ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി, എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല ഇത് ; വി.ഡി. സതീശന്‍

Mar 20, 2026 - 12:03
 0  4
ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി, എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല  ഇത് ; വി.ഡി. സതീശന്‍

ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാൻ സാധിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരസ്പര വിശ്വാസം പ്രകടിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. പണ്ടൊക്കെ എത്ര ദിവസമെടുത്താണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. കേരളാ കോണ്‍ഗ്രസ് അടക്കം വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല ഇത്. ആദ്യ ദിവസം മധുസൂദനന്‍ മിസ്ത്രിക്ക് സുഖമില്ലാതിരുന്നത് കൊണ്ട് നീണ്ടുപോയി. 48 മണിക്കൂര്‍ കൊണ്ട് തീരുമാനമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ നേതാക്കള്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണ്. ഡല്‍ഹിയില്‍ തീരുമാനമെടുക്കാതെ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് കാണിക്കാന്‍ വാര്‍ത്തകള്‍ നല്‍കുകയാണ്. മാധ്യമങ്ങള്‍ കാണിച്ചത് മര്യാദകേടാണ്. താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കും എന്ന് വരെ വാര്‍ത്ത വന്നു. അടിസ്ഥാനമുള്ള വാര്‍ത്തകളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുതെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

സത്യത്തില്‍ മാധ്യമങ്ങള്‍ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ആ പാവത്തിനെ മാധ്യമങ്ങള്‍ എന്തിനാണ് അധിക്ഷേപിച്ചത്. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മില്‍ കൊച്ചിയിലെ സീറ്റിനെപ്പറ്റി വഴക്കിട്ടുവെന്ന വാര്‍ത്ത കെ സി തന്നെയാണ് തന്നോടു പറഞ്ഞതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.