ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യമലയിൽ പതിയിരുന്ന ദുരന്തം
തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാൻതോട്ടിൽ മാലിന്യംനീക്കുന്നതിനിടെ തൊഴിലാളി മരിച്ച സംഭവം കേരളത്തിനാകെ തീരാവേദനയായി . ഒരു നാട് അതിന്റെ മാലിന്യനീക്കം കൈകാര്യംചെയ്തതിൽ വന്ന ഭീകരമായ പാളിച്ചയായിരുന്നു ജോയി എന്ന മനുഷ്യന് തന്റെ ജീവൻ നഷ്ടമാകാനിടയാക്കിയത് .
മാലിന്യം കുമിഞ്ഞുകൂടിയ ആമയിഴഞ്ചാൻ തോട്ടില്‍ ശനിയാഴ്ച രാവിലെ ശുചീകരണത്തിനിടയില്‍ മഴവെള്ളപ്പാച്ചിലില്‍ കാണാതായ ജോയി എന്ന നാല്പത്തഞ്ചുകാരന്റെ ജഡം തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തിയെന്ന വാർത്ത ആ കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷകളെ തകർത്തുകളഞ്ഞു. കാണാതായി 46 മണിക്കൂറിനു ശേഷമാണ് മാലിന്യത്തിലുടെ ഒഴുകിപ്പോകുന്ന നിലയിൽ ഈ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്
ജോയിക്ക് വേണ്ടി നടത്തിയ തിരച്ചിലിന്റെ ഭാഗമായി തോട്ടിൽനിന്നു നീക്കിയ ടൺകണക്കിനു മാലിന്യത്തിന്റെ ഉത്തരവാദി നാമോരോരുത്തരും തന്നെ . പുഴയിലും നദിയിലും വീടിന്റെയും റോഡിന്റെയും പരിസരങ്ങളിലും ഉത്തരവാദിത്വരഹിതമായി ഉപേക്ഷിക്കുന്ന ഖരമാലിന്യത്തിന്റെ തോത് എത്ര ഭീമമാണ് എന്ന ഓർമ്മപ്പെടുത്തലായി ആമയിഴഞ്ചാൻതോട്ടിലെ മാലിന്യകൂമ്പാരം.
പൗരബോധമില്ലാത്തതും ശുചിത്വ ബോധമില്ലാത്തതുമായ സമൂഹം പ്രകൃതിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന ആഘാതം എത്ര ഭീകരമാണെന്ന് തോട്ടിൽനിന്നു പുറത്തേക്കുവലിച്ചിട്ട മാലിന്യമല ഓർമിപ്പിക്കുന്നു . ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ജോയിയെ കാണാതായത് മുതല്‍ ഞായറാഴ്ച രാത്രി വരെ വിവിധ സേനാംഗങ്ങള്‍ ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. മനംമടുപ്പിക്കുന്നതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ തങ്ങളുടെ ജീവനെ പോലും പരിഗണിക്കാതെ മാലിന്യകൂമ്പാരത്തിൽ നിന്നുകൊണ്ട് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട സേനാംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കൊച്ചിയില്‍ നിന്നുള്ള നാവികസംഘം തിങ്കളാഴ്ച തിരച്ചിലിന് ഒരുങ്ങുന്നതിനിടയിലാണ് ജഡം കണ്ടെത്തിയ വിവരം ലഭിക്കുന്നത്.
ജോയിയുടേത് സ്വാഭാവികമായി സംഭവിച്ച മരണമല്ല പൊതു സമൂഹത്തിന്റെയും അധികാരികളുടെയും ഉത്തരവാദിത്വമില്ലായ്മകൊണ്ട് സംഭവിച്ച മനുഷ്യക്കുരുതിയായി വേണം കരുതാൻ. ചെയ്യേണ്ട ജോലി വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാതിരുന്നവർ ദുരന്തമുണ്ടായ ശേഷം പരസ്പരം പഴിചാരുന്നത് വീഴ്ചകൾ മറച്ചുവയ്ക്കാൻ മാത്രമാണ്.
ദിവസക്കൂലിയായിക്കിട്ടുന്ന 1500 രൂപ കൊണ്ട് വീട്ടുചെലവുകള്‍ നിർവഹിക്കാൻ വേണ്ടിയാണ് ജോയി കാനയില്‍ മാലിന്യം വാരാനെത്തിയത്. പെരുമഴയിൽ പെട്ട് കാല്‍ വഴുതി മാലിന്യത്തിനടിയില്‍ പെട്ടുപോയ ജോയിമരണത്തിന് കീഴടങ്ങുകയായിരുന്നു.ജോയിയെ കാണാതായതോടെയാണ് നഗരത്തിലെ മാലിന്യഭീഷണി പുറംലോകത്തേക്കു വെളിപ്പെട്ടത്. ഇത് തിരുവനന്തപുരത്തെ മാത്രം കാര്യമല്ല, മറ്റിടങ്ങളിലും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല . പൊതു ഇടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യപ്പെടാതെ നഗരത്തിലെ ഓവുചാലുകളിലും തുറന്ന കാനകളിലും തോടുകളിലും കായലുകളിലുമായി കെട്ടിനില്‍ക്കുന്നത്.
ജോയിക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതിനിടെ നഗരസഭയും റെയില്‍വേയും ജലസേചന വകുപ്പും പരസ്പരം പഴിചാരി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാൻ നിന്ദ്യമായ രീതിയിൽ ശ്രമിച്ച് പരിഹാസ്യരാകുന്നതും കണ്ടു.
പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്ന ശീലം ആളുകള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഇനിയും ജോയിമാർ മാലിന്യമലകളിൽ അകപ്പെടും. മാലിന്യശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും കാര്യത്തിൽ കൂടുതൽ കർമ്മപദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ട്. നഗരസഭയും തദ്ദേശവകുപ്പും ഇതിന് നേതൃത്വം നൽകണം . മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിച്ച് നഗരമാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്കരിക്കാൻ പദ്ധതിയുണ്ടാവണം.
ഈ ദുരന്തം ഒരു തിരിച്ചറിവായി ശുചിത്വ ബോധത്തിന്റെ കാര്യത്തിൽ എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ് .