ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 - 18:46
 0  5
ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി.  ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി. 

1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന്, എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്', എം.ടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവ്'എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. 

ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.  ഐ.എഫ്.എഫ്.കെയില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019 ല്‍ നടന്ന 24-മത്  രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.