ഷെങ്കന്‍ വിസ ചാര്‍ജില്‍ ജൂണ്‍ 11 മുതല്‍ 12 ശതമാനം വര്‍ധനവ്

ഷെങ്കന്‍ വിസ ചാര്‍ജില്‍ ജൂണ്‍ 11 മുതല്‍ 12 ശതമാനം വര്‍ധനവ്
ഷെങ്കൻ വിസ ചാർജുകള്‍ വർദ്ധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ ഇനി മുതല്‍ യൂറോപ്പിലേക്കുള്ള യാത്ര ചെലവേറുമെന്ന് റിപ്പോർട്ട്.
ജൂണ്‍ 11മുതല്‍ ആയിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഫീസ് 12.5 ശതമാനം വർദ്ധിപ്പിക്കാൻ ആണ് തീരുമാനം. മുതിർന്നവർക്ക് ഷെങ്കൻ (schengen) വിസയ്ക്കുള്ള അപേക്ഷാ ഫീസ് നേരത്തെ 80 യൂറോ ആയിരുന്നു. അത് 90 യൂറോ (8,141 രൂപ) ആയി ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്ലോവേനിയ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഷെങ്കൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കൂടാതെ ആറു വയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീസ് 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. "ഷെങ്കൻ ഫീസ് 12 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം യൂറോപ്യൻ കമ്മീഷനും അംഗീകരിച്ചു. നിരക്കിലെ വർദ്ധനവ് 2024 ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഷെങ്കൻ വിസ ഫീസ് മുതിർന്നവർക്ക് 90 യൂറോയും 6 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 45 യൂറോയും ആയിരിക്കും," സ്ലോവേനിയൻ സർക്കാർ അറിയിച്ചു. ഈ തീരുമാനത്തോട് സഹകരിക്കാത്തവരും അധികൃതമായി താമസിക്കുന്നതുമായ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഫീസായി 135 മുതല്‍ 180 യൂറോ വരെ നല്‍കേണ്ടി വരുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിസ ചാർജ്ജുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. പണപ്പെരുപ്പവും അംഗരാജ്യങ്ങളിലെ ജീവനക്കാരുടെ ശമ്ബളവും വർദ്ധിച്ചതിനാലാണ് അപേക്ഷാ ഫീസ് വർധിപ്പിച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം.