കാനഡയിൽ മുൻ എംപി രാജ് ഗ്രേവാളിനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ; ഓഗസ്റ്റ് 14-ന് നിർണായക വാദം

Aug 2, 2026 - 14:01
 0  6
കാനഡയിൽ മുൻ എംപി രാജ് ഗ്രേവാളിനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ; ഓഗസ്റ്റ് 14-ന് നിർണായക വാദം
 പ്രസാദ് തീയാടിക്കൽ  

 

ടൊറന്റോ: കാനഡയിലെ മുൻ ലിബറൽ എംപിയും അഭിഭാഷകനുമായ രാജ് ഗ്രേവാളിനെതിരെ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. അനുമതിയില്ലാതെ മോർട്ട്ഗേജുകൾ രജിസ്റ്റർ ചെയ്തതും, ട്രസ്റ്റ് അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തതും, മോർട്ട്ഗേജ് തട്ടിപ്പിൽ പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, തർക്കവിഷയമായ കോടിക്കണക്കിന് ഡോളർ തിരിച്ചുനൽകാമെന്ന് വായ്പ നൽകിയവരോട് രാജ് ഗ്രേവാൾ വാഗ്ദാനം ചെയ്തെങ്കിലും, അതിന് പകരമായി തന്നെ Law Society of Ontario-യിലോ പോലീസിലോ പരാതി നൽകാതിരിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചുവെന്നാണ് ആരോപണം.

ഒരു വിഭാഗം സിവിൽ കേസുകളിൽ ഏകദേശം 17 മില്യൺ ഡോളറിന്റെ അവകാശവാദങ്ങളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട മറ്റ് സിവിൽ കേസുകളും തർക്കങ്ങളും ചേർത്ത് നോക്കുമ്പോൾ തുക 100 മില്യൺ ഡോളർ വരെ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പൊതുജനങ്ങൾക്ക് അപകടസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ് ഗ്രേവാളിന്റെ അഭിഭാഷക ലൈസൻസ് ഇടക്കാലത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് Law Society of Ontario ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ഓഗസ്റ്റ് 14-ന് വാദം കേൾക്കും. ഇതിനിടെ പോലീസ് അന്വേഷണംയും വിവിധ സിവിൽ കേസുകളും തുടരുകയാണ്.