'അധികാര ലഹരിയിൽ അഹങ്കാരികളായി'; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ദീർഘകാലം അധികാരത്തിലിരിക്കുന്നത് ഇരുനേതാക്കളെയും അഹങ്കാരികളാക്കിയെന്നും അവർ ജനങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ രാഷ്ട്രീയ അനുഭവത്തിൽ നിന്ന് തനിക്ക് ലഭിച്ച ബോധ്യമാണിതെന്ന് രാഹുൽ പറഞ്ഞു.
ഒരാൾ ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ താൻ സർവ്വശക്തനാണെന്ന് അയാൾ കരുതിത്തുടങ്ങും. ഇത് അവരെ അഹങ്കാരികളാക്കുകയും ജനങ്ങളുമായുള്ള ബന്ധം തകർക്കുകയും ചെയ്യും. കേരള മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കാര്യത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്. അധികാരത്തിന്റെ ലഹരിയിൽ അഹങ്കാരികളായി മാറിയ നേതാക്കളുടെ ഉദാഹരണങ്ങളാണ് ഇവർ," രാഹുൽ ഗാന്ധി പരിഹസിച്ചു.
"ബിജെപിയും ആർഎസ്എസും ഇടത് മുന്നണിയും തമ്മിൽ ഇന്ന് ഒരു ബന്ധമുണ്ടെന്ന് എല്ലാവർക്കും കാണാൻ കഴിയും. അവസരവാദികളല്ലാത്ത, വർഷങ്ങളോളം പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിച്ച നിരവധി നേതാക്കൾ ഇടത് മുന്നണിയിലുണ്ട്. അവർ ഇന്ന് വഞ്ചിക്കപ്പെട്ടതായും മുറിവേറ്റതായും അനുഭവപ്പെടുന്നു. തങ്ങൾ വിശ്വസിച്ച പ്രസ്ഥാനം വഴിമാറിപ്പോകുന്നത് അവരെ തളർത്തുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.
ഇടത് മുന്നണിയിൽ ഇപ്പോൾ 'ഇടതുപക്ഷ' സ്വഭാവമൊന്നും അവശേഷിക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. തന്നെയും കോൺഗ്രസിനെയും നിരന്തരം ആക്രമിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെയും ഇവിടുത്തെ സർക്കാരിനെയും വിമർശിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
"പ്രധാനമന്ത്രി എല്ലാ ദിവസവും എന്നെയും കോൺഗ്രസിനെയും ആക്രമിക്കാറുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രിയെ അദ്ദേഹം തൊടാറില്ല. കാരണം എൽഡിഎഫ് തനിക്ക് ഒരിക്കലും വെല്ലുവിളിയാവില്ലെന്ന് മോദിക്കറിയാം. പിണറായി വിജയനെ സംരക്ഷിക്കാനാണ് മോദി ശ്രമിക്കുന്നത്," രാഹുൽ ആരോപിച്ചു.
ഇടത് മുന്നണിയിലെ ഒരു വിഭാഗം നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ബിജെപി കേന്ദ്രങ്ങളുമായി ഒത്തുകളിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോൾ കേരളത്തിലെ ഭരണനേതൃത്വത്തിന് നേരെ കണ്ണടയ്ക്കുന്നത് ഈ ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.