രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് തുടരും: മുന്‍കൂര്‍ ജാമ്യഹര്‍ജി 18 ലേക്ക് മാറ്റി
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഡിസംബര്‍ 18 ലേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ നടപടിയും തുടരും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
നിലവില്‍ അടൂരിലെ വീട്ടിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട ജില്ല വിട്ട് പോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം ഒരു നിര്‍ദേശം നല്‍കിയത്.