മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: തെലങ്കാന സർക്കാർ
ഹൈദരാബാദ്: സുപ്രധാന ഉത്തരവുമായി തെലങ്കാന സർക്കാർ. മാതാപിതാക്കളെ പരിചരിക്കുന്നതിൽ പിഴവ് വരുത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ നീക്കം. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെയാണ് കുറയ്ക്കുക. കട്ട് ചെയത ശമ്പള തുക മാതാപിതാക്കൾക്ക് നേരിട്ട് ലഭിക്കുന്ന വിധമാണ് പദ്ധതി.
നിയമം ഉടൻ നടപ്പിലാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഗ്രൂപ്പ്-1, ഗ്രൂപ്പ്-2 വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്യുന്നതിനിടെയാണ് അദേഹത്തിന്‍റെ പ്രഖ്യാപനം.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളിൽ ഏകദേശം 90 ശതമാനം പേരും പിന്നാക്ക വിഭാഗക്കാരാണ്. വിവാഹം ശേഷം മാതാപിതാക്കളെ അവഗണിക്കുകയോ ശുശ്രൂഷിക്കാതിരിക്കുകയോ ചെയ്‌താൽ ശമ്പളം കുറയ്‌ക്കുമെന്നും അവ മാതാപിതാക്കൾക്ക് നൽകുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.