ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് ചാർജ് കുതിച്ചുയർന്നു
ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ തുടർച്ചയായി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന വിമാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഇരട്ടിയലധികം വർദ്ധനവാണ് പല റൂട്ടുകളിലും ഉണ്ടായത്. ഡൽഹിയിൽ നിന്ന് മുംബൈലേക്കുള്ള ടിക്കറ്റ് നിരക്ക് 50,000 രൂപ വരെ ഉയർന്നു. എയർ ഇന്ത്യ, ആകാശ എയർ തുടങ്ങിയ വിമാന കമ്പനികൾ വൻ വർദ്ധനവാണ് ടിക്കറ്റ് നിരക്കിൽ വരുത്തിയത്. നാളെ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കണമെങ്കിൽ എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം രൂപവരെയാണ് ഉയർന്നത്.
ഡിസംബര്‍ 6 ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ഡല്‍ഹി –തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 30,000 രൂപ മുതല്‍ 68,000 രൂപ വരെ എത്തി. മുംബൈ-തിരുവനന്തപുരം 20,000 മുതല്‍ 50,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹി-കൊച്ചി നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 40,000 രൂപ കടന്നു. ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. ഇന്നലെ മാത്രം 550 സർവീസുകൾ റദ്ദായി. ഇന്നും നിരവധി സർവീസുകൾ റദ്ദായിട്ടുണ്ട്.