ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കുന്നതിനായി തെലങ്കാന ദേശീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന കാൻഡിൽ മാർച്ചിലായിരന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനായി ഓഗസ്റ്റ് ആദ്യവാരം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി), രാജ്യസഭാ അംഗമാകാനുള്ള പ്രായപരിധി 30 വയസ്സിൽ നിന്ന് 25 വയസ്സായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും പാസാക്കും. ഈ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുക്കുമെന്നും പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. നിർദിഷ്ട നിയമനിർമ്മാണത്തിന് പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കാണുമെന്നും അദ്ദേഹം അറിയിച്ചു.