സമരം ചെയ്ത വിദ്യാര്‍ഥികളെ പെല്ലറ്റ് കൊണ്ട് ആക്രമിക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയത്; ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും ആഭ്യന്തര മന്ത്രിഅമിത് ഷാക്കെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരക്കാരായ വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ആരാണ് ഡല്‍ഹി പോലീസിന് ഉത്തരവ് നല്‍കിയതെന്ന് അമിത്ഷാ വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ന്യായവും ഉത്തരവാദിത്തവുമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനുവേണ്ടി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനു പകരം പോലീസ് ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു.
സുരക്ഷാ സേന പ്രതിഷേധക്കാരെ മാരകായുധങ്ങളും കണ്ണീര്‍വാതകവും ഉള്‍പ്പെടെ ഉപയോഗിച്ച് ബലപ്രയോഗം നടത്തുകയും ആക്രമിക്കുകയും ചെയ്തു. പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് അമിത് ഷാ വ്യക്തമാക്കണം. യൂണിഫോമിലല്ലാതെ പോലീസിന്റെ കൂടെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ആളുകളെ കണ്ടു. ഈ ആളുകള്‍ പോലീസ് ഉദ്യോഗസ്ഥരാണോ അതോ സന്നദ്ധപ്രവര്‍ത്തകരാണോ. ആരാണ് അവരെ വിന്യസിക്കാന്‍ അധികാരപ്പെടുത്തിയതെന്നും രാഹുല്‍ കത്തില്‍ ചോദിച്ചു.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തില്‍ അനിവാര്യമാണ്. സമരക്കാര്‍ക്ക് സംരക്ഷണം നല്‍കലും അവരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തലും സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. പോലീസ് ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ വരെ പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമണം നടത്തി. പെല്ലറ്റ് തോക്കുകൊണ്ടുള്ള വെടിയേറ്റ് കടുത്ത വേദന അനുഭവിക്കുന്ന, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാഹില്‍ ലോചാബ് എന്ന 19കാരനെ കണ്ടുവെന്നും രാഹുല്‍ പറഞ്ഞു.