സാരനാഥ് ഔദ്യോഗികമായി യുനെസ്കോ ലോക പൈതൃക പട്ടികയിൽ!

Jul 27, 2026 - 16:00
 0  2
സാരനാഥ് ഔദ്യോഗികമായി യുനെസ്കോ ലോക പൈതൃക പട്ടികയിൽ!

ത്തർപ്രദേശിലെ വാരണാസിക്കടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാരാനാഥ് ഔദ്യോഗികമായി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിരിക്കുന്നു. ദക്ഷിണ കൊറിയയിൽ നടന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് ഇന്ത്യയുടെ പുരാതന ബൗദ്ധിക കേന്ദ്രമായ സാരാനാഥിന് ഈ അഭിമാനകരമായ പദവി ലഭിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ എണ്ണം 45 ആയി ഉയർന്നു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ സാരാനാഥിനെത്തേടിയെത്തിയ ഈ അംഗീകാരം ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലുകൂടിയാണ്.

വളരെ കർശനമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സാരാനാഥ് ഈ അന്താരാഷ്ട്ര പദവിയിലേക്ക് എത്തിയത്. യുനെസ്കോയുടെ മാനദണ്ഡപ്രകാരം മാനവികതയ്ക്ക് മികച്ച സാർവ്വത്രിക മൂല്യമുള്ള സാംസ്കാരിക പൈതൃകങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

 സാരാനാഥിന്റെ കാര്യത്തിൽ, നൂറ്റാണ്ടുകളായുള്ള അതിന്റെ അസാധാരണമായ ആത്മീയ പാരമ്പര്യവും, ഗൗതമബുദ്ധന്റെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളുമായുള്ള നേരിട്ടുള്ള ബന്ധവും പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെട്ടു. 1998 മുതൽ യുനെസ്കോയുടെ താൽക്കാലിക പട്ടികയിലുണ്ടായിരുന്ന ഈ പ്രദേശത്തിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും നടത്തിയ നിരന്തരമായ പരിശ്രമങ്ങളാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.

ബുദ്ധൻ തന്റെ ജ്ഞാനോദയത്തിന് ശേഷം ആദ്യമായി ശിഷ്യന്മാരെ കണ്ട് ‘ധർമ്മചക്രപ്രവർത്തനം’ അഥവാ പ്രഥമ പ്രഭാഷണം നടത്തിയ പുണ്യഭൂമിയാണ് സാരാനാഥ്. ചൗഖണ്ഡി സ്തൂപം, ധമേഖ് സ്തൂപം, അശോകസ്തംഭം തുടങ്ങി ചരിത്രപ്രധാനമായ നിരവധി സ്മാരകങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്