റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം; മുഖ്യമന്ത്രിക്ക് രണ്ട് യുവതികളുടെ പരാതി

കൊച്ചി:ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. റാപ്പര്‍ വേടൻ ലൈംഗീകാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടി. മുഖ്യമന്ത്രിയുമായി യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി.
തന്‍റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. 2020 - 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
2023-ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായും യുവതി മൊഴി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം വേടൻ എവിടെയാണ് എന്നതിൽ ആർക്കും വ്യക്തതയില്ല.