വര്‍ഷത്തില്‍ അഞ്ച് വട്ടം ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാകും : വാഹനനിയമം കര്‍ശനമാക്കി

Jan 24, 2026 - 13:28
Jan 24, 2026 - 19:43
 0  9
വര്‍ഷത്തില്‍ അഞ്ച് വട്ടം ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാകും :   വാഹനനിയമം കര്‍ശനമാക്കി

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ശനമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിക്കുന്ന ആളുടെ ലൈസന്‍സ് അയോഗ്യമാക്കാന്‍ വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോര്‍ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാമെന്നും കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച ചട്ടഭേദഗതിയില്‍ പറയുന്നു.

ആര്‍ടിഒയ്ക്കാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരം. വര്‍ഷത്തില്‍ അഞ്ച് ചലാന്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് ആണ് അയോഗ്യമായി പ്രഖ്യാപിക്കുക. ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുന്നതിനു മുന്‍പ് വാഹന ഉടമയുടെ ഭാഗം കേള്‍ക്കണമെന്നും പുതിയ ചട്ടത്തിലുണ്ട്.

ചലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. ഈ കാലാവധി നീട്ടി നല്‍കില്ല. ചലാന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം അപ്പീല്‍ നല്‍കാം. 45 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും.