രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് ക്രൈം ബ്രാഞ്ച്

Aug 27, 2025 - 18:06
 0  13
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് ക്രൈം ബ്രാഞ്ച്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്യൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസ് രജിസ്റ്റർ ചെയ്തത് പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ്.

ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ രാഹുലിനെതിരെ ഉയർന്നുവന്നിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇരയായ സ്ത്രീകളാരും നേരിട്ട് പരാതി നൽകാത്തതിനാൽ കേസെടുക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ വധഭീഷണി മുഴക്കിയെന്നത് ഗൗരവമായ വിഷയമാണെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന യുവതികൾ ആരാണെന്നോ സംഭവം എപ്പോൾ, എവിടെ വെച്ചാണ് നടന്നതെന്നോ വ്യക്തമല്ലാത്തതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നില്ല