ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ചാവേർ ആക്രമണമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമങ്ങളുടെ പദ്ധതികളും പ്രതികൾ പങ്കുവച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്ഫോടനം നടത്തേണ്ട സ്ഥലങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ആക്രമണ രീതികൾ, ബോംബ് നിർമാണത്തിനുള്ള നിർദേശങ്ങൾ എന്നീ വിവരങ്ങളെല്ലാം ഈ ആപ്പ് വഴിയാണ് പങ്കുവച്ചത്..
സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. സ്ഫോടനത്തിൽ മരിച്ച ഡോ. ഉമർ ഉൻ നബി, ഇയാളുടെ കൂട്ടാളികളായ ഡോ. മുസമിൽ അഹമ്മദ് ഗനാരേ, ഡോ. ഷഹീൻ ഷാഹിദ് എന്നിവർ മൂന്ന് പേരും ഈ ആപ്പ് ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇത് എൻക്രിപ്റ്റഡ് മെസേജ് ആപ്പ് ആണ്.
ആക്രമണത്തിന് മുൻപായി പ്രതികൾ 26 ലക്ഷം രൂപ സമാഹരിച്ചു. ഇത് ഡോ. ഉമറിനെയാണ് സൂക്ഷിക്കാൻ ഏൽപ്പിച്ചത്. ഡൽഹിയിൽ ഡിസംബർ ആറിന് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. സർവ്വകലാശാലയിൽ ഡോ. മുസമിലിന്റെ മുറിയിൽ വച്ചാണ് ഗൂഢാലോചന നടത്തിയത്. സർവ്വകലാശാലയിലെ ലാബിൽ നിന്ന് ബോംബ് നിർമ്മാണത്തിനായി രാസവസ്തുക്കൾ മോഷ്ടിച്ചു. ബോംബ് നിർമിക്കാൻ ഡോ. മുസമിലിന്റെ മുറിയിൽ പരീക്ഷണങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.