സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ; ചികിത്സയിലുള്ളത് എട്ടുപേർ

Aug 24, 2025 - 17:23
 0  17
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ; ചികിത്സയിലുള്ളത് എട്ടുപേർ

കോഴിക്കോട് : കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8 ആയി.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് നിലവിൽ കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ഉള്ളത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. 9 വയസ്സുകാരി കുളിച്ച അതേ വെള്ളത്തിൽ തന്നെ കുളിച്ചതാണ് സഹോദരനും രോഗബാധ ഉണ്ടാകാൻ കാരണം. ഏഴ് വയസ്സുകാരനായ ഈ കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഏഴ് വയസുകാരനും 11 വയസ്സുള്ള മറ്റൊരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. രോഗബാധിതരായ എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.