നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി; രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം

Dec 8, 2025 - 14:22
 0  2
നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി; രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിലും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതു വരെ നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് പ്രത്യേകം പറഞ്ഞു.

തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയാണ് വാദം കേട്ടത്. ഹർജിയിൽ ബുധനാഴ്ച വിധി പറയും. ഉത്തരവ് വരുന്നതു വരെ അറസ്റ്റ് തടയണമെന്ന രാഹുലിന്‍റെ വാദത്തെ കോടതി തള്ളി. എങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികൾ പൊലീസിന് സ്വീകരിക്കാൻ സാധിക്കില്ല.

ആദ്യം ലഭിച്ച പരാതിയിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അതിനു തൊട്ടു പുറകേയാണ് രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.