പെൺ പ്രണയം : മിനിക്കഥ

പെൺ പ്രണയം : മിനിക്കഥ

 

റോയ്‌ പഞ്ഞിക്കാരൻ

 

പെൺ പള്ളിക്കൂടത്തിന്റെ പടിയിറങ്ങുമ്പോൾ അവൾ തീരുമാനിച്ചു, ഇനി mixed കോളേജിലെ പഠിക്കൂ എന്ന് .  ആ ഓർമ്മകൾ അവളെ പുളകമണിയിച്ചു . വരാനിരിക്കുന്ന വസന്തകാലത്തിലെ പൂക്കളുടെ സൗരഭ്യം ഊണിലും ഉറക്കത്തിലും അവളനുഭവിച്ചു .  പോലീസ്‌കാരനായ അച്ഛൻ പറഞ്ഞു നീ വിമൻസ് കോളേജിൽ തുടർപഠനം നടത്തിയാൽ മതിയെന്ന് .  അമ്മ വടി എടുത്തു . അതവൾ  ഒടിച്ചു കളഞ്ഞു . ചേട്ടന്റെ ഭീഷണിയിലും അവൾ വീണില്ല. ഇല്ല ,അവൾ വാശി പിടിച്ചു .  മീശപിരിച്ച  അച്ഛൻ അവസാനം മീശ താഴ്ത്തി വെച്ചു. അവളുടെ വാശി ജയിച്ചു . 

Mixed കോളേജിലെ ആദ്യദിനം .  ഹിപ്പികളുടെ കാലം . ചെവികൾ മൂടി തഴച്ചു വളർന്നു നിൽക്കുന്ന ആൺകുട്ടികളെ കണ്ടു അവളുടെ മനസ്സിൽ കട്ടികൂടിയ അവലോസുണ്ട പൊട്ടി . 

ചിരിച്ചു  കാണിച്ച ആണ്കുട്ടികളെയൊക്കെ അവൾ മനസ്സിൽ ചിരിക്കാതെ തന്നെ വരച്ചിട്ടു. പ്രണയ മന്ത്രങ്ങൾ സംഗീതമായി അവളുടെ ചുണ്ടുകളിൽ തത്തി കളിച്ചു . അതേറ്റു പാടാത്ത തോഴിമാരെ അവൾ അകറ്റി നിർത്തി. പ്രണയത്തിന്റെ പൂക്കൾ അവൾ മനസ്സിൽ ചോദിച്ചു വാങ്ങി . ദിനങ്ങൾ കടന്നുപോയി . അവളുടെ പ്രണയത്തിന്റെ പൂക്കൾ ആവോളം അവൾ അവളാഗ്രഹിച്ച ആൺകുട്ടികളുടെ മേൽ വാരി വിതറി. 

സുന്ദരിയായ അവളുടെ പൂക്കൾ എല്ലാവരും ആലോലം പാടി അതേറ്റു വാങ്ങി. തിങ്കൾ മുതൽ വെള്ളി വരെ ഓരോരുത്തരെ മാറി മാറി അവൾ പ്രണയിച്ചു. ഒപ്പം പഠനത്തെയും. നല്ല നിലയിൽ വിജയിച്ചു . അവസാനം മീശ പിരിച്ച അച്ഛൻ കണ്ടെത്തിയ ആളിനെ വരണ മാല്യം ചാർത്തി. കാലം 

ഒരുപാട് കടന്നുപോയി . ഋതുക്കൾ മാറി മാറി വന്നു. ഇന്നിപ്പോൾ മുടിയിഴകളിൽ നര തുടങ്ങി.  എങ്കിലും പ്രണയത്തിന്റെ ആവേശം അവളിൽ കെട്ടടങ്ങിയിട്ടില്ല.  സുഖ ജീവിതത്തിലും മനസ്സിന്റെ വർണാക്ഷരങ്ങളിൽ പുഴകളെയും പൂമ്പാറ്റകളെയും പൂക്കളെയും  പൂമലകളെയും  അവൾ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു .