എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതം ചെയ്ത് സുകുമാരൻ നായർ
എസ്എൻഡിപി-എൻഎസ്എസ് ഐക്യമെന്നത് ഉറപ്പായ കാര്യമാണെന്നും ഈ നീക്കത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എസ്എൻഡിപി നേതാക്കളെ പെരുന്നയിലേക്ക് ക്ഷണിച്ച അദ്ദേഹം, എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് കോട്ടം തട്ടാതെ ഇരു സംഘടനകളും യോജിച്ചു പോകുമെന്ന് വ്യക്തമാക്കി.
ഐക്യം വേണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഈ ആശയത്തോട് വ്യക്തിപരമായി യോജിക്കുന്നുവെന്നും സംഘടനയുടെ ഡയറക്ടർ ബോർഡ് യോഗം വിളിച്ചുചേർത്ത് ഇതിൽ ഔദ്യോഗിക തീരുമാനമെടുക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഹിന്ദു സമുദായത്തിലെ പ്രബല വിഭാഗങ്ങളുടെ ഒരുമിക്കലാണ് ഇവിടെ സംഭവിക്കുന്നതെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ഇടക്കാലത്ത് സംവരണ വിഷയത്തിൽ ചില അനൈക്യങ്ങൾ ഉണ്ടായെങ്കിലും നിലവിൽ സംഘടനകൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല. ഐക്യത്തിനെതിരെ സംസാരിക്കുന്നവരെ പുച്ഛിച്ചു തള്ളുന്നതായും ഈ നീക്കം വർഗീയതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ എൻഎസ്എസ് ‘സമദൂര’ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും വോട്ടർമാർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനമാണ് വാർത്താസമ്മേളനത്തിൽ സുകുമാരൻ നായർ ഉയർത്തിയത്. വി.ഡി. സതീശൻ അത്ര വലിയ ‘ഉമ്മാക്കി’യൊന്നുമല്ലെന്നും വെറുതെ കോൺഗ്രസുകാർ അദ്ദേഹത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സതീശനെ ഉയർത്തിക്കാട്ടുന്നതിന് പകരം കെപിസിസി പ്രസിഡന്റിനെ അല്ലേ മുൻനിരയിൽ നിർത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി കോൺഗ്രസ് വർഗീയത കളിക്കുകയാണെന്നും എന്നാൽ തങ്ങളാരും അതിന് പോയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.