മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

Nov 8, 2025 - 15:23
Nov 8, 2025 - 15:46
 0  10
മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

ദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കേരള സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രഥമ കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ ഏലീശ്വയെ വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. തുടർന്ന് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യുന്ന ചടങ്ങ് നിർവ്വഹിച്ചു. ഇതിനുശേഷം മദറിന്റെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു.

ഭാരത കത്തോലിക്ക സഭയിലെ ആദ്യത്തെ സന്യാസിനിയും കോണ്‍ഗ്രിഫിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് മദര്‍ ഏലീശ്വ. കത്തോലിക്ക സഭയിലെ വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവള്‍ എന്നത്.

ടി ഒ സി ഡി യുടെയും (Third Order of Theresian Carmelites Discalced) പില്‍ക്കാലത്ത് സി ടി സി (Congregation of Theresian Carmelites) യുടെയും സ്ഥാപക എന്ന വിശേഷണമാണ് മദര്‍ ഏലീശ്വായ്ക്ക് ഇപ്പോള്‍ ആഗോള കത്തോലിക്കാ സഭ നല്‍കിയിട്ടുള്ളത്. ദൈവദാസിയായി വിശ്വാസികള്‍ പ്രാര്‍ഥനയില്‍ സ്മരിച്ച മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യം വഴി സംഭവിച്ച ഒരു ഗര്‍ഭസ്ഥശിശുവിന്റെ അദ്ഭുതസൗഖ്യം പരിശുദ്ധ സിംഹാസനം അംഗീകരിച്ചതോടെ യാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് മദര്‍ ഉയര്‍ത്തപ്പെടുന്നത്.

1831 ഒക്‌ടോബര്‍ 15 ന് വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്തില്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ ജനനം. മാതാപിതാക്കള്‍ തൊമ്മനും താണ്ടയും. ആറ് സഹോദരങ്ങള്‍. ഇവരില്‍ ലൂയീസ് വൈദികനായി. ത്രേസ്യ സമര്‍പ്പിതയും. ഭര്‍ത്താവ് കൂനമ്മാവ് വാകയില്‍ വത്തരു 1851-ല്‍ മരിച്ചു. തുടര്‍ന്നുള്ള 11 വര്‍ഷങ്ങളില്‍ ധ്യാനലീനമാര്‍ന്ന ജീവിതം.

ഫാ. ലെയോപോള്‍ഡുമായുള്ള (1862) ആദ്യ കണ്ടുമുട്ടലോടെ, ഏലീശ്വാ സന്യസ്ത ജീവിതത്തില്‍ ആകൃഷ്ട യാകുന്നു. 1866 ഫെബ്രുവരി 12-ന് കര്‍മ്മലീത്താ മൂന്നാം സഭയുടെ സന്യാസിനീ വിഭാഗം സ്ഥാപിക്ക പ്പെടുന്നു. 1867 മാര്‍ച്ച് 27-ന് സഭാവസ്ത്ര സ്വീകരണം. 1868 ജൂലൈ 16-ന് നിത്യവ്രതവാഗ്ദാനം. 1868 ജൂലൈ 20-ന് വിദ്യാഭ്യാസ പ്രേഷിതത്വ ത്തിന് തുടക്കം. 1871 മെയ് 24-ന് മകള്‍ അന്നയുടെ മരണം, റീത്തു വിഭജന ത്തിന്റെ ധാരണപ്രകാരം കൂനമ്മാവ് മഠത്തില്‍ നിന്ന് വിടവാങ്ങുന്നു.

1890 നവംബര്‍ 10-ന് വരാപ്പുഴ മഠം ആശീര്‍വദിക്കുന്നു. 1892 ഫെബ്രുവരി മുതല്‍ നൊവിസ് മിസ്ട്രസായി സേവനം. 1902 ജനുവരി 26-ന് സഹോദരി മദര്‍ ത്രേസ്യയുടെ മരണം. 1902 ല്‍ രണ്ടാം വട്ടവും മദര്‍ സുപ്പീരിയര്‍ സ്ഥാനപദവി.

1913 ജൂലൈ 18-ന് 81-ാം വയസ്സില്‍ മരണം. 1913 ജൂലൈ 19-ന് വരാപ്പുഴയില്‍ കബറടക്കം. 1971 ജൂണ്‍ 28-ന് സി ടി സി ക്ക് പൊന്തിഫിക്കല്‍ പദവി. 2008 മാര്‍ച്ച് 6-ന് ദൈവദാസി യായി പ്രഖ്യാപിക്കപ്പെടുന്നു. 2023 നവംബര്‍ 8-ന് ധന്യപദവി. 2025 ഏപ്രില്‍ 14-ന് മദര്‍ ഏലീശ്വാ യുടെ മാധ്യസ്ഥ്യത്തില്‍ അദ്ഭുത രോഗശാന്തി. 2025 നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.