യുവതിയുമായി ദീര്‍ഘകാല സൗഹൃദം, ബലാല്‍സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ല ; തിരുവനന്തപുരം ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുൽ മാങ്കൂട്ടത്തിൽ
ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.