നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സുധാകരൻറെ മക്കള്‍ക്ക് നൽകണം.
ചെന്താമരയ്ക്ക് മാനസികപ്രശ്നമില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് അറിഞ്ഞ ശേഷം പ്രതിയുടെ പ്രതികരണങ്ങള്‍ കോടതി വിധിയിൽ കോടതി പരാമര്‍ശിച്ചു. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ടിൻ മേലുള്ള വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി. 2019ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ ആണ് സജിതയുടെ കേസും കോടതി പരാമര്‍ശിച്ചു.
കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ശേഷം ചെന്താമര വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല.
2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.