പഴഞ്ചൊല്ലുകൾ   തുടരുന്നു: 'ഈ' Mary Alex (മണിയ )

Jul 17, 2024 - 06:31
 0  98
പഴഞ്ചൊല്ലുകൾ   തുടരുന്നു: 'ഈ' Mary Alex (മണിയ )


1.'ഈശ്വരാനുഗ്രഹം ശാശ്വത മേവനും ' 'ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്നു നനയാതെ സൂക്ഷിക്കുക '


ഈശ്വരാനുഗ്രഹം ശാശ്വതമേ വനും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ആ അനുഗ്രഹം ലഭിച്ച ഏവർക്കും എല്ലാം എന്നന്നേക്കുമായി നിലനിൽക്കുമെന്ന് ഉറപ്പ് .ഇതോടു ചേർത്ത് നമുക്ക് രണ്ടാമത്തേതു കൂടി വിശകലനം ചെയ്യാം. ഈശ്വ രനിൽ വിശ്വസിക്കുക. എല്ലാറ്റിനും മേലായി ഈശ്വരൻ എന്നൊരു ശക്തിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് ഒരിക്കലും ഒന്നിലും പരാജയം 
സംഭവിക്കയില്ല. എല്ലാറ്റിനും അനുഗ്രഹം നേടാനും സാധ്യമാകും. എന്നാൽ ആ വിശ്വാസം ഏതെങ്കിലും വിധത്തിൽ നഷ്ടമായാൽ ലഭിച്ച ആ അനുഗ്രഹങ്ങൾ ഓരോന്നായി നഷ്ടമായി തുടങ്ങും. വെടി മരുന്ന്,  തീ പിടിക്കുന്നതും ഒപ്പം ഒരു സ്പോടകവസ്തുവും ആണ്. ആ വസ്തു നനഞ്ഞ് കിടന്നാൽ അത് തീ പിടിക്കയുമില്ല സ്ഫോടനം നടക്കുകയുമില്ല. ദൈവത്തിലുള്ള വിശ്വാസവും അപ്രകാരമാണ്. ആ വിശ്വാസത്തിനു കോട്ടം സംഭവിച്ചാൽ ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ നമുക്കു നഷ്ടമാകും. മാത്രമല്ല ദൈവത്തിൽ നിന്ന് നാം അകന്നു പോകയും ചെയ്യും. അതുകൊണ്ടാണ് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നാംസൂക്ഷിക്കണം എന്നു പറയുന്നത്.


2.'ഈച്ച പൂച്ച നായ നസ്രാണി ക്കില്ലത്തിനകത്തില്ലയിത്തം.'


ഈച്ച പറന്നു നടക്കുന്ന ഒരു പ്രാണിയാണ്. അതിന് യഥേഷ്ടം എവിടെയും കടന്നു ചെല്ലാം . പൂച്ചയും പട്ടിയും അതുപോലെ ഏതു വേലിക്കിടയിലൂടെയും നൂഴ്ന്നു കയറി യഥേഷ്ടം സഞ്ചരിക്കുന്ന മൃഗങ്ങൾ. ഈ മൂന്നു ജീവികൾക്കും ഏത്‌ ഇല്ലത്തും കയറാം.ഇല്ലം എന്നാൽ ബ്രാഹ്‌മണരുടെ (നമ്പൂതിരിമാരുടെ) ഭവനം അല്ലെങ്കിൽ വീട്. 'മന' എന്നും പറയും.
പഴയ കാലത്ത് അയിത്തം എന്നൊരു ആചാരം നിലനിന്നിരുന്നു. അയിത്തം എന്നാൽ തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ. തന്നിൽ താണ ജാതിയിലുള്ളവരുമായി അകലം പാലിച്ച് ജീവിക്കണം.നമ്പൂതിരി മാർ പുറത്തിറങ്ങുമ്പോൾ അവരുടെ മുന്നോടിയായി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിക്കൊണ്ട് സേവകർ നടക്കുമായിരുന്നു.കീഴ് ജാതിക്കാർ വഴിമാറി പോകാൻ അല്ലെങ്കിൽ ദൃഷ്ടി പഥത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഉള്ള അറിയിപ്പ്.അക്കാലത്തും നസ്രാണിമാർക്ക്,(നസറായനായ യേശുവിനെ അനുകരിക്കുന്നവർ) അതായത് കൃസ്ത്യാനികൾക്ക് ഇല്ലത്തിനകത്തു പ്രവേശനം ഉണ്ടായിരുന്നു.അവരോട് നമ്പൂതിരിമാർക്ക് അന്നും ഇന്നും അയിത്തം ഇല്ല എന്നർത്ഥം.


3.'ഈരിനെക്കൊല്ലാൻ പേൻ കൂലിയോ?'


പേനിന്റെ മുട്ടയാണ് ഈര്. കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ തലയിൽ ഇവ രണ്ടും ധാരാളമായി കാണാൻ കഴിയും.ഈര് മുടിയിൽ ഒട്ടി ചേർന്നാണ് കാണുക.അതിന് അനക്കം ഇല്ല.ഈരു വിരിഞ്ഞാണ് പേൻ ഉണ്ടാകുന്നത്. ഈരിനെ കൊല്ലാൻ ഈരുകൊല്ലി (ലോപിച്ചു ഈരോലി) എന്നറിയപ്പെടുന്ന ഒരുതരം ചീപ്പും പേനിനെ  പേൻചീപ്പു കൊണ്ട് ചീകിയെടുത്തും കൊല്ലുന്നു. അല്ലെങ്കിൽ കൈ കൊണ്ട് മുടി വകഞ്ഞു മാറ്റി പേനിനെയും ഈ രിനെയും രണ്ടു കയ്യുടെയും തള്ള വിരൽ നഖത്തോട് ചേർത്ത് ഞൊടിച്ചു കൊല്ലുന്നു. ഇപ്പോഴത്തെ കുട്ടികളുടെ തലയിൽ താരതമ്യേന ഇവ രണ്ടും  കുറവാണെന്നു പറയാം.
പഴയ കാലത്തു പണിക്കു വരുന്ന സ്ത്രീകളെക്കൊണ്ട് പെൺകുട്ടികളുടെ തലയിൽ നോക്കിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. അതൊരു സൗജന്യ സേവനം ആയാണ് നടന്നിരുന്നത്. എന്നാൽ ചില വിരുതർ കൂലി ചോദിച്ചു പണിയെടുക്കുവാൻ മുതിരും. അതാണ് ഈരിനെ കൊല്ലാൻ പേൻ കൂലിയോ എന്ന ചോദ്യത്തിനു നിദാനം. നിസ്സാര ജോലികൾക്ക് വലിയ തുക ഈടാക്കുന്ന പ്രവണതക്ക്‌ ഈ പഴഞ്ചൊല്ല് പ്രയോഗിക്കാറുണ്ട് .


4.'ഈച്ച തേടിയ തേനും ലൂബ്ധൻ നേടിയ ധനവും'


ഈച്ച ഒരു പൂവിൽ നിന്നും പറന്ന് മറ്റൊരു പൂവിൽ ചെന്നിരിക്കും.പല പൂക്കളിൽ ചെന്നിരിക്കുമ്പോൾ കാലിൽ പറ്റി പ്പിടിച്ച പൂമ്പൊടിയും തേനും പല പൂക്കളിൽ വീണു പോകും. ലുബ്ധൻ പരിശ്രമിച്ചു ധനം സമ്പാദിക്കും. പക്ഷെ ആവശ്യത്തിന് പോലും ചെലവാക്കാൻ മടിച്ചു സൂക്ഷിക്കും. ഒരു നാൾ ലൂബ്ധൻ മരിക്കും.അങ്ങനെ ആ ധനം മറ്റുള്ളവർ വിനിയോഗിക്കുന്ന സാഹചര്യം വന്നുചേരും.അതാണ് ഈച്ച തേടിയ തേനും ലൂബ്ധൻ നേടിയ ധനവും മറ്റുള്ളവർക്കേ ഉപകാരപ്പെടൂ എന്ന ചൊല്ലിന് ആധാരം.


5.'ഈഴം കണ്ടവനില്ലം വേണ്ട '


   ഈഴത്തിന് പട്ടണം എന്നു കൂടി അർത്ഥമുണ്ട്.അക്കാലത്ത് സിലോൺ ആയിരുന്നു എല്ലാവരും പോകുന്ന നാട്.ആ പട്ടണത്തിലെ പുതുമകളും പരിഷ്കാരങ്ങളും കണ്ട് ഭ്രമിച്ച ഒരാൾക്ക് സ്വന്തം വീടു പോലും വേണ്ടാത്ത അവസ്ഥയിൽ എത്തി ചേരും എന്നർത്ഥം.'കൊല്ലം കണ്ടവനില്ലം വേണ്ട, കൊച്ചി കണ്ടവനച്ചി വേണ്ട' എന്നും ഇതിന് മറു മൊഴിയുണ്ട്.


6. 'ഈ കട്ടിൽ കണ്ടു പനിക്കണ്ട '


കട്ടിൽ കിടക്കാനുള്ളതാണ്. ഒരു വീട്ടിൽ ഒരു പുതിയ കട്ടിൽ വാങ്ങിയാൽ അത് ഇന്ന ആൾക്ക് എന്നുള്ള ഉദ്ദേശത്തോടെ ആയിരിക്കും വാങ്ങുക.എന്നാൽ മറ്റൊരാൾ അതു കണ്ട് മോഹിച്ചാലോ? കട്ടിലിന്റെ കാര്യം മാത്രമല്ല എന്തുകാര്യമാണെങ്കിലും 
മറ്റൊരുവന്റെ അധീനതയിൽ ഉള്ള ഒരു വസ്തു വേറൊരാൾ ആഗ്രഹിച്ചാൽ അതിനു ഈ പഴഞ്ചൊല്ല് ഉപയോഗിക്കും. ഈ കട്ടിൽ കണ്ടാരും പനിക്കണ്ട എന്ന്. അതായത് ഇത് എന്റെ സ്വന്തം ആവശ്യത്തിന് വാങ്ങിയതാണ് ഇതു എനിക്ക് മാത്രം ഉള്ളതാണ്.ആരും അതിനെ മോഹിക്കേണ്ട എന്ന്. ആരും ആരുടെയും ഒന്നും മോഹിക്കരുത് എന്നർത്ഥം.


7.' ഈച്ചയ്ക്ക് പുണ്ണ് കാട്ടരുത്.'


  ഈച്ചയ്ക്ക് ഏറ്റവും പ്രിയം മാലിന്യമാണ്.എവിടെയെങ്കിലും കുറേ മാലിന്യം കൂടി കിടന്നാൽ അവിടെ  ഈച്ച കൂട്ടമായി ആർത്തുണ്ടാവും
അതുപോലെ ശരീരത്തിലെ വൃണ ങ്ങളോടും ഈ പ്രാണികൾക്ക് ഒരു പ്രത്യേക മമതയാണ്. ശരീരത്തിലെ വൃണങ്ങളിൽ വന്നിരുന്നു അതിൽ നിന്ന് ആഹ രിക്കുന്നത് ഈച്ചയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രവർത്തിയാണ്. എന്നാൽ ഈ പ്രവർത്തിയിലൂടെ ആ ശരീരത്തിന്റെ ഉടമയ്ക്ക് ഉണ്ടാവുന്ന ഭവിഷ്യത്ത് വളരെ ഭയാനകമാണ്.മാലിന്യങ്ങളിൽ നിന്നും കാലിൽ പറ്റുന്ന രോഗാണുക്കൾ ആ ശരീരത്തി ലേക്ക്‌ പടർത്തും ആ ശരീരത്തിലെ രോഗാണുക്കൾ മറ്റുള്ളവരിലേക്കും .അങ്ങനെ ഈച്ചയിലൂടെ പകർച്ച വ്യാധികൾ സംക്രമിക്കുന്നു. 
        ചില മനുഷ്യരും ഈച്ചയെ പോലെയാണ്‌. മറ്റുള്ളവരുടെ ബലഹീന വശങ്ങളെ ചൂഷണം ചെയ്തു നാടു മുഴുവൻ പറഞ്ഞു പരത്തുന്ന സ്വഭാവം ഉള്ളവർ.ഈ ച്ചയെ പുണ്ണ് കാട്ടരുത് എന്നു പറഞ്ഞപോലെ ഇവരെയും സൂക്ഷിക്കുന്നത് നല്ലതാണ്. 
മറ്റുള്ളവരുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്ത് ആനന്ദനിർവൃതി അടയുന്ന വരാണിവർ.


8.'ഈട്ടം കൂടിയാൽ കൂട്ടം കൂടും '


 ഈട്ടം എന്നാൽ ധനം. ധനം കൂടുന്തോറും കൂട്ടുകാരും കൂടി വരും. പണമില്ലാത്തവന് കൂട്ടുകാരും കുറവായിരിക്കും പണം കൂടുമ്പോൾ അതിന്റേതായ ജീവിത ശൈലിയും ആർഭാട ജീവി തവും പുതിയ പുതിയ തലങ്ങളിലേക്ക് നീങ്ങും. അതു വഴി കൂട്ടുകാരുടെ എണ്ണവും വർദ്ധിക്കും.


9.'ഈറ്റെടുക്കാൻ പോയവൾ ഇരട്ട പെറ്റു.'


    ഈറ്റ് എന്നാൽ പ്രസവം. ഈറ്റില്ലം എന്നാൽ സൂതികാഗൃഹം അലോപ്പതിയുടെ ആവിർഭാവത്തിന് മുൻപ് വീടുകളിൽ വന്നു പ്രസവം എടുത്തിരുന്നതു വയറ്റാട്ടിമാർ ആയിരുന്നു.ഇവരെ പതിച്ചികൾ അല്ലെങ്കിൽ സൂതികർമ്മിണികൾ 
എന്നും അറിയപ്പെടും പണമുള്ളവർ ഇവരെ വീടുകളിൽ താമസിപ്പിച്ച് പ്രസവവും പ്രസവശേഷമുള്ള ശുശ്രുഷകളും കുഞ്ഞിനെ കുളിപ്പിക്കലും തള്ളയേ വേതുകുളിയും ( എണ്ണയും കുഴമ്പും തേച്ച്,അഞ്ചോ , ഏഴൊ , ഒൻപതോ ഇങ്ങനെ ലഭ്യത അനുസരിച്ച് ഇലകൾ ഇട്ടു തിളപ്പിച്ച്‌ ആറിയ വെള്ളത്തിലുള്ള കുളി) ഒക്കെ നടത്തിച്ച് മടക്കുകയാണ് ചെയ്യാറ്. ചില അവസരങ്ങളിൽ ഭാര്യയുടെ പ്രസവത്തിനായി താമസിച്ചു പ്രസവം എടുക്കുന്നവർ പ്രസവത്തിനു മുൻപും പിൻപുമായി മിക്കവാറും ഒരു വർഷത്തോളം ആ വീട്ടിൽ തന്നെ കാണും.ആ സാഹചര്യത്തിൽ ഭർത്താവിന് ആ സ്ത്രീയുമായി ബന്ധം ഉണ്ടാവുകയും അതിൽ  കുട്ടി ജനിക്കുകയും ചെയ്യുക സ്വാഭാവികം. അക്കാലത്ത് അതു വലിയ തെറ്റായി ആരും ചിന്തിച്ചിട്ടും ഇല്ല. അല്ലെങ്കിൽ ചിന്തിച്ചിട്ടും പ്രയോജനം ഇല്ലായിരിക്കാം. അങ്ങനെയുള്ള അവസരങ്ങളിൽ കളിയാക്കിയുള്ള ഈ പഴഞ്ചൊല്ല് അന്വർത്ഥമാകും.ഈറ്റെടുക്കാൻ പോയവൾ ഇരട്ട പെറ്റു.


10.'ഈഴത്തിനു പോയവൻ ഊഴത്തിന് കാണില്ല.'


 ഈഴം എന്നാൽ  പട്ടണം. പഴയ കാലത്ത് സിലോണിലേക്കാണ് ആൾക്കാർ കുടിയേറിയിരുന്നത്. ഒന്നു കണ്ടു മടങ്ങാം എന്നു കരുതിയായിരിക്കും പുറപ്പെടുക. എന്നാൽ പട്ടണത്തിന്റെ ധാടി മോടികളിൽ ഭ്രമിച്ചു അവിടെ ത്തന്നെ കൂടുന്നവർ ഉണ്ട്. നാട്ടിൽ എന്തെങ്കിലും ജോലിയുള്ളവർ മടങ്ങി വന്ന് അതു തുടരേണ്ടതാണ്. എന്നാൽ അതെല്ലാം മറന്നു ആ പട്ടണത്തിൽ സ്ഥിരതാമസ മാക്കുമ്പോൾ പറഞ്ഞേറ്റ ജോലി ചെയ്യാൻ പറ്റാതെ വരുന്ന അവസ്ഥ ഉണ്ടാവും. ഈ അവസ്ഥയാണ് ഈഴത്തിന് പോയവൻ ഊഴത്തിന് കാണില്ല എന്ന ചൊല്ല് വരാൻ കാരണം. ഊഴം എന്നാൽ തവണ.ഒരാളിന്റെ ജോലിയുടെ തവണക്ക് ആ ആൾക്ക് എത്താൻ കഴിയാതാ കുക.


11.'ഈനാം പീച്ചിക്ക് മരപ്പട്ടി കൂട്ട്.'


  ഈനാം പീച്ചി അല്ലെങ്കിൽ ഈനാം ചക്കി ഒരു ദുർബാധയാണെന്നാണ് വയ്പ്പ്. മരപ്പട്ടി വെരുക് വർഗ്ഗത്തിൽ പെട്ട ദുർഗന്ധമുള്ള ഒരു ജീവി. മരത്തിൽ ചാടി നടക്കും.ചിലർ ബാധ കേറിയതു പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ആ ആളോട് സാമ്യമായി മറ്റൊരാൾ, അർത്ഥമില്ലാത്ത രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റൊരാൾ.ഒരേ സ്വഭാവമുള്ള രണ്ടുപേർ. അങ്ങനെയുള്ളപ്പോൾ ഈ പഴഞ്ചൊല്ല് അന്വർത്ഥമാകും. ഈ നാം പീച്ചിക്ക് മരപ്പട്ടി കൂട്ട്.


12.'ഈ വെള്ളത്തിൽ ആ പരിപ്പ് വേവില്ല '


  പരിപ്പ് ഏതു വെള്ളത്തിലും വേകും. പരിപ്പിൽ വെള്ളമൊഴിച്ചു അടുപ്പിൽ വച്ച് തീ കൊടുത്താൽ. പക്ഷെ ഇവിടെ പഴഞ്ചൊല്ല് പറയുന്നത് ഈ വെള്ളത്തിൽ ആ പരിപ്പ് വേകില്ല എന്ന്. അതിന്റെ അർത്ഥം ഇത്ര മാത്രം. ഇക്കാര്യം
നീ ഉദ്ദേശിക്കുന്ന രീതിയിൽ  എന്റെ അടുത്തു നടക്കില്ല എന്ന് ശക്തമായി പറയുക.അല്ലെങ്കിൽ നിന്റെ അടവ് എന്റെ അടുത്തു വിലപ്പോവില്ല എന്നുമാകാം.