ദേവന് നേദിക്കും മുമ്പ് വള്ളസദ്യ മന്ത്രിക്ക് വിളമ്പി: ആചാരലംഘനത്തിന് പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി

പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി തന്ത്രി. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നേദിച്ചത് ആചാരലംഘനമാണ് എന്നും അതിന് പരിഹാര ക്രിയ ചെയ്യണം എന്നുമാണ് തന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാണ് കത്ത് നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 14 നായിരുന്നു അഷ്ടമിരോഹിണി വള്ളസദ്യ നടന്നത്. പ്രസ്തുത പരിപാടിയില്‍ മന്ത്രിമാരായ വിഎന്‍ വാസവന്‍, പി. പ്രസാദ് എന്നിവര്‍ പങ്കെടുത്തിരുന്നു. വാസവനായിരുന്നു ഉദ്ഘാടകന്‍. ദേവന് നേദിക്കുന്നതിന് മുന്‍പെ മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാര ലംഘനമാണ് എന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും തിരക്കുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയത് എന്നായിരുന്നു അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന്റെ വിശദീകരണം.
ഇതിന് പിന്നാലെയാണ് തന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണം എന്നാണ് പരിഹാരക്രിയ എന്നോണം തന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
l