സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

Jul 21, 2026 - 19:53
 0  4
സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ അദ്ദേഹം ആഗ്രഹിക്കുന്ന പ്രകാരം സ്വകാര്യ ആശുപത്രിയായ ഗുരുഗ്രാമിലെ മെദാന്തയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ചികിത്സയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയമായിരിക്കും അദ്ദേഹത്തെ മാറ്റുകയെന്ന് കോടതി വ്യക്തമാക്കി.വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ (സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ നിരീക്ഷണം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കാമെന്നും കോടതി അറിയിച്ചു.

സഫ്ദർജംഗ് ആശുപത്രിയിൽ നിലവിലുള്ള വാങ്‌ചുക്കിന്റെ എല്ലാ മെഡിക്കൽ റെക്കോർഡുകളും റിപ്പോർട്ടുകളും മെദാന്ത ആശുപത്രി അധികൃതർക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

അദ്ദേഹത്തെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുകയാണ്. മെദാന്തയിൽ അദ്ദേഹം ചികിത്സയിൽ തുടരും. സഫ്ദർജംഗ് ആശുപത്രിയിൽ നടത്തിയ എയിംസിന്റെയും മറ്റ് ലാബുകളുടെയും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെ മെദാന്തയ്ക്ക് കൈമാറും. വാങ്‌ചുക്കിന്റെ ചികിത്സയുടെ മേൽനോട്ടത്തിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കാൻ മെദാന്ത ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകും,- ഹൈക്കോടതി വ്യക്തമാക്കി.