തെ​ര​ഞ്ഞെ​ടു​പ്പ് പ്രക്രിയയിൽ  വിവേകത്തോടെ പങ്ക് ചേരാം

തെ​ര​ഞ്ഞെ​ടു​പ്പ്  പ്രക്രിയയിൽ  വിവേകത്തോടെ പങ്ക് ചേരാം
ജനാധിപത്യത്തിന്റെ ഉത്സവ ദിനങ്ങളിലാണ് ഇന്ത്യാ രാജ്യം. ഒരുമാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്കു ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ രാജ്യത്തെ ​ ജനാധിപത്യ പ്രക്രിയയിൽ  നമ്മൾ പങ്കാളികളാവുകയാണ്. ശരീരം തളർത്തുന്ന കൊടും ചൂടിനൊപ്പം  സംസ്ഥാനത്ത്  20 ലോക്സഭാ   മണ്ഡലങ്ങളിലും  പോരാട്ടച്ചൂട്  കത്തിപ്പടരുന്നത് ഈ ദിവസങ്ങളിൽ നാം കണ്ടു.  
 
പതിനെട്ടാമത് ലോക്‌സഭയിലേക്ക് ഏഴു ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് നാളെ കേരളീയർ വോട്ടവകാശം വിനിയോഗിക്കുന്നത് .  രണ്ടേമുക്കാൽ കോടിയിലേറെ പേരാണ് നാളെ പോളിംഗ് ബൂത്തിത്തുന്നത് .  ഫലപ്രഖ്യാപനത്തിന്   ജൂൺ നാലുവരെ കാത്തിരുന്നേ  പറ്റൂ . 
 
ഏപ്രിൽ 19 നായിരുന്നു രാജ്യത്ത്   ഒന്നാംഘട്ട വോട്ടെടുപ്പ് .  ചില അക്രമസംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികളും മുന്നണികളും നേതാക്കളും ജനങ്ങളെ വോട്ടിനുവേണ്ടി  പ്രലോഭിപ്പിക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചതു സംബന്ധിച്ച പരാതികളും കേസുകളും തിരഞ്ഞെടുപ്പുകാലത്തെ പതിവുകളാണ്. ഭാഗ്യവശാൽ,​ രാജ്യത്ത്   സമാധാനപരമായി പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ തിരഞ്ഞെടുപ്പ് കാലത്തെ പതിവ് സംഭവങ്ങളാണ്.  ഇത്തവണയുമുണ്ടായി  ആരോപണങ്ങളും,​ മാന്യതയുടെ അതിരുവിടുന്ന ആക്ഷേപങ്ങളുമൊക്കെ.
 
 കേരളത്തിലെ സൈബര്‍ ഇടങ്ങളില്‍ നേതാക്കന്‍മാര്‍ ഏറ്റുമുട്ടുന്നതും  ഇതേ ചൊല്ലി ഉയർന്ന വിവാദങ്ങളും  വോട്ട് തേടി സൂപ്പര്‍താരങ്ങളെത്തുന്നതും ഈ ദിവസങ്ങളിൽ പതിവുകാഴ്ചയായി. മുന്നണികള്‍ കളം പിടിക്കാന്‍ മത്സരിച്ചപ്പോള്‍  അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ വിഷയങ്ങളായി.
കൊട്ടിക്കലാശത്തിനോടനുബന്ധിച്ചും ചെറിയ അനിഷ്ടസംഭവങ്ങൾ പലയിടത്തും ഉണ്ടായി . 
വോട്ടെടുപ്പിനു മുമ്പുള്ള അവസാനവട്ട കണക്കുകൂട്ടലുകളിലാണ്  സ്ഥാനാർത്ഥികളും മുന്നണികളും .
ജനാധിപത്യത്തിന്റെ വിളംബരമാണ് ഓരോ തിരഞ്ഞെടുപ്പും. അത് നാം ഓർക്കേണ്ടതുണ്ട്. നമ്മുടെ രാജ്യം പിന്തുടർന്ന് പോരുന്ന ജനാധിപത്യ താല്പര്യങ്ങളും മതേതര  മൂല്യങ്ങളും കാത്ത് സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതുമായ ഉത്തരവാദിത്വം നമ്മുടെ രാഷ്ട്രീയ കക്ഷി നേതാക്കൾക്കുണ്ട് , ഓരോ വ്യക്തികൾക്കും ഇതേ ഉത്തരവാദിത്വം ഉണ്ട്  .
ലോ​ക്സ​ഭാ  തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ലെ ജ​ലോ​റി​ലും ബ​ൻ​സ്‍വാ​ഡ​യി​ലും പിന്നീട് യു  പി യിലെ അലിഗഡിലും രാജസ്ഥാനിലെ ടോങ്കിലും  ചെ​യ്ത ​പ്ര​സം​ഗങ്ങളെ ചൊല്ലി വിവാദം പുകയുകയാണ് . കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വകാര്യ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതല്‍ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകള്‍ക്കു വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ് രഷ്ട്രീയ വിവാദമായത് . ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന  നേതാവിൽ നിന്നും ഒരിക്കലും ഉണ്ടാകരുതാത്ത വാക്കുകളാണിത്.ഈ പ്രസംഗത്തിനെതിരെ കേസെടുക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാകില്ല. 
വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ഒരുമിച്ച് നിർത്തി  ഐക്യവും മതേതരത്വവും സംരക്ഷിക്കുകയാണ് അധികാരത്തിലിരിക്കുന്നവർ  ചെയ്യേണ്ടത് .
രാഹുല്‍ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുംവിധം, അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന്   നിലമ്പൂർ എംഎല്‍എ പി.വി. അൻവർ പരിഹസിച്ചതും അതിനെ  മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതും നമ്മുടെ നാട്ടിൽ തന്നെയാണ്, അത് വ്യക്തിഹത്യയുടെ നിന്ന്യമായ   നിലപാടായിപ്പോയി.
രാജ്യത്തിന്റെ പൊതുവികസനത്തിനൊപ്പം ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷകരുമാകണം തിരഞ്ഞെടുക്കപ്പെടുന്നവർ. അതുകൊണ്ട് രാജ്യത്തിൻറെ സാരഥികളെ തിരഞ്ഞെടുക്കാൻ ജാഗ്രതയോടെ, വിവേകത്തോടെ നമുക്ക് വോട്ടവകാശം വിനിയോഗിക്കാം.