'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പ് ; മുഖ്യമന്ത്രിക്കും മുൻ ആരോഗ്യ മന്ത്രിക്കും ഇടപാടില്‍ പങ്കെന്ന് ചെന്നിത്തല

Aug 27, 2025 - 18:33
 0  9
'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പ് ;  മുഖ്യമന്ത്രിക്കും മുൻ  ആരോഗ്യ മന്ത്രിക്കും ഇടപാടില്‍ പങ്കെന്ന്  ചെന്നിത്തല

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ '108' ആംബുലന്‍സ് പദ്ധതിയുടെ മറവിൽ 250 കോടിയിലേറെ രൂപയുടെ കമ്മിഷന്‍ തട്ടിച്ചെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഇടപാടില്‍ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട് അദ്ദേഹം ആരോപിച്ചു.

2019-24 കാലത്ത് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് കരാർ സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് അഞ്ചു വര്‍ഷത്തേക്ക് 517 കോടി രൂപയ്ക്കാണ് നൽകിയത്. എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്.

നടത്തിപ്പ് ചെലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്‍റെ പകുതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍, 2019 ലെ പ്രത്യേക മന്ത്രിസഭാ അനുമതിയുടെ മറവിൽ കമ്മിഷന്‍ കൈപ്പറ്റിയത് ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.