പ്രണയത്തിന്റെ ഹരിച്ചന്ദനം; യുവകവി ഹരിലാൽ പുത്തൻപറമ്പിലുമായി അഭിമുഖം; തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ Lesotho

പ്രണയത്തിന്റെ ഹരിച്ചന്ദനം;  യുവകവി ഹരിലാൽ പുത്തൻപറമ്പിലുമായി  അഭിമുഖം; തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ Lesotho


 

ഇന്നത്തെ അഭിമുഖം, കാല്പനീക കവിതകൾക്ക് പുതിയമാനം നൽകി വർണ്ണച്ചിറകുമായി പാറിപ്പറക്കുന്ന ഹരി ഹരിലാൽ പുത്തൻ പറമ്പിൽ എന്ന യുവകവിയുമായി.
 

ഹരി സ്വയം പരിചയപ്പെടുത്തട്ടെ.

 

ലപ്പുഴ ജില്ലയിലെ എടത്വായാണ് എന്റെ നാട്. കോയിൽമുക്ക്, എടത്വാ, എരുമേലി, ഡൽഹി എന്നിവിടങ്ങളിൽ പഠനം. ഡൽഹിയിൽ പ്രൈവറ്റ് നഴ്സിംഗ് സബ്ഏജന്റായി ജോലി ചെയ്യുന്നു. ഇപ്പോൾ ഒരു വർഷമായി നാട്ടിലുണ്ട്.

സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ എഴുതുമായിരുന്നു. കൂടുതലും പാട്ട്, ചെറുനാടകങ്ങൾ ഇവയൊക്കെ. പക്ഷേ അവയൊന്നും സൂക്ഷിച്ചു വയ്ക്കണം എന്നതിനേക്കുറിച്ചന്ന് ചിന്തിച്ചിരുന്നില്ല. കവിതകൾ എഴുതിത്തുടങ്ങിയിട്ട് വളരെ കുറച്ചേ ആയിട്ടുള്ളൂ. ആദ്യമൊക്കെ പലരുടേയും കവിതകൾക്ക് മറുവരി എഴുതിത്തുടങ്ങി. പിന്നീട് പ്രണയിനിക്ക് വേണ്ടി മാത്രം എഴുതിത്തുടങ്ങി.
ഒരു ‘സബ്ജക്ട്’ തിരഞ്ഞെടുത്ത് എഴുതാറില്ല. അറിയുകയുമില്ല. പ്രണയത്തിന്റെ വർത്തമാന അവസ്ഥ എന്തോ അതെന്നിൽ/ ഞങ്ങളിൽ തീവ്രമാവുമ്പോൾ, കവിതയെന്നിൽ സംഭവിക്കുന്നു.

 

  ചോദ്യങ്ങളിലേക്ക്......  

 

അജയ് നാരായണൻ – പ്രണയത്തിന്റെ വിവിധഭാവങ്ങൾ പലതലങ്ങളിലൂടെ സഞ്ചരിക്കുന്ന രതിനിർവേദങ്ങൾ താങ്കളുടെ കവിതകളിൽ പരീക്ഷിച്ചിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഹരി പ്രണയകവിതകൾ ഒരു മാതൃകയായി എഴുത്തിൽ സ്വീകരിക്കുന്നത്?

ഹരി - അതിൽ ചില കാര്യങ്ങൾ ഉണ്ട്. ആനുകാലിക സംഭവങ്ങളേയും, ക്ലിപ്തമായ ഒരു വിഷയത്തേയും കുറിച്ചെഴുതുമ്പോൾ അവിടെ കവിത സംഭവിക്കണമെന്നില്ല.
അതോടൊപ്പം നല്ല പദസമ്പത്ത്, അനുഭവങ്ങൾ, പരന്ന വായന ഇതൊക്കെ ഒരു എഴുത്തിനുവേണ്ടുന്ന അടിസ്ഥാന കാരണങ്ങളായി ഞാൻ കാണുന്നു. ഞാൻ ഇതെല്ലാം വളരെ കുറഞ്ഞ വ്യക്തിയാണ്.
മാഷേ ഞാൻ മുൻപ് പറഞ്ഞല്ലോ; എന്റെ എഴുത്ത് എന്നത് തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. ഒന്നും ’pre – planned’ അല്ല. ആ നേരത്തെ അവസ്ഥയെന്തോ അതിലൂടെന്നിൽ കവിത. സംഭവിക്കുന്നു.
പ്രണയം എന്നത് എല്ലാരും എഴുതി ക്ലീഷേ ആയൊരു കാര്യമാണ്. അതിൽ എന്റെതായൊരിടം അതും ഏറ്റം പ്രിയപ്പെട്ടൊരാൾക്ക് വേണ്ടി... എന്നെക്കഴിയുന്നത്ര മനോഹരമായി അത്രമാത്രം.

അജയ് നാരായണൻ – ഒരു വായനക്കാരൻ എന്നനിലയിൽ ഞാൻ താങ്കളുടെ പ്രണയകവിതകളിൽ കാണുന്ന പദപ്രയോഗങ്ങൾ കൗതുകകരമാണ്. ചേലൊത്ത പദങ്ങളുടെ അനിർഗളപ്രവാഹം തന്നെകാണാം.
ഇത് ഒരു ആവർത്തനവിരസതയും ഉണർത്തുമല്ലോ. എങ്ങനെ അഭിമുഖീകരിക്കുന്നു ഈ നിരീക്ഷണത്തെ?

ഹരി - അതെത്ര മാത്രം കൗതുകകരമെന്ന് എനിക്കറിയില്ല. അനർഗ്ഗളനിർഗ്ഗളമല്ല മാഷേ. ചില ബിംബങ്ങൾക്ക് ചുറ്റും കൂടുതൽ ആലങ്കാരികമായി പദങ്ങൾ കൂട്ടിയെഴുതാറുണ്ട് അത് മനപ്പൂർവ്വമല്ല, സംഭവിച്ചു പോകുന്നതാണ്. ആവർത്തന വിരസത എന്നു മാഷ് പറഞ്ഞതിനെ ഞാനൊരു നല്ല വിമർശനമായി അംഗീകരിക്കുന്നു. പലപ്പോഴും ഞാനത് തിരിച്ചറിഞ്ഞിട്ടുമുണ്ട്...
മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രണയകവിതകളിൽ ഞാനതൊരു വിരസതയായി കാണുന്നില്ല. പൂവ്,പൂമ്പാറ്റ, ഉന്മാദം, മഴ, കടൽ, ചുംബനങ്ങൾ, etc., ഇവയൊക്കെ വിശ്വസാഹിത്യങ്ങളിലെ പ്രണയകവിതക ളിൽ പോലും ആവർത്തിക്കുന്നത് കണ്ടിട്ടുണ്ട്.
പിന്നെ എന്റെ ശുഷ്ക്കമായ പദസമ്പത്തും ഇതിനൊരു കാരണമാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

അജയ് നാരായണൻ – നമുക്ക് ഹരിയുടെ "വേട്ട"യിലേക്ക് വരാം. അതിലെ ചില പ്രയോഗങ്ങൾ നോക്കൂ,
പ്രണയശൂന്യതയുടെ രതിയിടം...
അർദ്ധനാരീശ്വരപൂർണത...
വശ്യതയുടെ നിഗൂഢത...
ഈ പ്രയോഗങ്ങൾ മുന്നോട്ട് വയ്ക്കുന്ന ചില കാമനകൾ അനുവാചകരുടെ കല്പനകൾക്കും തീകൊളുത്തും. ശൃംഗാരത്തിന്റെ ഉത്തുംഗശ്രേണിയിലാണ് വായനക്കാരനെ കവിത എത്തിക്കുന്നു. എങ്ങനെ കാണുന്നു ഈ നിരീക്ഷണം?

ഹരി - പ്രണയ ശൂന്യതയുടെ രതിയിടം’, ഇവിടെ കല്പനകൾക്കും ശൃംഗാരങ്ങൾക്കുമപ്പുറം അവനവന്റെ രതിയിടങ്ങളിലേക്ക് ആഴത്തിൽ നോക്കൂ എന്ന് ഞാൻ വിവക്ഷിക്കുന്നു.
“പ്രണയമില്ലാത്ത രതി പാപം തന്നെയാണ്“, എന്ന് ഈ പദവിന്യാസത്തിലൂടെ ഞാൻ തുറന്നു കാട്ടാനാഗ്രഹിക്കുന്നു. പ്രണയമില്ലാത്ത രതി എന്നത് മറ്റൊരു തരത്തിൽ ഒരു *വേട്ട* തന്നെയല്ലേ...
ഇരയെ കീഴടക്കുന്ന ലാഘവത്തോടെ ഒരാൾ മറ്റൊരാളെ വേട്ടയാടുന്നു. അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഒരാൾ മറ്റൊരാളുടെ ഉപകരണമായി, ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നു.
ഇവിടെ രണ്ട് വ്യക്തികളുടെ ഹൃദയങ്ങളിൽ ഒരിക്കൽപോലും ‘പ്രണയത്തിന്റെ വസന്തം’ തളിരിടുന്നില്ല എന്നതല്ലേ സത്യം ഒരാളിൽ ക്ഷണഭംഗുരമായ കാമവും മറ്റൊരാളിൽ അറപ്പും വെറുപ്പും. മറിച്ച് പ്രണയത്തിന്റെ ‘എക്സ്ട്രീം ലെവൽ’ നിറഞ്ഞു തുളുമ്പുന്ന രതിയിൽ പരസ്പരം പങ്കുവയ്ക്കലുകളും പ്രണയത്തിന്റെ ഉത്തുംഗതലങ്ങളിൽ രതി ഉന്മാദമാവുന്നു. അതില്ലാതാവുമ്പോൾ വേട്ടയും. അതല്ലേ സത്യം.
രതി എന്നത് പ്രണയത്തിലെ ഒരംശം മാത്രമേ ആവുന്നുള്ളു. അവൾ ആഗ്രഹിക്കുന്നത് സ്നേഹത്തിന്റെ ഏറ്റവും ആഴത്തിലുള്ള ഒരു സ്പർശനമാവാം, ഒരു വാക്കാവാം, ഒരു നോട്ടമാവാം, അംഗീകാരമാവാം.
വശ്യതയുടെ നിഗൂഡത, ആഗോള ലൈംഗികതയുടെ അനന്തതയെ തൊട്ടു എന്നു ശാഠ്യം പിടിക്കണ അഭിനവകവികളുള്ള ഇക്കാലത്ത് ഇതെങ്ങനെ വിശദീകരിക്കും എന്നെനിക്കറിയില്ല. കാരണം, നമ്മുടെ ലൈംഗീകചോദനകൾ എന്നും മറച്ചുവയ്ക്കപ്പെട്ടതോ തമസ്കരിക്കപ്പെട്ടതോ ആണ്. ഈ നൂറ്റാണ്ടിലും സ്ത്രൈണതയുടെ കാമനകൾക്ക്മേൽ _പാടില്ല_ എന്നടിച്ചമർത്തി അതിരുകൾ നിശ്ചയിച്ചതാരാണ്..? വശ്യമായതെന്തും എന്നും നിഗൂഡം തന്നെയാണ് എന്നതല്ലേ ശരി? സ്ത്രീ ശരീരത്തിന്റെ വശ്യതകൾ ഒളിപ്പിച്ചു വച്ചതും എന്നും വ്യത്യസ്തവും അജ്ഞാതവുമാണ്. പലർക്കും പല രീതിയിൽ അനുഭവവേദ്യവും.
അനുവാചകന്റെ കാമനകളെ ദ്യോതിപ്പിക്കുക എന്നത് _കൊമേഴ്സ്യൽ സ്ട്രാറ്റജി_ എന്നു ഞാൻ വിശ്വസിക്കുന്നു. ഇവിടെ അത് യഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ശൃംഗാരത്തിന്റെ ഉത്തുംഗശ്രേണിയിൽ നിന്നും ഈ കവിത വായിക്കുന്ന ഒരാൾ ഇതിനു ശേഷമുള്ള രതിയിൽ പ്രണയം നിറയ്ക്കുന്നുവെങ്കിൽ വശ്യമായ ആ നിഗൂഡത അവർക്ക് കരഗതമാകും എന്നേ എനിക്ക് പറയാനാവൂ.
അതുതന്നെയാണ് ഈ രചനയുടെ വിജയവും. “എന്നെ പ്രണയത്തോടെ ഭോഗിക്കൂ” എന്നൊരു പാതിയും പറയുമെന്നെനിക്കു തോന്നുന്നില്ല. കാരണം അതൊരു ഭയം തന്നെയാവാം. ചിലതൊന്നും പറഞ്ഞല്ല അറിഞ്ഞുതന്നെ ചെയ്യുക എന്നേ പറയാൻ കഴിയൂ.

അജയ് നാരായണൻ – ഇന്ന് ചർച്ചയ്‌ക്കെടുക്കുന്ന വേട്ട എന്ന കവിതയിലേക്കുള്ള ഹരിയുടെ യാത്ര ഒന്നു ചുരുക്കി വിശദീകരിക്കാമോ?

ഹരി - ഏറ്റം പ്രിയപ്പെട്ട ഒരാളുടെ ജീവിതം എന്നോട് പറഞ്ഞപ്പോൾ ഏറ്റം വേദനിച്ച് സംഭവിച്ച കവിത. ഇതിൽ അവരാഗ്രഹിച്ചതും അവർക്ക് കിട്ടിയതും ഇന്നും അവർ ആഗ്രഹിക്കുന്നതുമായ ജീവിതം എന്തെന്ന് പച്ചയായി വരച്ചിടാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം

അജയ് നാരായണൻ – ഹരിയുടെ എഴുത്തുവഴികളിൽ പ്രണയകവിതകൾക്ക് ആരാണ്, എന്താണ് ഒരു മാതൃക എന്നു വിശദീകരിക്കാമോ?

ഹരി - മാതൃക എന്നൊന്നില്ല എന്നതാവും സത്യം. പക്ഷേ ’പ്രചോദനം’, ഒരുപാട്പേരുണ്ട്, വിശ്വസാഹിത്യത്തിന്റെ ഒരു മണൽത്തരിയിൽ മാത്രം തൊടാൻ സഹായിച്ച എന്റെ പ്രിയപ്പെട്ടവൾ, ഖലീൽ ജിബ്രാൻ, നെരൂദ, കാഫ്ക, കീറ്റ്സ് തുടങ്ങിയവരുടെയെല്ലാം പ്രണയ കവിതകൾ ഇതിൽ പെടും.
ഇന്ന് പല ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിൽ എഴുതുന്നവരുടെയൊക്കെ കവിതകൾ പ്രചോദനമായിട്ടുണ്ട്

അജയ് നാരായണൻ – ഒരെഴുത്തുകാരനു സമൂഹത്തോടൊരു കടപ്പാടുണ്ട്, ആ നിലക്ക് എഴുത്തിൽ പുതിയ പരീക്ഷണങ്ങൾ, പ്രണയത്തിനപ്പുറം സമൂഹത്തിൽ നടമാടുന്ന ചില അവസ്ഥകൾ ഇതൊക്കെയും കവിതയിൽ അവതരിപ്പിക്കേണ്ട ചുമതലയെ ഹരി എങ്ങനെ കാണുന്നു?

ഹരി - ഇതൊരു വലിയ ചോദ്യമാണ് മാഷേ. എന്റെ ഉത്തരം അത്ര പെട്ടന്നാർക്കും ദഹിക്കാനും ഇടയില്ല. ഞാൻ മുൻപ് പറഞ്ഞതുപോലെ
എന്നിൽ കവിത സംഭവിക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. അത് പ്രണയമാവാം മറ്റെന്തുമാവാം. അല്ലാതെ കാണുന്നതിനെ എല്ലാം കവിതയാക്കി _’എഴുതി’_ കവിയാവാൻ എനിക്ക് താത്പര്യമില്ല. എന്നിലൂടെ ഒരു കവിത ജനിക്കണമെന്ന് വിധിയുണ്ട് എങ്കിലത്, ഞാൻ ഏതവസ്ഥയിലായിരുന്നാലും അതു സംഭവിക്കുകതന്നെചെയ്യും അതിനെരാത്മാവുണ്ടാവും; അതു സംവേദനക്ഷമവുമാവും
സമൂഹത്തിനെ എഴുതി ഉദ്ധരിക്കേണ്ടുന്ന ചുമതല എഴുത്തുകാരനിൽ നിക്ഷിപ്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ഒരു പ്രതികരണത്തൊഴിലാളി ആവാനും ഇപ്പോൾ താത്പര്യമില്ല. നാളെയത് സംഭവിച്ച് കൂടായ്കയുമില്ല

അജയ് നാരായണൻ
ഒരു പുസ്തകം ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ്, ചുമതലയാണ്. എന്താണ് ഹരിയുടെ പ്ലാൻ?

ഹരി - ഇത് വേദന നല്കുന്നൊരു ചോദ്യമാണ്. എന്റെ പുസ്തകം, അങ്ങനെ ആഗ്രഹിക്കാത്ത ആരുമില്ല. തത്ക്കാലത്തേക്ക് ഞാനാ ആഗ്രഹം മാറ്റി വച്ചിരിക്കുന്നു...
‘’വിതയ്ക്കാനൊരു കാലം കൊയ്യാനൊരു കാലം ഉണ്ണാനുമുടുക്കാനുമൊരു കാലം” എന്നല്ലേ.

അജയ് നാരായണൻ - ഹരി, ഇനിയുള്ള എഴുത്തുവഴി ഭാസുരമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

 

ഹരിയുടെ "വേട്ട" വായിക്കാം 
 

വേട്ട
=====
ണ്ണിൽ, കവിളിൽ, കഴുത്തിൽ
ചുണ്ടിൽ പിന്നെ വശ്യതയുടെ നിഗൂഡതകളിൽ...
നിന്റെ ചുംബനങ്ങളൊക്കയും പൊള്ളിത്തിണുർത്തെന്നിൽ നോവേറ്റിയത്
ചുംബിക്കുമ്പോൾമാത്രം പൂവും
മടുത്തപ്പോൾ നിനക്ക്
ഞാൻ വെറും പച്ച മാംസമായതുകൊണ്ടാവാം!

നിറഞ്ഞകാമം ഒഴുക്കാൻ
നീയെന്റെ ഉടൽപുണരുന്നു...
എന്റെ മുടിയിലും മുലയിലും നിന്റെ കാടത്തത്തിന്റെ കൈവിരലുകൾ…
എന്നിട്ടും നീ കാണാതെ ഉമ്മക്കുളിരുകൾ കാത്തുകിടന്ന മറുകിടങ്ങൾ...
എന്റെയാത്മാവിൽ പെയ്യാത്ത നിന്റെ മൃതമൗനങ്ങൾ...
സ്നേഹത്തിന്റെ ആഴങ്ങളിൽ ഞാൻ എന്നെ നിനക്കു നല്കാൻ വ്രതം നോറ്റിരുന്നു...
പ്രണയ ശൂന്യതയുടെ രതിയിടങ്ങളിൽ കാര്യണ്യമില്ലാതെ
നീയെന്നെ ഇന്നും വേട്ടയാടുന്നു...

സ്നേഹം, പ്രണയം, വിശ്വാസം, രതി...
നീയെന്നിൽ വെറുപ്പുളവാക്കിയ വിശുദ്ധ വാക്കുകൾ...
ചുംബനങ്ങൾ ആത്മാവിൽ നിന്നൊഴുകട്ടെ.....
ആലിംഗനങ്ങളിൽ ഹൃദയമിടിപ്പുകളിണചേരട്ടെ...
ഇനിവരും കാലങ്ങളിൽ നിന്റെ മറുപാതിയിലെന്റെയുടൽ
പാതിചേർത്തിനിയൊരർദ്ധനാരീശ്വര പൂർണ്ണതയാവാൻ കൊതിപ്പൂ ഞാൻ...

 

ഹരിലാൽ പുത്തൻപറമ്പിൽ

 

അഭിമുഖം തയ്യാറാക്കിയത് ഡോ. അജയ് നാരായണൻ