറ്റികളായിരുന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ കാതിലേക്ക് ഗിറ്റാർ വായനയുടെ ശബ്ദം ഊളിയിട്ട് വന്നു. ശബ്ദം കേട്ട സ്ഥലത്തേക്ക് കണ്ണു പായിച്ചപ്പോൾ ഒരു യുവാവ് അവിടിരുന്നു പാടുകയും  കയ്യിലിരുന്ന ഗിറ്റാറിൽ ശ്രുതി മീട്ടുകയും ചെയ്യുന്നു.ഈ ആളും എന്റർറ്റൈൻമെന്റ് ടീമിൽ ഉൾപെട്ടതായിരിക്കാമെന്ന് ഊഹിച്ചെങ്കിലും ഊഹം തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരോ ക്രൂസിനും ഒരോ ടീമിനെയോ ഒരോരുത്തരെയോ   അവർ ബുക്ക്‌ ചെയ്ത് വരുത്തുകയാണത്രേ. ചായകുടി കഴിഞ്ഞപ്പോൾ വീണ്ടും താഴേക്ക്. അതുകൊണ്ടു തന്നെ ആ ആളെ പരിചയപ്പെടുന്ന കാര്യം ഞാൻ വിട്ടുപോയി. മാത്രമല്ല ആ നിലയിൽ തന്നെ ഫോറിൻ ലിക്കർ മാത്രം വിൽക്കുന്ന ഒരു ബാർ ഉണ്ടെന്നുള്ളതും അതിന്റ കൗണ്ട റിനു മുന്നിൽ ആണ് ഞങ്ങൾ ഇരുന്നിരുന്നതെന്നും.

                        തുടരും