എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

Nov 19, 2025 - 11:30
 0  5
എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്നും ഏകോപനം ഇല്ലല്ലോയെന്നും കോടതി ചോദിച്ചു. എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്. വരുന്ന എല്ലാവരെയും തിരുകി കയറ്റുന്നത് തെറ്റായ സമീപം. തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്തുകാര്യമെന്നും കോടതി ആരാഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ നിർദേശിച്ച കോടതി വെര്‍ച്വല്‍ ക്യൂ നിയന്ത്രിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.

ഇന്നലെ സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മരക്കൂട്ടം മുതൽ മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങിയത്. ഇതിനിടെ ക്യൂവിൽ നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. വൻ തിരക്ക് കാരണം ദർശന സമയം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. 

ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.