ശ്രീനിവാസൻ അതുല്യ നടൻ, മികച്ചൊരു മനുഷ്യനും : പഴയ സഹപാഠിയെക്കുറിച്ച് ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവച്ച് രജിനികാന്ത്
പ്രിയ സുഹൃത്തും സഹപാഠിയുമായ ശ്രീനിവാസന്റെ വേർപാടിൽ നടൻ രജനികാന്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മരണം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതൽ തുടങ്ങിയ ദീർഘകാലത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. അവിടുത്തെ പഠനകാലത്തെ ഓർമ്മകൾ പങ്കുവെച്ച താരം, ശ്രീനിവാസൻ ഒരു അതുല്യ നടൻ എന്നതിലുപരി മികച്ചൊരു മനുഷ്യനായിരുന്നുവെന്നും അനുസ്മരിച്ചു.
മദ്രാസിലെ ഫിലിം ചേമ്പറിൽ ഒരേ കാലഘട്ടത്തിലാണ് ഇരുവരും സിനിമാ പഠനം നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ സീനിയറായിരുന്നു രജനികാന്ത്. തന്റെ പഴയ സഹപാഠിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ രജനികാന്ത് പങ്കുവെച്ചു. തന്റെ സുഹൃത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ 48 വർഷത്തോളം സിനിമാലോകത്ത് സജീവമായിരുന്ന അദ്ദേഹം തന്റെ അതുല്യമായ ശൈലിയിലൂടെ മലയാളികളുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം നേടിയെടുത്തു. സിനിമയുടെ സമസ്ത മേഖലകളിലും സ്വന്തം കൈമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.