രൂപാന്തരണം: കവിത , സന്ധ്യ

Jul 5, 2024 - 19:49
 0  35
രൂപാന്തരണം: കവിത , സന്ധ്യ
ഏകാന്തതയുടെ
ഒറ്റമുറി വീട്.
ഓർമ്മയുടെ 
ചാരുകസേരയിൽ
ഒറ്റയ്ക്കിരിക്കുന്ന
എൻ്റെയകം.
ചില്ലു കൂട്ടിലെ 
മത്സ്യക്കണ്ണുകൾ.
എന്നെയുറ്റു 
നോക്കുന്നു
എൻ്റെയുള്ളിലേക്ക് 
തുളച്ചു കയറുന്ന 
തിളങ്ങുന്ന രണ്ട് 
ഗോളങ്ങളെന്നെ 
മാടി വിളിക്കുന്നു.
ചില്ലുപാത്രത്തിൻ്റെ 
വക്കുകളിൽ മുത്തി 
ഗോൾഡ് ഫിഷും 
ഗപ്പിയും കണ്ണിമ ചിമ്മി
ത്തുറക്കുമ്പോൾ
കണ്ണാടിച്ചുവരുകളലിഞ്ഞ് 
കടലിൻ്റെയാഴങ്ങളിലവ
അദൃശ്യമാവുന്നു...
ഒറ്റമുറിവീടിൻ്റെയകം  
ഉൾക്കടലാവുന്നു. 
പവിഴപ്പുറ്റുകളിൽ 
എൻ്റെ പുറന്തോടുകൾ
രൂപാന്തരണത്തിൻ്റെ 
പടം പൊഴിക്കുന്നു.
ശല്കങ്ങളിൽ  കോറിയ 
പ്രാചീന ലിപികളിൽ 
നിന്ന് വായിച്ചെടുത്ത
പൂർവ്വജന്മ സ്മൃതി 
പഥങ്ങളിലൂടെ 
മത്സ്യച്ചിറകിലേറി
ഏഴു സമുദ്രങ്ങൾ
താണ്ടി ഞാനെൻ്റെ 
മത്സ്യജന്മത്തിലേക്ക് 
ജലകന്യകയായി 
ഊളിയിട്ടിറങ്ങുന്നു.