ബൈക്ക് റാലിക്കിടെ രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു; വൻ സുരക്ഷാ വീഴ്ച

Aug 24, 2025 - 19:44
 0  30
ബൈക്ക് റാലിക്കിടെ രാഹുലിനെ കെട്ടിപ്പിടിച്ച്  ചുംബിച്ചു; വൻ  സുരക്ഷാ വീഴ്ച

പുർണിയ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച. പൂർണിയയിലെ യാത്ര പൂർത്തിയാക്കി ശനിയാഴ്ചത്തെ അവസാന കേന്ദ്രമായ അരറിയയിലേക്കു ബൈക്ക് റാലിയായി പോകുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ രാഹുലിനെ കെട്ടിപ്പിടിച്ച് തോളിൽ ചുംബിക്കുകയായിരുന്നു. ബൈക്ക് ഉലഞ്ഞെങ്കിലും മറിഞ്ഞില്ല. പിടിച്ച് മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ അയാളെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നു പുർണിയ എസ്പി സ്വീറ്റി സെഹ്റാവത്ത് അറിയിച്ചു.

അതിനിടെ, എൽജെപി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ വിവാഹം കഴിക്കണമെന്ന തേജസ്വി യാദവിന്‍റെ ആവശ്യം റാലിയിൽ ചിരിപടർത്തി. ചിരാഗ് ഉൾപ്പെടെ ചിലർ ഒരു പ്രത്യേക വ്യക്തിയുടെ ഹനുമാനാണെന്നും തങ്ങൾ പൊതുജനങ്ങളുടെ ഹനുമാനാണെന്നും പറഞ്ഞു വിമർശിക്കുന്നതിനിടെയായിരുന്നു തേജസ്വിയുടെ പരാമർശം.

ചിരാഗ് മൂത്ത സഹോദരനാണെന്നും ഉടന്‍ വിവാഹം കഴിക്കണമെന്നും തേജസ്വി പറയുമ്പോൾ അക്കാര്യം തനിക്കും ബാധകമാണെന്നായി രാഹുൽ. തന്‍റെ വിവാഹം ഉടന്‍ നടത്തണമെന്ന് താന്‍ ലാലുപ്രസാദ് യാദവിനോട് ആവശ്യപ്പെടാന്‍ പോകുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.