പഴഞ്ചൊല്ലുകൾ തുടരുന്നു ' ഋ ' Mary Alex (മണിയ )
1.'ഋണത്താൽ മൈത്രി കെട്ടിടും.'
ഋണം എന്നാൽ കടം. കടം ചോദിക്കുന്ന ആൾ എത്ര ആത്മാർത്ഥ സുഹൃത്താണെങ്കിലും കൊടുക്കാൻ ബുദ്ധിമുട്ടു കാണിക്കുമ്പോൾ ആ ബന്ധത്തിന് ഇടിവു സംഭവിക്കും. ചോദിക്കുന്ന ആൾ വിചാരിക്കും സുഹൃത്ത് കയ്യിൽ ഉണ്ടായിട്ടും തരാത്തതാണെന്ന്.അങ്ങനെ സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹത്തിനു കോട്ടം ഭവിക്കും. ഇനി കടം കൊടുത്തു എന്നു തന്നെയിരിക്കട്ടെ. അപ്പോഴും ഇതു തന്നെ അനുഭവം. കടം ഏറി വരുമ്പോഴും അതു തിരിച്ചു കിട്ടാതെ വരുമ്പോഴും സുഹൃത്തുക്കൾ തമ്മിലുള്ള മൈത്രിക്ക് ഭംഗം ഉണ്ടാകും. അതാണ് ഋണത്താൽ മൈത്രി കെട്ടിടും എന്ന ചൊല്ലു കൊണ്ടു വിവക്ഷിക്കുന്നത്.
2.'ഋണശേഷവും വഹ്നിശേഷവും '
ഋണം എന്നാൽ കടം എന്നു പറഞ്ഞല്ലോ. വഹ്നി എന്നാൽ അഗ്നി. കടം കൊടുത്തതിന്റെ അല്ലെങ്കിൽ വീട്ടിയതിന്റെ ബാക്കിയായും തീ പിടിച്ച് നശിച്ചതിന്റെ ബാക്കിയായും എന്തെങ്കിലും ഉണ്ടെങ്കിൽ അത് വർദ്ധിച്ചു വരും എന്നാണ് ഈ ചൊല്ല് നമ്മെ മനസ്സിലാക്കുന്നത്. കാരണം ഒരബദ്ധം പിണഞ്ഞാൽ വളരെ സൂക്ഷ്മതയോടെയെ ആളുകൾ എന്തും പ്രത്യേകിച്ച് ധനവും തീയും കൈകാര്യം ചെയ്യുകയുള്ളു.
3.'ഋണഭാരം മന:ക്ലേശം '
കടം വാങ്ങി വാങ്ങി ജീവിക്കുന്നവർക്ക് കടഭാരം കൂടുമ്പോൾ മനസ്സിന്റെ സ്വസ്ഥത നശിക്കും. ചിലപ്പോൾ ആത്മഹത്യ വരെ ചിന്തിച്ചുപോകുന്ന അവസ്ഥ ഉണ്ടാകും.അങ്ങനെ എത്ര ആത്മ ഹത്യകൾ നാം പത്രങ്ങളിൽ വായിക്കുന്നു , ന്യൂസിൽ കേട്ടു കൊണ്ടിരിക്കുന്നു .അതുകൊണ്ടു ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിക്കുക. അതാണ് നല്ലത്. അമിതമായ ആഗ്രഹങ്ങൾ കൊണ്ടും ആർഭാടങ്ങൾ കൊണ്ടും കുടുംബം മുന്നോട്ടു കൊണ്ടു പോകുവാൻ ശ്രമിച്ചാൽ അനുഭവം മറിച്ചായിരിക്കില്ല.
അക്ഷരമാല ക്രമത്തിൽ വളരെ ശുഷ്‌കാന്തിയോടെയാണ് ഞാൻ 'ഊ' വരെ എഴുതിയത്. എന്നാൽ 'ഋ' എന്ന അക്ഷരം വന്നപ്പോൾ ആ അക്ഷരം കൊണ്ടുള്ള പഴഞ്ചൊല്ലുകൾ വളരെ വിരളമാണെന്ന് കാണുന്നു. പല സുഹൃത്തുക്കളോട് അന്വേഷിച്ചു നോക്കി. അവരും കൈ മലർത്തി. പഴഞ്ചൊല്ല് പുതുതായി ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ലല്ലോ. അങ്ങനെ ചെയ്താൽ അത് പുതുചൊല്ലായി മാറില്ലേ?. അതുകൊണ്ടു അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമായ 'ഋ ' വിൽ തുടങ്ങുന്ന ചില വാക്കുകളെ പരിചയപ്പെടാം .(കടപ്പാട്- ബഹുമാന്യനായ ശ്രീകണ്ഡേശ്വരം ജി.പത്മനാഭപിള്ളയുടെ ശബ്ദതാരാവലി )
1.ഋക്കീസൻ :-
നമ്മൾ കേട്ടിട്ടില്ലേ അവനൊരു അർക്കീസാണെന്ന്. അർത്ഥം അവനൊരു പിശുക്കൻ ആണ്.
കയ്യിലിരിക്കുന്ന പണം ഒരു കാര്യത്തിനും ചെലവാക്കുകയില്ല. ഋക്കീസൻ എന്ന പദത്തിൽ നിന്നാണ് അർക്കീസ് ഉരുത്തിരി ഞ്ഞിട്ടുള്ളത്.ഉലുന്തൻ എന്നും പറയും.
2.ഋക്ഷ:-
അർത്ഥം വടക്കു ദിക്ക്.മറ്റ് അർത്ഥങ്ങളും ഇതിനുണ്ട്. എന്നാൽ പുതു തലമുറക്ക് അറിയേണ്ടതിനായി ഞാൻ
ദിക്കുകളെക്കുറിച്ചു മാത്രം എഴുതുകയാണ്.ദിക്കുകൾ ആകെ നാലാണ്. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്. കിഴക്കു ദിക്കിൽ സൂര്യൻ ഉദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു ചന്ദ്രൻ നേരേ തിരിച്ചാണ്. പടിഞ്ഞാറ് പൊങ്ങി കിഴക്ക് മറയുന്നു. ദിക്കുകളെ അറിയാൻ എളുപ്പമാർഗം.ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിൽക്കുന്ന ഒരാളുടെ നേർവശം കിഴക്കും വലതുവശം തെക്കും ഇടതുവശം വടക്കും പുറകുവശം പടിഞ്ഞാറും ആയി വരും എന്നോർമ്മിച്ചാൽ മതി.
.3. .ഋഗ്വേദം :-
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ വേദങ്ങൾ നാലാണ്.
ഋഗ്വേദം അതിൽ ആദ്യത്തേതും മേന്മയുള്ളതും ആണ്.അഗ്നിയിൽ നിന്നും ഉജ്വലിപ്പിച്ചെടുത്തതാണെ ന്നു പറയപ്പെടുന്നു . ഇതിന് എട്ടു ഭാഗങ്ങൾ ഉണ്ട്. അതുകൊണ്ട് അഷ്ടകങ്ങൾ എന്നറിയപ്പെടു ന്നു. ഓരോന്നിലും എട്ട് അദ്ധ്യായങ്ങൾ വീതമാണ്. അക്കാലത്തെ പണ്ഡിതനായ സായനാചാര്യന്റെ വ്യാഖ്യാനം ലോകത്തിലെ ആദ്യ വിശ്വ മഹാഗ്രന്ഥമാണ് ഈ വേദഗ്രന്ഥം എന്നാണ്.വൈദികകാലത്തെ ഭാരതത്തെപ്പറ്റി അനേകം സൂക്ത ങ്ങൾ ഋഗ്വേദത്തിൽ ഉണ്ടത്രേ .
4.ഋണത്രയം /ഋണചതുഷ്ടയം :-
ഋണം എന്നാൽ കടം.ത്രയം
എന്നാൽ മൂന്ന്.മൂന്നും ഒന്നും
നാലു തരത്തിലുള്ള കടങ്ങളെ
ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒന്ന് ഋഷികൾക്കുള്ള കടം, രണ്ട് സുരന്മാർക്കുള്ള കടം മൂന്ന് പിതൃക്കൾക്കുള്ള കടം. ആദ്യത്തേതായ ഋഷി അല്ലെങ്കിൽ മഹർഷിമാർക്കുള്ളത് ബ്രഹ്മചര്യം കൊണ്ടും, രണ്ടാമത്തെ സുരൻ അതായത് ദേവൻ. ദേവന്മാർക്കുള്ളത് യാഗം കൊണ്ടും മൂന്നാമത് പിതൃക്കൾ.അതായത് മാതാപിതാക്കന്മാർ.അവർക്കുള്ളത് പുത്രത്വം കൊണ്ടും തീർക്കണം. ഇനി ഒരു കടമുള്ളത് മനുഷ്യർക്കുള്ള കടമാണ്. ഈ കടം സത്യം കൊണ്ടാണ് വീട്ടേണ്ടത്. ഈ നാലു കടങ്ങളെ
ഋണചതുഷ്ടയം എന്നു വിശേഷിപ്പിക്കുന്നു .
5.ഋതു :-
ഒരോ ക്ളിപ്ത കാലത്തിന് ഋതു എന്നു പറയുന്നു.ഒരു വർഷത്തിൽ വസന്തം, ഗ്രീഷ്മം, വർഷം, ശരത്ത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ആറ് ഋതുക്കൾ ഉണ്ട്. ഒരു വർഷത്തിലെ പന്ത്രണ്ടു മാസത്തിൽ ഈരണ്ടു മാസം ഉൾക്കൊള്ളുന്നതാണ് ഒരു ഋതു. ഇംഗ്ലീഷ് വർഷത്തിലെ മാസങ്ങൾ പോലെ മലയാളവർഷത്തിലും ഒരോ മാസത്തിനും പേരുകൾ ഉണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം. ഇതിൽ മേടം ഇടവം ചേരുന്നത് വസന്തം, മിഥുനം കർക്കിടകം ചേരുന്നത് ഗ്രീഷ്മം. വീണ്ടും ആദ്യ മാസങ്ങളായ ചിങ്ങം കന്നി ചേരുന്നത് വർഷം. തുലാം വൃശ്ചികം ചേരുന്നത് , ശരത്ത്. ധനു മകരം, ചേരുന്നത് ഹേമന്തം. കുംഭം മീനം,ചേരുന്നത് ശിശിരം ഇങ്ങനെ ആറ് ഋതുക്കൾ ചെമന്തിപ്പു വസന്തത്തിന്റെയും വാകപ്പൂ ഗ്രീഷ്മത്തിന്റെയും കടമ്പിൻപൂ വർഷത്തിന്റെയും താമരപ്പൂ ശരത്തിന്റെയും മുല്ലപ്പൂ ഹേമന്തത്തിന്റെയും പാച്ചോറ്റിപ്പൂ ശിശിരത്തിന്റെയും സംഭാവനക ളാണ്. വസന്തമാണ് ഋതുക്കളിൽ പ്രാധാന്യമേറിയത് .
6.ഋഭു :-
ബ്രഹ്മാവിന്റെ നാലു പുത്രന്മാരിൽ ഒരാൾ. സത്യത്തോടു കൂടി പിറന്നയാൾ.
പുലസ്ത്യന്റെ പുത്രനും സ്വന്തം ശിഷ്യനുമായ നിദാഘൻ എന്ന ബ്രാഹ്മണനു ജ്ഞാനോപദേശം ചെയ്ത കുമാരൻ
7.ഋഭുക്കൾ :-
അംഗീരസിന്റെ പുത്രനായ സുധന്വാവിന്റെ പുത്രന്മാരായ ഋഭു,
വിഭ്വാവ്,വാജൻ ഇവരാണ് ഋഭുക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്.നന്മ ചെയ്കയാൽ അമാനുഷിക ശക്തിയും ദിവ്യത്വവും ലഭിച്ചവർ. ദേവേന്ദ്രന്റ കുതിരകളെയും, അശ്വിനികളുടെ രഥത്തെയും, ബ്രഹസ്പതിയുടെ പശുവിനെയും സൃഷ്ടിച്ചത് ഇവരാണ്. വൃദ്ധരായ മാതാപിതാക്കൾക്ക് ഇവർ യൗവനം തിരികെ നൽകിയത്രേ.
8.ഋഷി :-
മഹർഷി, ദേവർഷി,ബ്രഹ്മർഷി എന്ന് ഋഷിമാർ മുഖ്യമായി മൂന്നു തരം. ഇവരെല്ലാം ജ്ഞാനത്തിന്റെ മറുകര കണ്ടവരാണ്. ഇവരിൽ രാജർഷിമാരും ഉണ്ടായിരുന്നു. അത് വിശ്വാമിത്രൻ ആണ്. ഋഷി ക്ക് ആത്മജ്ഞാനി, സന്യാസി എന്നൊക്കെയാണ് അർത്ഥം. എങ്കിലും നമുക്കറിയാത്ത ഒരർത്ഥം കൂടി ഈ വാക്കിനുണ്ട്. ഒരിക്കലും ഋതുമതിയാകാത്ത സ്ത്രീ.
9.ഋഷിധർമ്മങ്ങൾ :-
ആറു ധർമ്മങ്ങളാണ് ഋഷിമാർക്കുള്ളത്. ബ്രഹ്മചര്യം, സദാസത്യം, ജപം, ജ്ഞാനം, നിയമം, ധർമ്മബോധം ഇവയാണ് ഋഷിധർമ്മങ്ങൾ.ഇതെല്ലാം അനുഷിക്കുന്നവരെ മാത്രമേ ഋഷി പറയാനാവു.
10..ഋഷ്യശ്രംഗൻ :-
വിഭാണ്ഡകൻ എന്നയാളി ന്റെ പുത്രൻ.അതിനാൽ വൈ ഭാണ്ഡകൻ എന്നും പേരുണ്ട്. ഋഷ്യശ്രംഗൻ എന്ന പേരിന് കാരണം നെറ്റിയിൽ കൊമ്പുകൾ ഉണ്ടായിരുന്നതിനാലാണ് പുരുഷനാകുന്നതു വരെ അച്ഛൻ അവനെ മനുഷ്യരെ കാണിക്കാതെയാണ് വളർത്തിയത് . അംഗരാജ്യത്ത് മഴയില്ലാതെ വന്നപ്പോൾ രാജാവായ ലോമപാദൻ കുറേ യുവതികളെ അയച്ച് അവനെ വശീകരിച്ച് നാട്ടിൽ കൊണ്ടു വന്ന് വളർത്തുപുത്രിയേ ഭാര്യയായി കൊടുത്തു. അതിൽ സംപ്രീതനായി ഋഷ്യശ്രംഗൻ ആ രാജ്യത്ത് മഴ പെയ്യിച്ചു എന്ന് പുരാണം. വൈശാലി എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് അറിയാം ലോമപാദൻ അയച്ചത് വെപ്പാട്ടിയെയും അവളിൽ അയാൾക്ക് ജനിച്ച മകൾ വൈശാലിയേയും കുറേ തൊഴിമാരെയും ആണെന്നും ഋഷ്യശ്രംഗൻ അവളിൽ അനുരക്തനായാണ് വംഗരാജ്യത്ത് എത്തിയതെന്നുംമഴ പെയ്യിച്ചതെന്നും.എന്നാൽ ദത്തു പുത്രിയെ ഭാര്യയായി കൊടുത്ത് സ്വന്തം രക്തത്തിൽ പിറന്ന മകളേയും അമ്മയേയും ആ നാട്ടിൽ നിന്നും തന്നെ പുറന്തള്ളുകയായിരുന്നു എന്നാണ് സിനിമ .