രാഹുൽ ഗാന്ധി ഹിന്ദുവല്ല ; അയോധ്യക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന് സന്യാസിമാർ

Jan 16, 2026 - 20:01
 0  7
രാഹുൽ ഗാന്ധി ഹിന്ദുവല്ല ; അയോധ്യക്ഷേത്രത്തിൽ  പ്രവേശിപ്പിക്കരുതെന്ന്   സന്യാസിമാർ

ലഖ്നോ: അയോധ്യക്ഷേത്രത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രവേശിപ്പിക്കരുതെന്ന് ഒരുകൂട്ടം സന്യാസിമാർ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിനെ രാഷ്ട്രീയപരിപാടിയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയെ ചടങ്ങിൽ ​പ്രവേശിപ്പിക്കരുതെന്നാണ് സന്യാസിമാരുടെ ആവശ്യം.

പ്രമുഖ സന്യാസിയും ജോതിർമഠിലെ ശങ്കരാചാര്യയുമായ സ്വാമി അവിമുക്താശ്വേരാനന്ദ് രാഹുൽ ഗാന്ധി ഹിന്ദുവല്ലെന്നും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി.

ശ്രീ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനോട് രാഹുൽ ഗാന്ധിയെ പ്രവേശിപ്പിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. ഹിന്ദുക്കളെ ദ്രോഹിച്ച ഒരാൾ അവിടെ പോകാൻ യോഗ്യനാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്ന് അവിമുക്തേശ്വരാനന്ദ് പറഞ്ഞു. രാഹുൽ മനുസ്മൃതിക്കെതിരെ സംസാരിച്ചതിനാൽ അദ്ദേഹത്തെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കുകയാണെന്ന് അവിമുക്തേശ്വരാനന്ദ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രാഹുലിന്റെ രാമക്ഷേത്ര സന്ദർശനം ഗിമ്മിക്കാണെന്ന വിമർശനവുമായി ബി.ജെ.പി രംഗ​ത്തെത്തി. എന്നാൽ, സന്ദർശനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നോ കോൺഗ്രസ് നേതൃത്വത്തിൽ നിന്നോ ഉണ്ടായിട്ടില്ല