ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല

മസ്‌കറ്റ് : ഒമാനിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തെ ഫാമിലി വിസയും കുട്ടികളുടെ ഐഡി കാര്‍ഡും തൊഴിലാളികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിനുള്ള നിയമം കര്‍ശനമാക്കി. കഴിഞ്ഞ ദിവസം മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. ഇനിമുതല്‍ കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജനല്‍ പാസ്‌പോര്‍ട്ടും വിസ പേജിന്റെ പകര്‍പ്പും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
കുട്ടിയുടെ ഐഡി കാര്‍ഡ് പുതുക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഇരുവരും ഹാജരാകണം. പങ്കാളിയുടെ വിസ പുതുക്കാന്‍ ഇനി മുതല്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യാഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ടുകളും ഹാജരാക്കണം. ഇതിനുപുറമേ വിസ പുതുക്കുന്ന സമയത്ത് ഭര്‍ത്താവും ഭാര്യയും ഹാജരാക്കണം.
തൊഴിലാളികളുടെ ഐഡി കാര്‍ഡാണ് പുതുക്കേണ്ടതെങ്കില്‍ പാസ്‌പോര്‍ട്ടും പഴയ ഐഡിയും വിസ പേപ്പറും ഹാജരാക്കണം. എന്നാല്‍ ഈ മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.