ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു

വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി ശബരിമലയിൽ നിന്നും കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്. കോടതി അനുമതി ലഭിച്ച ശേഷമായിരിക്കും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ തിരികെ സ്ഥാപിക്കുക.
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരുമാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. തന്ത്രിയുടെ ആജ്ഞ അനുസരിച്ച്, ശുദ്ധികലശംചെയ്‌ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക. അതേസമയം കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളിൽ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
വിഷയത്തിൽ കോടതി ഇടപെടുകയും വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ശബരിമലയിൽ നിന്നും 2019ൽ എടുത്തു കൊണ്ട് പോയ 42 കിലോ സ്വർണപ്പാളി തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞതിലാണ് അന്വേഷണം.