കപ്പൽ യാത്ര ഭാഗം 3: Mary Alex (മണിയ )

കപ്പൽ യാത്ര ഭാഗം 3: Mary  Alex (മണിയ )
പ്പലിൽ  യാത്രയ്ക്ക് ചെന്നവരിൽ നിന്നും വിളിച്ചു കൂട്ടി ഓരോരുത്തരെ  അവരോടൊപ്പം ഡാൻസ്  ചെയ്യിപ്പിച്ചും പാട്ടു പാടിയും പാടിച്ചും ചോദ്യങ്ങൾ ചോദിച്ചും കുറേ സമയം കൂടി നീങ്ങി.

ആരും നിർബന്ധിക്കാതെ മുന്നോട്ടു കടന്നു ചെന്ന് ഒരു മടിയും കൂടാതെ പാട്ടു പാടുകയും ഡാൻസ് കളിക്കുകയും ചെയ്ത രണ്ടു മൂന്നു സമാജാംഗങ്ങൾ  ആദ്യന്തം അവരോടൊപ്പം ഉണ്ടായിരുന്നു. അവരെ ഞാൻ അനുമോദിക്കുന്നു.ഒരു കൊച്ചു പെൺകുട്ടിയും ഒട്ടും മടി കൂടാതെ നല്ല ഭംഗിയായി നൃത്തം വച്ചത് ഞാനോർക്കുന്നു.ഒരാൺകുട്ടി നല്ല ഒരു പാട്ടുപാടി.സത്യത്തിൽ അങ്ങനെയുള്ളവരെയാണ് കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടത്.

കാരണം സമാജത്തിൽ ഉൾപ്പെട്ടു നിൽക്കുന്നവർ ആ രീതിയിൽ ജീവിതം ക്രമീകരിച്ചു മുന്നോട്ട് പോകണം എന്നൊരു മിഥ്യാ ധാരണയുണ്ട്.പ്രത്യേകിച്ച് പ്രായമായവർക്ക്‌.അതൊരു അബദ്ധധാരണയാണെന്ന് അവർ കാണിച്ചു തന്നു.പ്രായമായഞങ്ങൾക്കു പോലും എഴുന്നേറ്റു ചെന്ന് അവരോടൊത്തു രണ്ടു ചുവടു വയ്ക്കണം എന്നു തോന്നി പ്പോയ അവസരമായിരുന്നു അത്.
ബസ്സിൽ വച്ചു തന്നെ എന്റെ ഭർത്താവ് ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു. ജോലി സ്ഥലത്തെ ഓർമ്മകൾ പങ്കു വയ്ക്കാനും കുസൃതി ചോദ്യങ്ങൾ ചോദിച്ച് ബസ്സിൽ ഉള്ളവരെ ചിരിപ്പിച്ചു രസിപ്പിക്കാനും ആൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. കപ്പലിലും മറ്റൊന്നായിരുന്നില്ല സ്ഥിതി.  
എല്ലാവരും ആർത്തു ചിരിച്ചു രസിക്കുന്നത് കണ്ട് ഒപ്പം പോയ ഞങ്ങളും സന്തോഷിച്ചു. എൺപത്തിമൂന്നാം വയസ്സിലും ഇതുപോലെ ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്നതു ഒരു പ്രത്യേക കഴിവല്ലേ? രംഗം തകൃതിയായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ ഞങ്ങളിൽ പലർക്കും ടോയ്‌ ലറ്റിൽ പോകണമെന്ന് തോന്നിത്തുടങ്ങിയിരുന്നു . അതു കൊണ്ട് ഞങ്ങൾ അതിനുള്ള സൗകര്യം നോക്കി, ചോദിച്ചറിഞ്ഞ് അവർ കാണിച്ചു തന്ന വാതിൽ തുറന്ന്‌ അകത്തേക്കു കയറി . കഷ്ടിച്ച് ഒരാൾക്ക് നിന്നു തിരിയാൻ മാത്രം പറ്റുന്ന വിധത്തിൽ മൂന്നു ടോയ്ലറ്റ്സ് . ഞങ്ങൾ കയറിച്ചെന്ന സ്ഥലത്തു തന്നെ ഒരു സൈഡിൽ ആയി രുന്നു അത്. പുറത്തിറങ്ങി ചുറ്റും നോക്കിയപ്പോൾ അകത്തു പ്രതിപാദിച്ച രാജ്ഞിയുടെ ഒരു അർദ്ധകായ പ്രതിമ കാണാൻ കഴിഞ്ഞു.

പുറകിലായി പേരും എഴുതി വച്ചിരിക്കുന്നു. കയറി പ്പോകുന്ന തിരക്കിൽ അതു ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. പിന്നെ അതോടൊപ്പം നിന്നു ഫോട്ടോയും  സെൽഫികളും എടുക്കാനായി ഞങ്ങളുടെ ശ്രമം.ഫോട്ടോയ്ക്ക് പോസ് ചെയ്തും സെൽഫി എടുത്തും നിന്നപ്പോൾ വാതിൽ തുറന്ന്‌ അകത്തുനിന്നും  ആൾക്കാർ പുറത്തേക്കു വരികയും അടുത്ത വാതിലിനു പുറത്തുള്ള സ്റ്റെപ്പ് കയറി കപ്പലിന്റെ ഏറ്റവും മുകളിലെ ഡെക്കിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയുമായിരുന്നു. ഞങ്ങളും ഫോട്ടോ എടുപ്പ് നിർത്തി വച്ച് അവരോടൊപ്പം കൂടാൻ സ്റ്റെപ്പ് കയറിത്തുടങ്ങി.
       ഡെക്കിൽ നനവ് കാണാൻ സാധ്യത ഉണ്ടെന്നും ശ്രദ്ധിച്ചു നടക്കണം എന്നും പരിചയമുള്ള പലരും സുചിപ്പിച്ചിരുന്നെങ്കിലും ഡെക്കിൽ അതിനുള്ള പ്രതിവിധി യായി നല്ല പച്ചനിറത്തിൽ ഫ്ലോർ മാറ്റ് വിരിച്ചിരുന്നു. ചുറ്റും അഴിയിട്ട് ഭദ്രമാക്കിയ ഡെക്കിൽ നിന്ന് കാഴ്ചകൾ കാണാൻ നല്ല രസമാ യിരുന്നു. മുകളിൽ നീലാകാശം താഴെ ഇളകി മറിയുന്ന നീല ജലാശയം. അങ്ങോട്ടുമിങ്ങോട്ടും ബോട്ടുകളും ചെറുകപ്പലുകളും നീങ്ങിക്കൊണ്ടിരിക്കുന്നു,എല്ലാം കണ്ണിനു കുളിർമ്മയേകി. കാഴ്ച കാണുകയും ഫോട്ടോ എടുക്കുക യും ചെയ്തുകൊണ്ടിരുന്നപ്പോഴും വിവരണം നൽകികൊണ്ട് ആൾ   ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.     
     ഡെക്കിൽ ഒരു ഭാഗം അഴിയിട്ട് വേർതിരിച്ചിരുന്നു.അങ്ങോട്ട്‌ ആർക്കും പ്രവേശനമില്ല.കപ്പലിന്റ ക്യാപ്റ്റൻ അവിടെയിരുന്നാണ്  ദിശ നോക്കി കപ്പലിനെനിയന്ത്രിക്കുന്നതും താഴെയുള്ള ജോലിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും.
കയറിചെല്ലുന്ന തുറസ്സായ ഭാഗത്തു പല  സജ്ജീകരണങ്ങൾ. ഒപ്പം കൊച്ചു കൊച്ചു ബോട്ടുകളും ലൈഫ് ജാക്കറ്റുകളും സൂക്ഷിച്ചിരിക്കുന്നു. ആവശ്യം വന്നാൽ പെട്ടെന്ന് ബോട്ടിറക്കി ആൾക്കാരെ രക്ഷിക്കുന്ന വിധവും ആ ആൾ വിശദീകരിച്ചു തന്നു.
         താഴത്തെ നിലയിൽ ഇരുന്നതു പോലെ ആയിരുന്നില്ല ഡെക്കിൽ. കപ്പൽ നീങ്ങുന്നതി നനുസരിച്ച് യാത്രക്കാരും ഇളകുന്നുണ്ടായിരുന്നു. അതു കൊണ്ട് ഒട്ടുമിക്ക പേരും ചുറ്റിലുമുള്ള അഴികളിൽ നന്നായി പിടിച്ചു കൊണ്ടാണ് നിന്നിരുന്നതും ഫോട്ടോ എടുത്തതും കാഴ്ചകൾ കണ്ടതും.കയ്യിൽ നിന്നും ഫോൺ വഴുതിപ്പോകാതിരിക്കാൻ പലരും പണിപ്പെടുന്നതു കാണാമായി രുന്നു.  ഡെക്കിൽ നിന്നു സൺസെറ്റ് കാണാനാണ് ഭംഗി എന്നു പരിചയമുള്ളവർ പറഞ്ഞു പക്ഷെ ഞങ്ങളുടെ സമയം രാവിലെ 9.30 മുതൽ ഉച്ചവരെ. സൂര്യൻ ഉച്ചിയിൽ എത്തി കത്തിജ്വലിച്ചു നിൽക്കുന്ന സമയം. സൂര്യനെ നേരേ മുകളിലേക്കു നോക്കിയാൽ കണ്ണിൽ ഇരുട്ടു കയറും. ചിലപ്പോൾ തലകറങ്ങി താഴെ വീണെന്നും വരും.എന്തിനു വെറുതേ കപ്പൽ യാത്രയിൽ കുഴഞ്ഞു വീണു മരിച്ചു അല്ലെങ്കിൽ സൂര്യാഘാതമേറ്റു മരിച്ചു എന്നു പത്രത്തിൽ വാർത്ത വരുത്തണം?
    അരമുക്കാൽ മണിക്കൂർ കൂടി കപ്പൽ മുന്നോട്ടു നീങ്ങിയപ്പോൾ  അറേബ്യൻ സീയിലേക്ക് ഇറങ്ങുന്ന ഭാഗമാണതെന്നു ചൂണ്ടിക്കാട്ടി അറിയിച്ചു. ഈ കടൽ വഴിയാണ് പല പല വ്യവസായങ്ങളും കപ്പൽ മാർഗം കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കും തുടക്കമിട്ടത്. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിളിക്കുന്നതിന്റെ കാരണം ഇപ്പോൾ എല്ലാവർക്കും മനസ്സിലായിരിക്കുമല്ലോ.
         എതിർ ദിശയിൽ നിന്ന് യന്ത്രസാമഗ്രികൾ സജ്ജീകരിച്ച ഒരു മണ്ണുമാന്തി കപ്പൽ വരുന്നത് കാണാൻ കഴിഞ്ഞു. എല്ലാവരും ഡെക്കിൽ നിന്ന് ഓരോരോ കൂട്ടമായും തനിച്ചും സെൽഫിയും  മറ്റുള്ളവരെക്കൊണ്ട് ഫോട്ടോകൾ എടുപ്പിച്ചും നിന്ന് സമയം മുന്നോട്ടു പോയതറിഞ്ഞില്ല.
     ഉച്ചഭക്ഷണത്തിനുള്ള സമയം ആയെന്നും ഒരേ അവസരത്തിൽ എല്ലാവർക്കും ഒരുമിച്ചിരിക്കാൻ  സ്ഥലപരിമിതി ഉള്ളതിനാൽ ഷുഗർ കംപ്ലയിന്റുകാരും കൊച്ചു കുട്ടികൾ ഒപ്പമുള്ളവരും മാത്രം നേരേ താഴത്തെ നിലയിലെ റെസ്റ്റോറണ്ടിലേക്ക്,അതായത് കോഫി കുടിച്ച സ്ഥലത്തേക്ക്, ചെല്ലാൻ പറഞ്ഞു.കേൾക്കാത്ത താമസം പലരും താഴേക്ക് തിക്കിത്തിരക്കി  ഇറങ്ങിത്തുടങ്ങി.
കുറേനേരം കൂടി കാഴ്ചകൾ കണ്ട് അവിടെ നിന്നിട്ട് ഞങ്ങളും താഴെക്കിറങ്ങി.ധൃതിയുള്ളവർ ഭക്ഷണം കഴിച്ചു തീരട്ടെ എന്നു മാത്രമല്ല കുറച്ചു കാഴ്ചകൾകൂടി കാണാം എന്നു കരുതി കപ്പലിന്റ ഒരു സൈഡിൽക്കൂടി  ചെന്നാണ് ഞങ്ങൾ അകത്തേക്ക്കയറിയത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ബഫെയുടെ തുടക്കം എവിടെയെ ന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് വന്നു. സ്റ്റെപ്പ് ഇറങ്ങി നേരേ ചെല്ലു ന്ന വാതിലിൽക്കൂടി അകത്തു കയറിയിരുന്നെങ്കിൽ അവിടെ യായിരുന്നു തുടക്കം. ടോയ്ലറ്റ് സൗകര്യവും കൈ കഴുകി കയറാനുള്ള സംവിധാനവും അവിടെത്തന്നെ ഉണ്ടായിരുന്നു താനും.ഏതായാലും ഗുണം കരുതി ഞങ്ങൾ ചെയ്തത് മഠയത്തരമായി എന്നു പറഞ്ഞാൽ മതിയല്ലോ .
 ഹാളിന്റെ ഒരു സൈഡിൽ നിന്നും ടിഷ്യൂവും ഫുൾ പ്ലേറ്റും കയ്യിലെടുത്ത് ലേബൽ എഴുതി വച്ചിരിക്കുന്ന ഒരോ ഐറ്റംസും നോക്കി സ്വയം എടുത്തും സേർവ് ചെയ്യാൻ നിൽക്കുന്നവർ വിളമ്പിത്തന്നും ഇങ്ങേ അറ്റത്തെത്തിയപ്പോൾ പ്ലേറ്റ് നിറഞ്ഞു എന്നു പറഞ്ഞാൽ 
ഒട്ടും അതിശയോക്തി ഇല്ല.
        അറേഞ്ച് ചെയ്തിരുന്ന മേശകളും കസേരകളും നിറഞ്ഞതിനാൽ ഞങ്ങൾക്ക് ഓരോരുത്തർ എഴുനേൽക്കുന്ന ഊഴം കാത്തു നിൽക്കേണ്ടി വന്നു. എല്ലാ ഐറ്റംസും നല്ല രുചിയുള്ള തും പുതുമയുള്ളതുമായിരുന്നു എന്നു പറയാതെ വയ്യ.ഫുഡ്‌ വേസ്റ്റ് കളയാനും പ്ലേറ്റ്സ് വയ്ക്കാനും കൈ കഴുകാനും പ്രത്യേക സ്ഥലങ്ങൾ കാണിച്ചു തന്നു കൊണ്ട് ജോലിക്കാർ വളരെ നല്ല രീതിയിൽ ഞങ്ങളോട് പെരുമാറി.കൈ കഴുകി ഇറങ്ങി വരുന്നിടത്ത് ഐസ് ക്രീം, പുഡ്ഡിംഗ് അങ്ങനെ പലവിധ മധുരങ്ങൾ നിരത്തിയിരുന്നു. അതിനുള്ള പാത്രങ്ങളും സ്പൂണും വേറെയും.
ഒരു ദിവസത്തേക്ക് ഷുഗർ കംപ്ലയിന്റ് മറന്ന് എല്ലാവരും ആവശ്യം പോലെ എടുത്ത് ചിരിച്ചു രസിച്ച് ആഹരിച്ചു കൊണ്ടിരുന്ന പ്പോൾ  യാത്രയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാ
ണെന്നു ഓർമ്മിപ്പിക്കവിധം കപ്പൽ തിരിച്ചു വരികയാണെന്ന് ആരോ മനസ്സിലാക്കിത്തന്ന് താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു .അതനുസരിച്ച് എല്ലാവരും താഴെ റിക്രിയേഷൻ ഹാളിലേക്ക് നീങ്ങിത്തുടങ്ങി.
       യാത്ര പോയതിന്റെ ഓർമ്മ യ്ക്കായി എന്തെങ്കിലും ഒരു മോണ്യുമെന്റ് വാങ്ങാൻ അവിടെ
 ചുറ്റും നോക്കിയിട്ട് അങ്ങനെ ഒരു വില്പനശാല കണ്ടെത്തിയില്ല. എവിടെ ടൂർ പോയാലും ഓർമ്മ യ്ക്കായി എന്തെങ്കിലും വാങ്ങി ഷോ കേസിലോ ഫ്രിഡ്ജിൽ പതിപ്പിച്ചോ വയ്ക്കുന്ന പതിവുണ്ടായിരുന്നു. കുറഞ്ഞത് കപ്പലിന്റ ഒരു ചെറിയ മാതൃക മാഗ്നെറ്റ് പതിച്ചതോ പതിക്കാത്തതോ എങ്കിലും അവിടെ വില്പനക്കു വയ്ക്കേണ്ട തായിരുന്നില്ലേ എന്നുപോലും തോന്നാതിരുന്നില്ല .
     ഇടയ്ക്കെപ്പോഴോ ഒരു ജോലിക്കാരനോട് കപ്പലിൽ ആകെ എത്രപേർ കാണും എന്നു ചോദിച്ചിരുന്നു. പത്തിരുപതുപേർ കാണുമായിരിക്കും എന്നു മറുപടിയും കിട്ടി.എല്ലാവരെയും കണ്ടില്ലെങ്കിലും റസ്റ്റൊറൻഡിൽ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഞങ്ങൾ മെയിൻ വാതിലിൽ കൂടി പുറത്തേക്കിറങ്ങി . അതിന്റെ സൈഡിൽ  കുട്ടികളുടെ പ്ലേ ഏരിയ കണ്ടു. ഊണു കഴിഞ്ഞ് കുട്ടികൾ കളിക്കുന്നതും. കപ്പലിന്റെ മറു ഭാഗം കൂടി  കാണത്തക്കവിധം അവിടെ കണ്ട  വഴിയിൽ ഇറങ്ങി ചുറ്റിത്തിരിയു മ്പോൾ രണ്ടു ജോലിക്കാർ കഴുകാനുള്ള പ്ലേറ്റ്സ് സെറ്റ് ചെയ്ത ട്രോളിയുമായി കടന്നു വന്ന് ഞങ്ങളോട് പറഞ്ഞു ഈ വശത്തു നിൽക്കുന്നത് അവർക്കു മാർഗ്ഗതടസ്സം ഉണ്ടാക്കുമെന്നും താഴേക്ക് ഇറങ്ങണമെന്നും. അവർ പറഞ്ഞത്‌ വളരെ ശരിയായിരുന്നു വളരെ ഇടുങ്ങിയ ഒരു പാസ്സേജ് ആയിരുന്നു അത്.
       താഴെ വീണ്ടും എല്ലാവരേയും ഒത്തു ചേർത്ത് ഒരു കൂടിക്കാഴ്ച കൂടി.  പലരും നന്ദി പ്രകടനവും അനുഭവസാക്ഷ്യങ്ങളുമായി  മുന്നോട്ടു വന്നു.ഇത്തവണ 
മാത്യൂസ് അച്ചൻ ഒപ്പം വന്ന സോബിൻ മൂലയിൽ അച്ചനാണ് ഉപസംഹാരത്തിനു ചാൻസ് കൊടുത്തത്. അല്ലെങ്കിലും അതാണല്ലോ അതിന്റെ ശരി, ആമുഖപ്രസംഗവും അവശ്യം വേണ്ട നിർദ്ദേശങ്ങളും താക്കീതു കളും കൊടുത്തത് സീനിയർ അച്ചൻ. ഇത് ഒരു നന്ദി പ്രകാശനം. അച്ചൻ അതു വളരെ ഭംഗിയായി ത്തന്നെ കൈകാര്യം ചെയ്തു. കപ്പൽ ജീവനക്കാരുടെ ഭാഗത്തു നിന്നും വളരെ ഉദാത്തമായ ഒരു മറുപടി പ്രസംഗവും ഉണ്ടായി. പിന്നെ അച്ചന്മാരോടൊത്ത് ആൾക്കാരുടെ ഫോട്ടോ എടുപ്പ്.

ആ ഹാളിൽ ഉണ്ടായിരുന്ന രാജാവിന്റെയും റാണിയുടെയും പ്രതിമകൾ കിട്ടത്തക്കവിധം. ഞങ്ങളും  ഗ്രൂപ്പായി നിന്ന് പലപോസിൽ ഫോട്ടോകൾ എടുത്തു. എടുപ്പിച്ചു. കപ്പൽ ജെട്ടി അടുത്തു ഇറങ്ങാൻ സമയമായി എന്ന് അറിയിപ്പ് കിട്ടി. ഇറങ്ങുമ്പോൾ ബാഗിൽ നിന്നും എടുത്തു വച്ച സാധനങ്ങൾ തിരികെ എടുത്തു കൊള്ളണം എന്നു നിർദ്ദേശിച്ചു ജോലിക്കാർ ഞങ്ങളെ സ്നേഹ പൂർവ്വം യാത്രയാ‌ക്കിക്കൊണ്ടി

രുന്നു .
            ബസ്സിൽ ഒന്നു രണ്ടു മണിക്കൂർ ഇരുന്നാലേ വീടെത്തു. ഒരിക്കൽക്കൂടി ടോയ്ലറ്റ് യൂസ് ചെയ്തിട്ട് പോകുന്നതല്ലേ നല്ലത് എന്ന ചിന്തയാൽ ഞങ്ങൾ ആ വശത്തേക്ക് തിരിഞ്ഞു. കപ്പലിൽ നിന്നിറങ്ങുന്നതിനു മുൻപ് എടുക്കാനുള്ള സ്നാക്സും വെള്ളത്തിന്റെ കുപ്പിയും എടുക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വലിയ പ്ലാസ്റ്റിക് ബാഗ് നിറയെ വെള്ളത്തിന്റെ കുപ്പികളും അടുത്ത് മറ്റൊരു ബാഗിൽ എന്റെ രണ്ടിൽ ഒരു പാക്കറ്റ് സ്നാക്കും മാത്രം കിടക്കുന്നതു ഞാൻ കണ്ടു.  ഒരമ്മയും കുട്ടിയും അവരുടെ ബാഗിൽ നിന്നും എടുത്തു വച്ച സ്നാക്ക്സ് തിരയുന്നതും.പാവം കുട്ടി.ഞാൻ ആ ഒരു പാക്കറ്റ് എടുത്ത് ആ കുട്ടിയ്ക്ക് നേരേ നീട്ടി .അവൾ അമ്മയെ നോക്കിയിട്ട് അതു വാങ്ങി.ആ മിഴികളിൽ തെളിഞ്ഞ നന്ദി പ്രകാശനം ആയിരം സ്നാക്ക്സ് ഒരുമിച്ചു കഴിച്ച ചരിതാർഥ്യം എന്നിൽ ഉളവാക്കി.ജോലിക്കാ രുടെ നിർദേശം ഗിഫ്റ്റായി കരുതിയാവണം ആദ്യമിറങ്ങിയർ സ്നാക്ക് പാക്കറ്റ്സ് എടുത്തത് അതു കണ്ട് പുറകേ വന്നവരും എടുത്തു കാണണം.
        പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് ഞങ്ങൾക്ക് കയറാനുള്ള നമ്പർ സിക്സ് ബസ്സ് കിടപ്പുണ്ടാ യിരുന്നു.ഒരിടത്തും ആരും ബസ്സ് മാറി  കയറരുത് എന്നു പ്രത്യേക നിർദേശം  ഉണ്ടായിരുന്നു. കാരണം ഒരോ ബസ്സിനും ഓരോ റൂട്ടും ഒരോ ഡെസ്റ്റിനേഷനും ആയിരുന്നു. ആറെന്ന നമ്പർ ഒരു നല്ല നമ്പർ അല്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഒരു കുഴപ്പവും കൂടാതെ ഞങ്ങൾ ചെല്ലേണ്ട സ്ഥാനത്തു ചെല്ലാനും തിരിച്ചു് കയറിയ സ്ഥാനത്തു തന്നെ  ഇറങ്ങാനും ദൈവം ഞങ്ങൾക്ക് തുണയേകി. ബോൾഗാട്ടി പാലസ് കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ബസ്സുകാർക്ക് നിർദേശം കിട്ടിയിരുന്നില്ല എന്നവർ പറഞ്ഞു.ബസ്സിൽ അങ്ങോട്ടുണ്ടായിരുന്ന ചുമതല പ്പെട്ടവർ ഉച്ച കഴിഞ്ഞുള്ള ട്രിപ്പിൽക്കൂടി ഭാഗഭാക്കായി കണക്കു തീർക്കേണ്ടതുണ്ടായി രുന്നതു കൊണ്ട്  നിർദേശം കൊടുക്കാൻ ബസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും വല്ലാർപാടം പള്ളിയിൽ ഇറങ്ങാനും പരിശുദ്ധ 
മാതാവിനെ കണ്ടു വണങ്ങി പ്രാർത്ഥിക്കാനും കാണിക്ക സമർപ്പിക്കാനും മുത്തിയമ്മയ്ക്ക് നേർച്ചയായ ചൂലെടുത്ത് മുറ്റമടിക്കാനും സാധിച്ചത്വളരെ അനുഗ്രഹമായി തോന്നി. ഇടയ്ക്കൊരു ചായ കുടിക്കാനുമുള്ള അവസരവും ബസ്സുകാർ നൽകിയതിൽ ഞങ്ങൾക്കു അവരോട് നന്ദിയും സന്തോഷവും തോന്നി . 
      ഇതുപോലെ പുതുമയുള്ള ഒരു കാര്യം നടത്താൻ കോട്ടയം ഭദ്രാസന മർത്തമറിയം വനിതാ സമാജം ഭാരവാഹികൾക്ക് സാധിച്ചതിൽ അവരോടുമുള്ള നന്ദിയും കടപ്പാടും അർപ്പിക്കുന്നു.
ഇനിയും ഇതുപോലെ ഓരോ പുതുമ നിറഞ്ഞ കാര്യങ്ങളൊ ട്രിപ്പുകളോ സമാജം വഴി നടത്താൻ ഇടയാകട്ടെ എന്നു ആശംസിച്ചു കൊണ്ട്,ഒരു ചെറിയ കാര്യം എന്നാൽ ചിലർക്ക് അതു വലിയ കാര്യം ആണെന്ന് മനസ്സിലാക്കി, ആരെങ്കിലും മക്കളും കൊച്ചു മക്കളും ഒക്കെയായി ജലയാന യാത്ര നടത്താൻ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ നേരത്തെ സൂചിപ്പിച്ച 'ഇളവൻ കളം ഹോളിഡേയ്‌സിനെ മറക്കരുതേ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ യാത്രാവിവരണത്തിന് വിരാമം ഇടുന്നു.യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരെയും പ്രാർത്ഥനയിൽ ഓർത്തു കൊണ്ട്, സ്നേഹപൂർവ്വം.

Mary  Alex (മണിയ )