സപ്ന അനു ബി ജോർജ്
2004-ൽ, ഡുച്ചെൻ മസ്കുലാർ ഡിസ്ട്രോഫി രോഗിയായ കൊളവെന്നു വെങ്കിടേഷ് ദയാവധം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്തു, ഇത് ഈ ആചാരത്തെക്കുറിച്ച് രാജ്യവ്യാപകമായ ഒരു വിഷയമായിത്തീർന്നു.അദ്ദേഹത്തിന്റെ പോരാട്ടമാണ് കജോൾ അഭിനയിച്ച ‘സലാം വെങ്കി’ എന്ന സിനിമയ്ക്ക് പ്രചോദനമായ കഥ.പ്രത്യേകിച്ച് വെങ്കിയായി അഭിനയിച്ച നടൻ വിശാൽ ജത്വ മികച്ച പ്രകടനം കാഴ്ചവച്ചു.വളരെ ദുഃഖകരമായ ഒരു ചിത്രമാണെങ്കിലും എല്ലാവരും കാണാൻ തീർച്ചയായും ശുപാർശ ചെയ്യപ്പെടേണ്ട ഒന്നാണ് 'സലാം വെങ്കി'.വേദനയോടൊപ്പം പോസിറ്റീവിറ്റിയും മികച്ച മാനുഷിക മൂല്യവും നിറഞ്ഞ ഒരു സിനിമയാണിത് .
ആ സിനിമയിലെ ഹൃദയം കീറിമുറിക്കുന്ന അവസാനത്തെ ഒന്ന് രണ്ട് സീനുകൾ ആണിവ...........അമ്മ സുജാതയും സംസാരിക്കാൻ സാധിക്കാതെ ചീരിക്കാനുള്ള മുഖത്തെ ഞരംബുകളുടെ ചലനശേഷി പോലും നഷ്ടപ്പെട്ട വെങ്കിയുടെയും സംസാരം ഇങ്ങനെയായിരുന്നു, അമ്മക്ക് വിഷമം ആയോ എന്നുള്ള വെങ്കിയുടെ ആഗ്യഭാഷയിലെ ചോദ്യത്തിന് അമ്മ സുജാതയുടെ മറുപടി………………
“നീ എന്നെ ജീവിക്കാൻ പഠിപ്പിച്ചു,താഴെവീണാൽ എങ്ങനെ എഴുനേൽക്കണം,എങ്ങനെ വളരണം എങ്ങനെ ജീവിതത്തോട് മല്ലടിക്കണം എന്നെല്ലാം!ജീവിതത്തെ അഭിമുഖീകരിക്കാൻ പഠിപ്പിച്ചു,സൂപ്പർമാനെപ്പോലെ”
“അല്ല അമ്മ, അർനോൾഡിനെപ്പോലെ”എന്നുള്ള അവന്റെ ഉത്തരത്തിന്റെ മൂളൽ‘
വീണ്ടും അവൻ ചോദിച്ചു തന്റെ ആംഗ്യഭാഷയിൽ “മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും”
അമ്മയുടെ മറുപടി “ ആർക്കും അറിയില്ല മരണത്തിനു ശേഷം എന്താണെന്ന് പക്ഷെ നിനക്ക് ഒരു വലിയ പ്രോമിസ് നൽകാൻ എനിക്ക് സാധിക്കും,അതിനുശേഷം നിന്റെ സകല വേദനകളും,നിന്റെ സകല ഭയങ്ങളും എന്നന്നേക്കുമായി അവസാനിക്കും”.
കാജോൾ അമ്മ സൂജാതയായും വിശാൽ ജത്വ മകൻ വെങ്കടേശായും അഭിനക്കുന്ന ‘സലാം വെങ്കി’ എന്ന സിനിമയുടെ ഹൃദയം കീറിമുറിക്കുന്ന അവസാന ചില സീനുകളിൽ ഒന്നാണിത്.ദയാഹർജിക്കായി അപേക്ഷിച്ച വെങ്കിയുടെ അപേക്ഷ നേരിട്ടുകേട്ട ജഡ്ജി,നാളെ 11 മണിക്ക് ഈ ഹർജിയുടെ വിധി പറയും എന്നറിയിച്ചിരുന്നെങ്കിലും,വെങ്കിയെ കാണാൻ ആശുപത്രിയിൽ മുന്നറിയിപ്പില്ലാതെ നേരീട്ട് എത്തുന്നു!തന്റെ ആഗ്രഹം വീഡിയോയിലൂടെ ജഡ്ജിയോടെ നേരിട്ട് പറയുന്ന വെങ്കിയുടെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു,”ജെയിലിൽ തൂക്കുകയറിൽ മരിക്കുന്നവരോട് പോലും അവസാന ആഗ്രഹങ്ങൾ ചോദിക്കാറില്ലെ?അതുപോലെ ഇതും എന്റെ അവസാന ആഗ്രഹം ആണ്,ദയാവധം എന്ന നിയമം എനിക്കായി നൽകണം”
അങ്ങനെ വെങ്കിയുടെ ഹോസ്പിറ്റൽ ബെഡിൽ വന്നിരുന്ന ജഡ്ജി പറയുന്നു.............“ഈ കോടതി വിധി നിയമത്തിന്റെ പുറകിൽ നിന്നല്ല മറിച്ച് നിന്റെ മുഖത്ത്,കണ്ണിൽ നോക്കിത്തന്നെ പറയണം എന്ന് ആഗ്രഹിക്കുന്നു.കോടതി അത്രയെങ്കിലും നിന്നോട് ഉത്തരവാദിത്വം കാണിക്കണ്ടേ!ജീവിതത്തിൽ ധാരാളം കേസുകൾക്ക് ഞാൻ വിധി പറഞ്ഞിട്ടുണ്ട്,രണ്ട് കാര്യങ്ങൾ മാത്രം ഒന്നുകിൽ നിയമം അനുവദിക്കുന്ന ശിക്ഷ അല്ലെങ്കിൽ അവരുടെ നിരപരാധിത്വം.പക്ഷെ നീ എന്നെ മൂന്നാമത് ഒരു വഴി കൂടി പഠിപ്പിച്ചു,’നിയമം മെച്ചപ്പെടുത്താനുള്ള വഴി’.പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ നിയമം പെട്ടെന്ന് ഒരു ദിവസം കൊണ്ട് മാറ്റാൻ സാധിക്കില്ല.ക്ഷമിക്കണം വെങ്കിടേഷ്,ദായവധത്തിനായി നീ നൽകിയ അപേക്ഷ കോടതി നിരസിക്കുകയാണ്.ഈ കേസ് സ്ടേറ്റിനു അനുകൂലമായി വിധിക്കുന്നു.നീന്റെ ജീവിതത്തിന്റെ അവസാന ആഗ്രഹം സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ല.എങ്കിലും ഞാൻ നീന്നോട് ഒരു പ്രോമിസ് നൽകുന്നു,നിയമം നിന്റെ ആഗ്രഹം പോലെ മാറ്റാൻ ശ്രമിക്കും,എല്ലാവർക്കും അഭിമാനത്തോടെ ജീവിക്കാൻ അവകാശമുണ്ടെങ്കിൽ അതേനിയമം സന്തോഷത്തോടെ മരിക്കാനുള്ള അവകാശവും നൽകണം”
ആ സമയത്ത് ആംഗ്യഭാഷയിൽ വെങ്കി പറയുന്നത് അമ്മ വാക്കുകളിൽ പറയുന്നു, “അവൻ താങ്കളോട് എന്തോ പറയാൻ ആഗ്രഹിക്കുന്നു.....
“വളരെ നന്ദി,എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ താങ്കൾക്കൊപ്പം ഞാൻ ഒരു ചെസ്സ് കളിച്ചേനെ എന്ന്”
അവൻ താങ്കലെ നോക്കി ചിരിക്കയാണ് എന്ന് പറയുന്നു,ആ ചിരി കാണാൻ നമുക്ക് സാധിക്കില്ല,കാരണം അവന്റെ ചിരി ഞരമ്പുകൾ ഇപ്പോൾ പ്രവത്തിക്കുന്നില്ല”അമ്മ കൂട്ടിച്ചേർത്തു,ജഡ്ജിന്റെ മുഖത്തെ അത്ഭുതം കണ്ടിട്ട്......താങ്കളാണ് അവന്റെ കേസിന്റെ ജഡ്ജി എന്നറിഞ്ഞപ്പോൾ,അവൻ താങ്കളെക്കുറിച്ചുള്ള എല്ല്ലാ വിവരങ്ങളും വായിച്ചു മനസ്സിലാക്കി.
അതിയായ സന്തോഷത്തോടെ ജഡ്ജി “നിങ്ങളെ കാണാൻ കഴിഞ്ഞത് ഒരു അഭിമാനം തന്നെയാണ് വെങ്കിടേഷ്”
ഹൃദയസ്പർശിയായ ഈ സിനിമയിൽ ദയാവധത്തെപ്പറ്റിയുള്ള വിഷയമാണ് രേവതി ഈ ചിത്രത്തിന്റെ കഥതന്തുവായി ഉപയോഗിച്ചിരിക്കുന്നത്.സുജാത എന്ന അമ്മയുടെ മനസ്സിന്റെ ഒരു പ്രതികരണം, ഒരു ഭ്രമമായി അല്ലെങ്കിൽ ഒരു മാലാഖയുടെ ഭാവത്തിൽ അമീർ ഖാനും ഒരു പ്രത്യേക വേഷം ചെയ്യൂന്നുണ്ട്.
ഡുച്ചെൻ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗബാധിതനായ വെങ്കിടേഷ് 16 വയസ്സുള്ളപ്പോൾ തന്നെ രോഗിയായി മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.പകരം,ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ദൃഢനിശ്ചയവും ഉയർന്ന മനുഷികചൈതന്യവും വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി. എപ്പോഴും പുഞ്ചിരിക്കുന്ന വെങ്കിടേഷ് ഈ ലോകം വിടുന്നതിനുമുമ്പ് തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു.24 വയസ്സുള്ളപ്പോൾ അദ്ദേഹം രാജ്യത്തിന്റെ നിയമത്തെയും വെല്ലുവിളിക്കുകയും ജനങ്ങളുടെ ഹൃദയങ്ങളിൽ തന്റെ സ്ഥാനം നേടുകയും ചെയ്തിരുന്നു.രോഗബാധിതനായ തന്റെ മകനെ പൂർണ്ണമായി ജീവിക്കാൻ അനുവദിക്കാൻ,തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്ന ഒരു അമ്മയുടെ യഥാർത്ഥ കഥയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.മാരകമായ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് മരണാസന്നയായ മകനും അവന്റെ ജീവിതം എത്രയും സന്തോഷകരമാക്കാൻ തുനിഞ്ഞിറങ്ങിയ ഒരു അമ്മയും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടങ്ങിയ ശ്രീകാന്ത് മൂർത്തിയുടെ ‘ദി ലാസ്റ്റ് ഹുറേ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇത് ആന്ധ്രാപ്രദേശിൽ നിന്നുള്ള കൊലവന്നു വെങ്കിടേയും അമ്മ കെ.സുജാതയുടെയും യഥാർത്ഥ ജീവിതസംഭവങ്ങളെക്കുറിച്ചുള്ളതാണ് ഈ കഥ.കൊളവെന്നു വെങ്കിടേഷിന്റെ ,2004 ലെ മരണം ഇന്ത്യയിൽ ദയാവധത്തെക്കുറിച്ച് രാജ്യവ്യാപകമായ ഒരു ചർച്ചയ്ക്ക് കാരണമായി.
2022 ൽ രേവതി സംവിധാനം ചെയ്‌ത ചിത്രമാണ് സലാം വെങ്കി.സൂരജ് സിംഗ്, ശ്രദ്ധ അഗർവാൾ എന്നിവരോടൊപ്പം കണക്റ്റ് മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ കാജോളും വിശാൽ ജേത്വയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2021 ഒക്ടോബർ 7 ന് രേവതിയും കജോളും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്.പ്രധാന ഫോട്ടോഗ്രഫി 2022 ഫെബ്രുവരി 11-ന് ആരംഭിച്ചു,2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.സ്ത്രീകളുടെ ക്ഷേമത്തിനായി സമഗ്രമായ ക്ഷേമം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടന്ന FICCI ലേഡീസ് ഓർഗനൈസേഷനിൽ സംസാരിക്കാൻ എത്തിയ നടിയും സംവിധായികയുമായ രേവതി ഈയിടക്ക് ഡൽഹിയിലെ ഒരു പ്രസംഗത്തിനിടെ തന്റെ അവസാന സംവിധാന സംരംഭമായ സലാം വെങ്കിയെക്കുറിച്ച് സംസാരിക്കയുണ്ടായി. “15 വർഷമായി ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണിത്.എല്ലാ സ്ത്രീകളും അത്ഭുതകരമാണെന്ന് ഞാൻ കരുതുന്നു. ഓരോ സ്ത്രീയും എന്നെ പ്രചോദിപ്പിക്കുന്നു. അവർ ഒരു മൾട്ടിടാസ്കറാണ്” എന്നു കൂടെ രേവതി കൂട്ടിച്ചേർത്തു.
ആറു വയസ്സുമുതൽ കൊളവെന്നു വീൽചെയറിൽ മാത്രം ജീവിതത്തിന്റെ ചലനങ്ങൾ നടത്താൻ നിർബന്ധിതനായി.അങ്ങനെ ജീവിതം മുഴുവൻ അമ്മ സുജാതയുടെ പരിചരണത്തിലായിത്തീർന്നു.ചെസ്സ് കളി കൊളവെന്നുവിന് എന്നും ഒരു ഹരമായിരുന്നു.സമർഥനായ ഒരു കളിക്കാരനായപ്പോൾ തന്റെ ജീവിതത്തിന് വളരെ പോസിറ്റീവായ ഒരു അർത്ഥം കണ്ടെത്തി. 2004 ഡിസംബറിൽ രോഗം വളരെ മൂർച്ഛിച്ചതിനെത്തുടർന്ന് അവരുടെ ജന്മനാടായ ഹൈദരാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഡോക്ടർമാർ 24 മുതൽ 48 മണിക്കൂർവരെ മാത്രമേ ജീവിച്ചിരിക്കൂ എന്ന് കണക്കുകൂട്ടി.എന്നാൽ അമ്മ സുജാതയുടെ സമീപനം കൊളവെന്നുവിന്റെ ജീവൻ നിലനിർത്തി.
എപ്പോഴും തന്റെ പ്രതിസന്ധിയെക്കുറിച്ച് തുറന്നതും സത്യസന്ധവും പോസിറ്റീവായ ഒരു സമീപനമാണ് സിനിമയിലും നമ്മൾ വെങ്കിടേശിലൂടെ കാണുന്നത്.മരിക്കുന്നതിന് മുൻപ് തന്റെ അവയവങ്ങൾ നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന്,ദയാവധത്തിന് അംഗീകാരത്തിനായി കൊളവെന്നുവിന്റെ അമ്മ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ഔദ്യോഗികമായി അപേക്ഷ നൽകി. ദയാവധത്തിനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചതിനാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കോളെവനു കഴിഞ്ഞില്ല. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സുജാത ശ്രമിച്ചെങ്കിലും വൈകിപ്പോയി!2004 ഡിസംബർ 18 ന് കൊളവെന്നു മരിച്ചു, അവയവങ്ങൾ ഇതിനകം അഴുകാൻ തുടങ്ങിയിരുന്നതിനാൽ തന്റെ കണ്ണുകൾ മാത്രമേ ദാനം ചെയ്യാൻ കഴിഞ്ഞുള്ളൂ. ഹൈക്കോടതി ദയാവധത്തിനുള്ള അപേക്ഷ നിരസിച്ചതിന് രണ്ട് ദിവസത്തിന് ശേഷം കൊളവെന്നു മരിച്ചു.