'നേതൃത്വത്തെ അണികൾ തിരുത്തണം', വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. കനത്ത പോലീസ് സുരക്ഷയിൽ നടന്ന ചടങ്ങിൽ വലിയ ജനപങ്കാളിത്തം ദൃശ്യമായി.
എന്നാൽ വിമർശനം ഉന്നയിച്ചപ്പോൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും അശ്ലീല സന്ദേശങ്ങൾ അയച്ച് തേജോവധം ചെയ്യാനും ശ്രമം നടന്നതായി വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പരിപാടിയിൽ ആളുകൾ പങ്കെടുക്കുന്നത് തടയാൻ ശ്രമമുണ്ടായെന്നും, താൻ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ അക്രമത്തിനാണ് പാർട്ടി മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം പ്രവർത്തകർ ചടങ്ങ് അലങ്കോലപ്പെടുത്തിയേക്കുമെന്ന് ഭയന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി സ്ഥലത്ത് വലിയ സുരക്ഷയൊരുക്കി.
കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്.