മറിയക്കുട്ടിക്കും അന്നയ്ക്കും പെന്‍ഷനെത്തി

മറിയക്കുട്ടിക്കും അന്നയ്ക്കും പെന്‍ഷനെത്തി

വിവാദങ്ങള്‍ക്കൊടുവില്‍ മറിയക്കുട്ടിക്കും അന്നജോസഫിനും ക്ഷേമ പെന്‍ഷന്‍ നല്‍കി. ഒരു മാസത്തെ പെന്‍ഷനാണ് ഇരുവര്‍ക്കും ലഭിച്ചത്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടിയും അന്നയും തെരുവില്‍ ഭിക്ഷ യാചിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയാണ് പെന്‍ഷന്‍ നല്‍കിയത്.

അതേ സമയം പെന്‍ഷന്‍ തുക ലഭിച്ചിട്ടും ഇരുവരുടെയും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഏറെ കാലമായി പെന്‍ഷന്‍ മുടങ്ങിയെന്നും ലഭിച്ചത് ഒരു മാസത്തെ പെന്‍ഷന്‍ തുകയാണെന്നും മുഴുവന്‍ പണവും നല്‍കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും നടത്തിയ പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.