സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം: ഭരണങ്ങാനം ഇടമറുകിൽ ഉരുള്‍ പൊട്ടല്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം: ഭരണങ്ങാനം ഇടമറുകിൽ  ഉരുള്‍ പൊട്ടല്‍

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന്  വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലും നടക്കലിലും വെളളക്കെട്ട് രൂക്ഷമാണ്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. പാലാനഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും  മഴ വൻ ദുരിതമാണ്  സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍  വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു.തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി.