മലയാളികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനിൽ വലിയ പ്രതീക്ഷയുണ്ട്, അദ്ദേഹത്തെ സി എം ആക്കാൻ ജനം തെരുവിൽ ഇറങ്ങിയത് അമ്പരപ്പിച്ചു; മോഹൻലാൽ
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം നിയോജക മണ്ഡലമായ പറവൂരിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി ഒരുക്കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ മനസ്സ് തുറന്ന് നടൻ മോഹൻലാൽ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് തനിക്ക് ഇരട്ടി സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ എക്കാലത്തും ചങ്ങാതിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും മലയാളികൾക്ക് പുതിയ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, നടൻ സലിം കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിലാണ് മുഖ്യമന്ത്രിയെ സാക്ഷിനിർത്തി താരം സംസാരിച്ചത്.
"സതീശൻ സർ..." എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയത് തന്നെ അമ്പരപ്പിച്ചു കളഞ്ഞതായി താരം സാക്ഷ്യപ്പെടുത്തി. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ ഗുണങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാകാം ജനങ്ങൾ അദ്ദേഹത്തിനായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു.
നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് എന്ന നിലയിൽ വി.ഡി. സതീശൻ ഒരു സ്വപ്നജീവിയാണെന്നും, സിംഗപ്പൂർ വികസന മാതൃക സൃഷ്ടിച്ച ലീ ക്വാൻ യൂവിനെപ്പോലെ കേരളത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസമെന്നും മോഹൻലാൽ പറഞ്ഞു.
കേരളത്തിന്റെ വികസനത്തെക്കുറിച്ചും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും തന്റേതായ അഭിപ്രായങ്ങളും മോഹൻലാൽ വേദിയിൽ പങ്കുവെച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും മാലിന്യ സംസ്കരണത്തിലെ പോരായ്മകളും പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ലഹരി എന്നത് വളരെ അപകടകരമായ ഒരു ബിസിനസ് ആണെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ അമൂല്യമായ പ്രകൃതിസമ്പത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ ഇനിയും സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മോഹൻലാൽ, വി.ഡി. സതീശന്റെ സ്വപ്നങ്ങളിലൂടെ കേരളം കൂടുതൽ വളർച്ചയിലേക്ക് കുതിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്ര ബോധത്തോടെയാണ് താൻ കാര്യങ്ങളെ കാണുന്നതെന്നും, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കലാകാരൻ എന്ന നിലയിൽ സതീശൻ സാറിന്റെ സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട്, ധീരമായി മുന്നോട്ട് നയിക്കാനും മോഹൻലാൽ ആവശ്യപ്പെട്ടു.