നീതിന്യായ വ്യവസ്ഥയിലെ അഴിമതി: വിവാദ എൻസിഇആർടി പാഠപുസ്തകം പിൻവലിക്കാൻ സുപ്രീം കോടതി ഉത്തരവ്

Feb 26, 2026 - 09:19
 0  6
നീതിന്യായ വ്യവസ്ഥയിലെ അഴിമതി: വിവാദ എൻസിഇആർടി പാഠപുസ്തകം പിൻവലിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിന്റെ ഓൺലൈനിൽ ലഭ്യമായ പിഡിഎഫ്കോപ്പികൾ നീക്കം ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. "നീതിന്യായ വ്യവസ്ഥയിലെ അഴിമതി" എന്ന പരാമർശമുള്ള അധ്യായം പ്രസിദ്ധീകരിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇന്ത്യാ ഗവൺമെന്റ് നീതിന്യായ വ്യവസ്ഥയ്ക്കൊപ്പമാണെന്നും സുപ്രീം കോടതി ആഗ്രഹിക്കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം സ്വമേധയാ പരിഗണിച്ചത്. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. പാഠപുസ്തകത്തിന്റെ പിഡിഎഫ് കോപ്പികൾ ഓൺലൈനിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് കണ്ടെത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സംഭവത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഉള്ള അഴിമതിയെക്കുറിച്ച് പരാമർശിക്കാതെ നീതിന്യായ വ്യവസ്ഥയെ മാത്രം ലക്ഷ്യം വെക്കുന്നത് ദുരൂഹമാണെന്ന് അഭിഭാഷകൻ അഭിഷേക് സിങ്‌വിയും വാദിച്ചു.