ഒരു ദിവസം ഒരു ചാനലിൽ രണ്ടുസീരിയൽ മതി: വനിതാകമ്മീഷൻ

Nov 18, 2024 - 10:22
 0  305
ഒരു ദിവസം ഒരു ചാനലിൽ  രണ്ടുസീരിയൽ മതി: വനിതാകമ്മീഷൻ

തിരുവനന്തപുരം : സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏൽപ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണമെന്ന് വനിതാകമ്മീഷൻ ആവശ്യപ്പെട്ടു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയാണ് കമ്മീഷൻ ഇതേക്കുറിച്ച് പഠിച്ചത്. മെഗാപരമ്പരകൾ നിരോധിച്ച്, എപ്പിസോഡുകൾ 20 മുതൽ 30 വരെയായി കുറയ്ക്കണമെന്നും കമ്മിഷന്റെ പഠന റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ഒരു ദിവസം ഒരു ചാനലിൽ രണ്ടുസീരിയൽ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കുട്ടികളടക്കം അസാന്മാർഗിക കഥാപാത്രങ്ങളെ അനുകരിക്കുന്നുണ്ട്. സ്ത്രീകൾ കേന്ദ്രകഥാപാത്രമാകുമ്പോൾ മിക്കപ്പോഴും നെഗറ്റീവ് റോളിലായിരിക്കും. യാഥാർഥ്യബോധമുള്ള കഥകൾ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകൾ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു.

ഹ്രസ്വചിത്രങ്ങളും വെബ്‌സീരീസുകളും വിദ്യാഭ്യാസപരിപാടികളും ഉൾപ്പെടുത്തുക, കുട്ടികൾ അമിതമായി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുക, അധിക്ഷേപഭാഷ നിരോധിക്കുക, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്നതിനെതിരേയുള്ള നിയമം കർശനമായി നടപ്പാക്കണം, അശ്ലീല ഉള്ളടക്കങ്ങൾ തിരയുന്നത് കർശനമായി നിയന്ത്രിക്കുക, തുടങ്ങിയവയും കമ്മീഷൻ ആവശ്യപ്പെടുന്നു