പഴഞ്ചൊല്ലുകൾ തുടരുന്നു ' ഒ '
Mary Alex (മണിയ)
1.'ഒരു കണ്ണും ഒരു ചെവിയും ഇല്ലെന്നോർത്തു ജീവിക്കുക '
വളരെ അർത്ഥവത്തായ, ജീവിതത്തിൽ പാലിക്കേണ്ടതായ ഒരു സംഗതിയെക്കുറിച്ചാണ് ഈ പഴഞ്ചൊല്ല് നമ്മെ ഉൽബോധി പ്പിക്കുന്നത്.നമ്മുടെ ചുറ്റുപാടും പല നല്ല കാര്യങ്ങളും, മോശം കാര്യങ്ങളും നടമാടുന്നുണ്ട്.നല്ല കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.അഭിനന്ദിക്കണം അഭിനന്ദിക്കേണ്ടതാണെങ്കിൽ ,നമ്മുടെ പങ്കാളിത്തം ആവശ്യമുള്ളതാണെങ്കിൽ വേണ്ടതു ചെയ്യണം. പണം കൊണ്ടെങ്കിൽ പണം കൊണ്ട്, അധ്വാനം കൊണ്ടാണെങ്കിൽ അങ്ങനെ. എന്നാൽ മോശം കാര്യമാണെങ്കിൽ അതു കണ്ടില്ലെന്നു തന്നെ നടിക്കണം. അത് അപ്പുറത്തു പറഞ്ഞ് ഇപ്പുറ ത്ത് പറഞ്ഞ് നാടു മുഴുവൻ പാട്ടാ ക്കരുത്. അതുപോലെ മറ്റുള്ളവരിൽ നിന്നും കേൾക്കുന്നതും നല്ലതെങ്കിൽ ചെവിക്കൊള്ളണം.മോശമെ ങ്കിൽ ഒരു ചെവിയിൽക്കൂടി കേട്ട് മറു ചെവിയിൽക്കൂടി പുറത്തേക്കു വിട്ടേക്കണം.അവർ എന്നോട് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നു ചിന്തിച്ച് വിഷമിക്കാനോ കൂട്ടിച്ചോദിക്കാനോ തുനിയരുത്,
മറ്റുള്ളവരുമായി ചർച്ച ചെയ്ത് സംഗതി വഷളാക്കരുത്.
2 'ഒത്തു പിടിച്ചാൽ മലയും പോരും'
ഒന്നെന്നല്ല എത്ര ആളുകൾ കൂടിയാലും മല നീക്കാൻ സാധിക്കില്ല.എന്ന് എല്ലാവർക്കും അറിയാം.മല പോലെ എത്ര വലിയ,ബുദ്ധിമുട്ടുള്ള കാര്യമാണെ ങ്കിലും മറ്റുള്ളവരുടെ സഹകരണം ഉണ്ടായാൽ നിഷ് പ്രയാസം സാധിക്കാം എന്നാണ് ഈ ചൊല്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നു പറഞ്ഞാൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ, എത്ര പ്രയാസ മേറിയ കാര്യവും സാധിച്ചെടുക്കാം എന്നു തന്നെ .
3.'ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിച്ചു വളർത്തണം.'
ഒരു കുട്ടി മാത്രമാണെങ്കിൽ മാതാപിതാക്കൾ ആ കുട്ടിയെ താഴത്തു വച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന രീതിയിൽ വളർത്തും. എന്തു ചോദിച്ചാലും വാങ്ങിക്കൊ ടുക്കും. ലാളിച്ചും ഓമനിച്ചും കുട്ടി വളരുമ്പോൾ താന്തോന്നിയായി ത്തീരും. അതേ സമയം കൊച്ചു പ്രായത്തിൽ തന്നെ കുട്ടിയെ ശാസിച്ചും ശിക്ഷിച്ചും വളർത്തിയാൽ ആ കുട്ടി വലുതാകുമ്പോൾ നന്മ തിന്മകൾ തിരിച്ചറിഞ്ഞു ജീവിക്കും. മറ്റുള്ളവരെ നേർവഴിയിൽ നയിക്കുകയും മറ്റുള്ളവരോട് മര്യാദയോടെയും അനുകമ്പയോ ടെയും വർത്തിക്കുകയും ചെയ്യും.
4.'ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാം തിരയുക '
മൂക്കത്ത് കണ്ണട വച്ചിട്ട് മുക്കിലും മൂലയിലും തിരയുക. തലമുടിയിൽ ചീപ്പ് കോർത്തിട്ട് ഡ്രസ്സിംഗ് ടേബിളിലും അലമാര യ്ക്കുള്ളിലും പുറത്തും തിരയുക. ഇതൊക്കെ സർവ്വ സാധാരണമാണ്. ഇതുപോലെ മറ്റു പലതും ഉണ്ട്. ഫ്രിഡ്ജ് തുറന്നിട്ട് എന്താണെടുക്കാൻ ചെന്നത് എന്നാലോചിച്ചു നിൽക്കുക. സംസാരിച്ചിട്ട് മൊബൈൽ എവിടെയെങ്കിലും വയ്ക്കുക, പിന്നെ തപ്പിത്തേടി നടക്കുക.ബെല്ലടിപ്പിച്ചു നോക്കുക അതൊക്കെ മറവിയിൽപ്പെടുന്ന കാര്യമാണ്.അതുപോലെയാണോ എളിയിൽ കുഞ്ഞിനെ എടുത്തു കൊണ്ടു നാടെങ്ങും കുഞ്ഞിനെ തെരഞ്ഞു നടക്കുന്നത്?ആയത് ചിന്തിക്കാൻ പോലും ആവില്ല. ഇവിടെ കുഞ്ഞ് എന്നു ഉദ്ദേശിക്കുന്നത് സ്വന്തമായ എന്തും എന്നാണ്.അല്ലെങ്കിൽ കയ്യിൽ ഉള്ളതിനേക്കുറിച്ച് ഓർക്കാതെ ആ സാധനത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുക
സ്വന്തമായുള്ളതിനെ ഉണ്ടെന്നറി യാതെ നാടെങ്ങും തിരയുക. സ്വന്തമായുള്ള കഴിവുകളെ ക്കുറിച്ച് തിരിച്ചറിവില്ലാതെ മറ്റുള്ളവരുടെ അതേ കഴിവുകളെ വാനോളം പുകഴ്ത്തി അവരോട് തനിക്കുവേണ്ടി ആ ജോലികൾ ചെയ്തു തരാൻ ആവശ്യപ്പെടുക. അവനവനിൽ എന്തുണ്ട് എന്ന് ആദ്യം അറിയുക അതിനെ പരിപോഷിപ്പിക്കുക. അതിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ നാം മറ്റുള്ളവരിൽ നിന്നും ഒന്നും കടം കൊള്ളേണ്ടി വരില്ല.
5. ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരം ഉണ്ണുന്നവൻ ഭോഗി,
മൂന്നു നേരം ഉണ്ണുന്നവൻ രോഗി.'
ഇതൊരു പഴഞ്ചൊല്ല് തന്നെയോ എന്നു സംശയം തോന്നാം, അല്ലാതെയും നമുക്കതിനെ വിവക്ഷിക്കാം.
സാധാരണ മലയാളികൾ മൂന്നു നേരമാണ് ശരിയായ ഭക്ഷണം കഴിക്കുന്നത്. ഉച്ച ഊണിനും അത്താഴത്തിനും ഇടയിൽ ഒരു ലഘു ഭക്ഷണവും ഒരു കാപ്പിയോ ചായയോ കൂടി കഴിക്കുന്നവരാണ് കൂടുതൽ പേരും.അതുപോലെ പ്രാതലിനും ഉച്ചയൂണിനുമിടയിൽ ഒരു പാനീയവും.ഊണ് എന്നുദ്ദേശിക്കുന്നത് ചോറും കൂട്ടാനും ആണ്.അങ്ങനെ മൂന്നു നേരം ഉണ്ണുന്നവരെ രോഗി എന്ന ഗണത്തിൽ കൂട്ടാം. കാരണം അമിത ഭക്ഷണം ആലസ്യവും അതിൽ നിന്ന് ഉറക്കവും വിടാതെ പിടികൂടും . അതു മൂലം ദഹന പ്രക്രീയക്ക് തടസ്സം ഭവിക്കയും അവർ ക്രമേണ രോഗികളായി മാറുകയും ചെയ്യുന്നു.രണ്ടു നേരം ഉണ്ണുന്നവർ ആഹാരവും വിശ്രമവും മാത്രമേ ഉള്ളുവെങ്കിൽ അല്പം ഭോഗി ആകുന്നതിൽ അതിശയമില്ല.രണ്ടു നേരമല്ലേ കഴിക്കുന്നുള്ളു വെജ്ജും നോൺ വെജ്ജും മധുരത്തിന് ഒരു ഐസ് ക്രീമോ സ്വീറ്റ്സോ ഏതെങ്കിലും പഴവർഗ്ഗങ്ങളും ആകാമല്ലോ. എല്ലാം കൂടി ആ ആളെ ചെകിടിപ്പിച്ച് ഉന്മാദാവസ്ഥയിൽ എത്തിക്കും.അങ്ങനെ ആ ആളിൽ ഭോഗതൃഷ്ണ ഉണരും. എന്നാൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ആളാണെങ്കിലോ ആ ആൾ തികഞ്ഞ സന്യാസി തുല്യൻ ആയിരിക്കും.ഒന്നിനോടും ആർത്തിയോ ആസക്തിയോ ഇല്ലാതെ എല്ലാം നിയന്ത്രിക്കാൻ കഴിവുള്ള യോഗി.
6.'ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് '
നാം എന്തെങ്കിലും ദാനം കൊടുത്താൽ നമ്മുടെ സ്വന്തമായ
മറ്റേ കൈ പോലും അറിയരുത് എന്നാണ്. ചിലർ ദാനം നടത്തു ന്നത് പേരിനും പ്രശസ്തിക്കും വേണ്ടിയാണ്. ആ ദാനം സ്വീകരിക്കുന്ന ആളെ ചേർത്തു നിർത്തി ഫോട്ടോ എടുത്ത് ഏതെല്ലാം മാധ്യമങ്ങളുണ്ടോ അതിലെല്ലാം പ്രസിദ്ധീകരിക്കും. അത് ശരിയല്ല എന്നാണ് ഈ ചൊല്ല് നമ്മെ മനസ്സിലാക്കുന്നത്. നാം ചെയ്യുന്ന നന്മയുടെ ഫലം നമുക്ക് ലഭ്യമാകണമെങ്കിൽ അത് ഒരാൾ മാത്രമേ അറിയാവൂ. നമ്മുടെ നിയന്ത്രിതാവായ ഈശ്വരൻ. അല്ലാതെ എന്തു ചെയ്താലും കൊട്ടിഘോഷിച്ചു പേരെടുക്കുന്നതിൽ അർത്ഥമില്ല അതിനു ഫലവും ലഭ്യമാകയില്ല എന്നു സ്വയം മനസ്സിലാക്കുന്നത് നല്ലതാണ് .
7.'ഒത്തവരോടേ ഉത്തരമോതാവൂ.'
ചിലരുണ്ട് ആളും പരിസ രവും നോക്കാതെ വായിൽ തോന്നിയത് വിളിച്ചു പറയും. മറ്റു ചിലർ ഒപ്പമുള്ളവരോട് തറുതലയും തർക്കുത്തരവും
പറഞ്ഞ് എവിടെയും സ്വയം ജയിക്കാൻ ശ്രമിക്കും. രണ്ടും ശരിയല്ല.ചിലപ്പോൾ ആ അവസരത്തിൽ ചേരി തിരിഞ്ഞ വഴക്കും,ഉന്തും തള്ളും കത്തിക്കുത്തും കൊലപാതകം വരെയും ഉണ്ടാവാം. കൂട്ടുകാരോടും സമപ്രായക്കാരോടും എങ്ങനെ വേണമെങ്കിലും സംസാരിക്കാം. അവർ അത് കാര്യമാക്കില്ല. എന്നാൽ നമ്മിൽ പ്രായം കൂടിയ ആൾക്കാരോടും ഗുരുക്കന്മാ
രോടും ഗുരുതുല്യരോടും വളരെ ബഹുമാനത്തോടെയെ ഇടപെടാവു,സംസാരിക്കാവു എന്നു സാരം.ഇല്ലെങ്കിൽ അവർ ഒരു ശിക്ഷയും വിധിച്ചില്ലെങ്കിലും, ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും, അവരുടെ മനസ്സു വേദനിച്ചാൽ അതിന്റ ദോഷഫലം നമുക്ക് അനുഭവിക്കേണ്ടി വരും.
8.'ഒരു കൈ കൊട്ടിയാൽ ഒച്ച അറിയില്ല.'
ഒരു കൈ കൊട്ടാൻ പറ്റുമോ? കൊട്ടാം. ക്ലാസ്സിൽ ടീച്ചേർസ് മേശ മേൽ ഒരു കൈ കൊണ്ട് കൊട്ടി കുട്ടികളെ നിയന്ത്രിക്കാറുണ്ട്, കുട്ടികളുടെ ശ്രദ്ധ തിരിക്കാറുണ്ട് നല്ല പാട്ടു കേൾക്കുമ്പോൾ ഒരു കൈ കൊണ്ട് കൊട്ടി താളം പിടിച്ചു രസിക്കാറുണ്ട്. ഇതൊന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.രണ്ടു പേർ തമ്മിലുള്ള അസ്വാരസ്യത്തെക്കു റിച്ചാണ്.ഉള്ളിൽ ഒതുങ്ങാതെ അതു ചിലപ്പോൾ പുറത്തു ചാടും. പരിഹാസമായി,കുറ്റപ്പെടുത്ത ലായി. ആ സമയത്ത് അതു ബാധിക്കപ്പെടുന്ന ആൾ ചുട്ട മറുപടി പറഞ്ഞു തുടങ്ങും. അങ്ങനെ വഴക്കു മൂത്ത് ബഹളത്തിൽ കലാശിക്കും.ആ ആൾ കേട്ടില്ലാമട്ടിൽ വിട്ടിരുന്നെ ങ്കിലോ അങ്ങനെ ഒരവസ്ഥ ഒഴിവാകുമായിരുന്നു.
9.'ഒഴുക്കുനീറ്റിൽ അഴുക്കില്ല.'
ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ അഴുക്ക് കെട്ടി കിടക്കുകയില്ല. ഒഴുകാൻ സൗകര്യമില്ലാതെ കെട്ടിക്കിടക്കു ന്ന കുളങ്ങളിൽ അഴുക്കും കെട്ടി ക്കിടക്കും. ഇവിടെ വെള്ളം എന്നുദ്ദേശിക്കുന്നത് നമ്മുടെ മനസ്സാണ്. ഒരു ജോലിയിലും ശ്രദ്ധിക്കാതെ അലസരായി ഇരിക്കുമ്പോൾ നമ്മുടെ.മനസ്സു കളിൽ അരുതാത്ത ചിന്തകൾ കടന്നു കൂടും. ഈ അരുതാത്ത ചിന്തകളാണ് അഴുക്കുകൾ. അത് മനസ്സിനെ ദുർബലമാക്കി വികല ചിത്തരാക്കും.അതിനാൽ നാം എപ്പോഴും എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ട് മനസ്സിനെ എപ്പോഴും വ്യാപൃത മാക്കി വയ്ക്കണം.എങ്കിലേ അതിൽ ദുഷ്ചിന്തകൾ കടന്നു കൂടാതിരിക്കു.ഇതുപോലെ മറ്റൊരു ചൊല്ലുമുണ്ട്. 'ഒലിപ്പിലെ കല്ലിൽ പൂപ്പലില്ല ' ഒലിപ്പ് എന്നത് നീരോഴുക്ക്,പൂപ്പൽ എന്നാൽ പാട പോലെ വെളുത്ത നിറത്തിൽ ഉണ്ടാകുന്ന ഒരു ഫംഗസ്.കല്ലിൽ അതിനെ പായൽ എന്നു പറയും. ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ കിടക്കുന്ന കല്ലിൽ പായൽ പിടിക്കില്ല .കർമ്മ നിരതരായിരിക്കുന്ന മനസ്സിൽ ദുർചിന്തകളാകുന്ന അഴുക്ക് ഉണ്ടാവുകയില്ല എന്നു സാരം.
10.'ഒരു തലയേക്കാൾ രണ്ടു തല നല്ലത്.'
എല്ലാവർക്കും ഒരു തലയാണു ള്ളത്. വളരെ വിരളമായി ചില കുഞ്ഞുങ്ങൾ ഒട്ടിപ്പിടിച്ച തലയോ ഉടലോ ആയി ജനിച്ചെന്നു വരാം. ശാസ്ത്രം പുരോഗമിച്ച ഈ കാലഘട്ടത്തിൽ അതൊന്നും ഒരു വിഷയമല്ല.ശസ്ത്രക്രീയയിലൂടെ തലയും ഉടലുമൊക്കെ വേർ പെടുത്തി ഇല്ലാത്ത അവയവങ്ങൾ കൂട്ടിച്ചേർത്ത് രണ്ടുത്തമ പൈതങ്ങളാക്കി മാറ്റും.ഇവിടെ അത്തരമൊരു ചിന്താഗതിക്ക് പ്രസക്തിയില്ല.
പിന്നെയോ ഇവിടെ തല എന്നത് ബുദ്ധിയെയാണ് സൂചിപ്പിക്കുന്നത് ഒരു ഗൗരവമായ കാര്യത്തിനു തീരുമാനം എടുക്കേണ്ട അവസ്ഥ വരുമ്പോൾ ഒരു തലയിൽ തോന്നുന്ന ചിന്താഗതിയായിരി ക്കില്ല മറ്റൊരു തലയിൽ തോന്നുക .പലരുടെയും ബുദ്ധി പല വിധത്തിലാണ് പ്രവർത്തിക്കു ന്നത്.അതുകൊണ്ട് ഗൗരവമായ കാര്യങ്ങൾക്കു തീരുമാനമെടുക്കാ നാകാതെ കുഴയുമ്പോൾ ഒരാളെ ക്കൂടി കൂട്ടത്തിൽ കൂട്ടുക. കൂട്ടായ തീരുമാനം തെറ്റു വരുത്തുകയില്ല.
11.'ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത് '
പഴയ കാലത്ത് റോഡ്,വണ്ടി വള്ളങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് ഒരോ ആവശ്യങ്ങൾക്ക് അന്യദേശത്തേക്ക് നടന്നോ , കാളവണ്ടിയോ ഒക്കെ ആശ്രയിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. അന്നന്നു പോയി മടങ്ങാൻ സാധ്യമല്ലാതെ വരുമ്പോൾ ആ ദേശത്തെ ഏതെങ്കിലും ഒരു വീട്ടിൽ അന്തിയുറങ്ങും.അതിൽ
ആനന്ദം കണ്ടിരുന്ന വീട്ടുകാരുംഅന്നുണ്ടായിരുന്നു ഒട്ടുമുക്കാലും വീടുകൾക്ക് കുളിക്കാൻ കുളങ്ങളും താമസിക്കാൻ നാലുകെട്ടും നടുമുറ്റവും ഒക്കെയായി നല്ല സൗകര്യം ഉള്ള വീടുകളിൽ. അത്താഴത്തിനു മുൻപ് കുളത്തിൽ കുളിച്ചു കയറി വന്ന് ആഹാരവും കഴിച്ച് അന്യർക്കായി പ്രത്യേകം ഒരുക്കപ്പെട്ട മുറിയിൽ താമസിച്ച് പിറ്റേന്നു മടങ്ങും. അല്ലെങ്കിൽ വന്ന കാര്യം നിവർത്തിക്കുന്നതുവരെ. ഈ ചൊല്ല് മറ്റൊരു രീതിയിലും ഉണ്ട്. 'ഒരു നന്ദി ചെയ്തവനെ ഉണ്മയിൽ വയ്ക്കണം '
നമുക്ക് നന്മ ചെയ്തവരെ
ഒരു നാളും മറക്കരുത്. അവസരം കിട്ടുമ്പോൾ അവരെ ചെന്നു കാണാനും ആ സ്നേഹം നിലനിർത്തിക്കൊണ്ടു പോകാനും നാം കടപ്പെട്ടവരാണ്.ചിലർ നമ്മേ സഹായിച്ചവരെ പാടേ മറന്നു പോകുന്ന പ്രവണത കാണാറുണ്ട്. അത് ഒരിക്കലും ശരിയല്ല. എന്നാൽ തന്റെ അവശ്യ ഘട്ടത്തിൽ തനിക്ക് സഹായം ചെയ്ത വ്യക്തികളെ ഓർത്തു വച്ച് മക്കളെ ഭരമേൽപ്പിച്ചു മരിച്ചു പോയിട്ടുള്ളവരും ഉണ്ട് എന്നുള്ളത് ശ്ലാഘനീയമായ സംഗതിയാണ്.
12. ' ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളീം, നാലാമോണം നക്കീം തുടച്ചും.'
കേൾക്കാൻ ഇമ്പമുള്ള ഒരു ചൊല്ലാണിത്.പഴയകാലത്തെ ചൊല്ലുകളാണല്ലോ പഴഞ്ചൊല്ല്.
വർഷത്തിൽ ഒരിക്കൽ വരുന്ന ഓണം അതു ഗംഭീരമായി ഘോഷിക്കുന്ന ഗ്രാമീണർ. ആ ഒരിക്കലേ കോടി വാങ്ങാൻ വശമുള്ളു ,അങ്ങനെ അത് ഓണക്കോടിയായി.നല്ല ഭക്ഷണവും അന്നു മാത്രം. ഇലയിട്ടു തരാതരം കറികളുംവറത്തുപ്പേരികളും പപ്പടവും പായസവും കൂട്ടിയുള്ള ഊണ്. മൃഷ്ട്ടാന്നഭോജനം. കുട്ടികൾക്കായി ഒരോണം പിള്ളേരോണം. അത്തം മുതൽ പത്തു നാൾ പൂവിടീൽ. പത്താം നാൾ തിരുവോണം ഇതാണ് ഓണത്തിന്റെ ചിട്ടവട്ടങ്ങൾ.
കലൻഡറിൽ ഒന്നാമോണം എന്നു പറയുന്നത് ഉത്രാടം ആണ്.' ഉത്രാ ടത്തും നാൾ ഉച്ച തിരിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം' എന്നു കേട്ടിട്ടുണ്ടായിരിക്കുമല്ലോ. പിറ്റേന്നത്തേക്കുള്ള ഓണവിഭവ ങ്ങളിൽ കാലേകൂട്ടി ചെയ്തു വയ്ക്കാവുന്നവ എല്ലാം അന്നുണ്ടാക്കണം. ആയതിനു രാവിലെ തന്നെ സാധനങ്ങൾ അടുപ്പിക്കണം. തൊടിയിലുള്ളത് പറിച്ചെടുക്കണം വാങ്ങേണ്ടതു വാങ്ങണം.തുടക്കത്തിനു മുൻപ് വീടും പരിസരവുംവൃത്തിയാകണം അങ്ങനെ ആ ദിവസം മുഴുവൻ 'നല്ലോണം' പണിയണം.അതാണ് ഒന്നാമോണം നല്ലോണം എന്ന വരി അർത്ഥമാക്കുന്നത്. രണ്ടാം ദിവസമാണ് തിരുവോണം.അന്നു കണ്ടു കാഴ്ചകളുമായി ജന്മിയുടെ വീട്ടിൽ ആശ്രിതർ എത്തുന്ന ദിവസമാണ്. അവർ കാഴ്ചയുമായി എത്തുമ്പോൾ വീട്ടുകാർ ഓണക്കോടിയും പണവും സമ്മാനമായി നൽകും. അതാണ് രണ്ടാമോണം കണ്ടോണം എന്ന വരി കൊണ്ട് അർത്ഥമാക്കുന്നത്.മൂന്നാമോ ണം മുക്കീം മൂളീം.മൂന്നാം ഓണമാകുമ്പോൾ ഓടിക്കളിച്ച
വരും ഓടിനടന്നു ജോലിയെടുത്ത വരും ഉണ്ണാനുള്ളവരും ഊട്ടാനുള്ളവരും ക്ഷീണിച്ച് അവശരാകും.അപ്പോൾ പിന്നെ മുക്കീം മൂളീമല്ലാതെ കാര്യങ്ങൾ നീങ്ങുമോ? നാലാം ഓണമാകു മ്പോൾ ക്ഷീണമൊക്കെ മാറും. ഊണു മേശയിൽ എത്തുമ്പോഴാണ് വിവരം അറിയുന്നത്.ഒന്നും പുതിയതില്ല. ഓണം മുതൽ ഇങ്ങോട്ട് ഒരേ ഐറ്റം,കൂട്ടാനുള്ളതും കൂട്ടുകറിയും പായസം വരെയും .
പിന്നെ നക്കിത്തുടയ്ക്കാതെ എന്തു ചെയ്യും?