സജിത കൊലക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

Oct 18, 2025 - 09:52
 0  6
സജിത കൊലക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയുമാണ് ശിക്ഷ.

പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. 2019 ഓഗസ്റ്റ് 31ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.

അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്‍റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തി.